• HOME
 • »
 • NEWS
 • »
 • kerala
 • »
 • ബെംഗളൂരുവിലെ പ്രതിപക്ഷ ഐക്യനിരയുടെ ഫോട്ടോയിൽ പിണറായി വിജയൻ വരുന്നതിനെ പേടിക്കുന്നതാര്?

ബെംഗളൂരുവിലെ പ്രതിപക്ഷ ഐക്യനിരയുടെ ഫോട്ടോയിൽ പിണറായി വിജയൻ വരുന്നതിനെ പേടിക്കുന്നതാര്?

സംഘപരിവാറിനെയും ബിജെപിയും കടന്നാക്രമിക്കാൻ ഒരിക്കലും മടികാണിക്കാത്ത പിണറായി വിജയനെ ഇത്തരമൊരു ചടങ്ങിൽ നിന്നൊഴിവാക്കിയതിലൂടെ കോണ്‍ഗ്രസ് നൽകുന്ന സന്ദേശം എന്താണെന്നാണ് ചോദ്യം

 • Share this:

  ബിജെപിയെ ശത്രുപക്ഷത്ത് കാണുന്ന, രാജ്യത്തെ വലുതും ചെറുതുമായ രാഷ്ട്രീയ കക്ഷികളെ സന്തോഷിപ്പിക്കുന്ന ഫലമായിരുന്നു കര്‍ണാടകയിലേത്. വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായി കെട്ടിയുയർത്തുന്ന പ്രതിപക്ഷ ഐക്യനിരയ്ക്ക് കരുത്തേകുന്ന ഫലം. അതുകൊണ്ടുതന്നെയാണ് കർണാടകയിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ വലിയ ക്യാൻവാസാക്കി മാറ്റാൻ കോൺഗ്രസ് തയാറായത്.

  എന്നാൽ, രാജ്യത്തെ പ്രമുഖരായ കക്ഷി നേതാക്കളെയും മുഖ്യമന്ത്രിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചപ്പോഴും കേരള മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സംസ്ഥാനത്ത് നിന്നുള്ള ഏറ്റവും മുതിർന്ന പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ മാറ്റിനിർത്തിയതാണ് ഇപ്പോൾ വലിയതോതിൽ ചർച്ചയാകുന്നത്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഒരു എംഎൽഎയോ എംപിയോ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. സംഘപരിവാറിനെയും ബിജെപിയും കടന്നാക്രമിക്കാൻ ഒരിക്കലും മടികാണിക്കാത്ത പിണറായി വിജയനെ ഇത്തരമൊരു ചടങ്ങിൽ നിന്നൊഴിവാക്കിയതിലൂടെ കോണ്‍ഗ്രസ് നൽകുന്ന സന്ദേശം എന്താണെന്നാണ് ചോദ്യം. കേരളത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവിനെയാണ് സിപിഎം നേതാവ് എ കെ ബാലൻ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിൽ നിർത്തുന്നത്.

  യെച്ചൂരിക്ക് ക്ഷണം

  രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ നി​ര​യി​ൽ​നി​ന്ന് 20 നേ​താ​ക്ക​ൾ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​​ങ്കെ​ടുക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കും. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യക്ഷ​യും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി പ​​ങ്കെ​ടു​ക്കി​ല്ല.പ​ക​രം പ്ര​തി​നി​ധി​യാ​യി ലോ​ക്സ​ഭാ ഉ​പ​നേ​താ​വ് ക​കോ​ലി ഘോ​ഷ് ദ​സ്തി​ദാ​ർ എ​ത്തും.

  സ​മാ​ജ് വാ​ദി പാ​ർ​ട്ടി, ജെ ഡി (യു), ആ​ർ​ജെ​ഡി, എ​ൻ​സിപി, ശി​വ​സേ​ന താ​ക്ക​റെ വി​ഭാ​ഗം, നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേതാക്കൾക്ക് പുറമെ സീതാറാം യെച്ചൂരി (സിപി​എം), ഡി രാജ (സിപി​ഐ), മ​ഹ്ബൂ​ബ മു​ഫ്തി (പി​ഡി​പി), എം കെ സ്റ്റാലിൻ (ഡിഎംകെ), വൈ​ക്കോ (എം​ഡി​എം​കെ), തി​രു​മ​ണ​വാ​ള​ൻ (വിസി​കെ), ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ (സി​പി​ഐ – എം​എ​ൽ), ജ​യ​ന്ത് ചൗ​ധ​രി (ആ​ർ​എ​ൽ​ഡി), എ​ൻ ​കെ പ്രേ​മ​ച​ന്ദ്ര​ൻ (ആ​ർ ​എ​സ് ​പി), ജോ​സ് കെ ​മാ​ണി (കേ​ര​ള കോ​ൺ​ഗ്ര​സ്), പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ (മു​സ്‍ലിം ലീ​ഗ്) തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​നെ​ത്തി​യേ​ക്കും.

  Also Read- കർണാടകയിൽ സത്യപ്രതിജ്ഞ ഇന്ന്; പ്രതിപക്ഷനിരയിലെ 20 നേതാക്കൾ; പിണറായിയെ വെട്ടി

  പ്ര​തി​പ​ക്ഷ നി​ര​യി​ലെ ബി​ആ​ർ​എ​സ്, ബിജെഡി, വൈഎ​സ്​ആ​ർ​സി​പി, ആം ​ആ​ദ്മി പാ​ർ​ട്ടി, ബി ​എ​സ് ​പി പാ​ർ​ട്ടി നേ​താ​ക്ക​ളെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടി​ല്ല.

  പിണറായിയെ ഒഴിവാക്കിയതോ?

  2018ൽ ​കോ​ൺ​ഗ്ര​സ്- ജെ ഡി-​എ​സ് സ​ഖ്യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ പി​ണ​റാ​യി വി​ജ​യ​ൻ (കേ​ര​ളം), അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ (ഡ​ൽ​ഹി), മ​മ​ത ബാ​ന​ർ​ജി (പ​ശ്​​ചി​മ​ബം​ഗാ​ൾ), എ​ൻ ച​ന്ദ്ര​ബാ​ബു നാ​യി​ഡു (ആ​ന്ധ്രാ പ്ര​ദേ​ശ്), ബി എ​സ് ​പി അധ്യക്ഷ മാ​യാ​വ​തി തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തി​രു​ന്നു. എന്നാൽ ഇത്തവണ പിണറായി വിജയനെ ഒഴിവാക്കിയത് മനഃപൂർവമാണെന്ന് സിപിഎം കരുതുന്നു. അതൃപ്തി കേന്ദ്രനേതാവ് പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ പരസ്യമാക്കുകയും ചെയ്തു.

  പിണറായിയെ വെട്ടിയത് എന്തിന്?

  ഇന്ന് രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനം കൂടിയാണ്. യുഡിഎഫ് ഇന്ന് വഞ്ചനാദിനമായി ആചരിക്കുന്നു. സർക്കാരിന്റെ ‘ജനവഞ്ചന’യിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരവും നടക്കുകയാണ്. ഇത്തരമൊരു ദിവസം തന്നെ കർണാടകത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിൽ പിണറായി വിജയൻ എത്തുന്നത് തങ്ങൾക്ക് ക്ഷീണമാകുമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കരുതിയാല്‍ അതിനെ തെറ്റ് പറയാനാകില്ല. യുഡിഎഫ് സെക്രട്ടേറിയറ്റ് വളയുമ്പോള്‍ ബിജെപിക്കെതിരായ ഐക്യകാഹളവേദിയിൽ പിണറായി വിജയൻ ഇരിക്കുന്നത്, അത് ടെലിവിഷനുകൾ ‘അവിടെ കല്യാണം, ഇവിടെ പാലുകാച്ചൽ’ എന്ന രീതിയിൽ മാറി മാറി കാണിക്കുന്നത്, ‘കേരളത്തിൽ ഗുസ്തി, പുറത്ത് ദോസ്തി’ (കേരളത്തിൽ ശത്രുവും പുറത്ത് സൗഹൃദവും) എന്ന ബിജെപി ആരോപണത്തെ ശരിവെക്കുന്നതാകും. ഇത് കേരളത്തിൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന തിരിച്ചറവാണ് എല്ലാത്തിനും പിന്നിലെന്ന് വ്യക്തം.

  Also Read- പിണറായിയെ ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയില്ലായ്മയെന്ന് എ.കെ. ബാലൻ; വിമർശനവുമായി ഇ.പി.ജയരാജനും

  പൗരത്വനിയമ ഭേദഗതിയില്‍ അടക്കം അതിശക്തമായി ബിജെപിയെയും കേന്ദ്ര സർക്കാരിനെയും ആക്രമിക്കുന്ന പിണറായി വിജയനെ കേരളം കണ്ടതാണ്. രാജ്യം ശ്രദ്ധിച്ചതാണ്. രാഷ്ട്രീയമായി എതിർപക്ഷത്തുള്ള ന്യൂനപക്ഷത്തിൽ നിന്നുള്ളവർ പോലും രഹസ്യമായെങ്കിലും പിണറായിയെ അംഗീകരിക്കുന്നതിന് കാരണവും മറ്റൊന്നല്ല. ഇതു കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മറ്റാരെക്കാളും നന്നായി അറിയാം. ഇത്തരമൊരു പശ്ചാത്തലത്തിൽ പിണറായി ബിജെപി വിരുദ്ധ ദേശീയ ഐക്യനിരയിൽ കണ്ണിയാകുന്നത്, കേരളത്തിലെ തങ്ങളുടെ രാഷ്ട്രീയ സാധ്യതകളെ ദോഷമായി ബാധിക്കുമെന്ന് കോൺഗ്രസ് കരുതുന്നു.

  വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ, കേരളത്തിൽ 18 സീറ്റിൽ നിന്നും താഴേക്ക് പോകുന്നത് തങ്ങൾക്ക് വലിയ ക്ഷീണമാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ബിജെപിയെ എതിർക്കാനുള്ള പ്രതിപക്ഷ നേതൃനിരയിലേക്ക് പിണറായി വിജയൻ കൂടി എത്തിയാൽ തങ്ങൾക്ക് ലഭിക്കാനുള്ള ന്യൂനപക്ഷ വോട്ടുകളെ, പ്രത്യേകിച്ച് മുസ്ലിം വോട്ടുകളെ ബാധിക്കുമെന്ന് കോൺഗ്രസ് ഭയക്കുന്നു.

  മാത്രമല്ല, എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് പിണറായി വിജയനെ പ്രതിക്കൂട്ടിൽ നിർത്തി അതിശക്തമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം ഉയർത്തിയത്. ഇതിന്റെ പേരിൽ സംസ്ഥാനത്തുടനീളം വലിയ സമരങ്ങൾ നടന്നു. കരിങ്കൊടി സമരങ്ങൾ ഇപ്പോഴും തുടരുകയുമാണ്. ഇത്തമൊരു സന്ദർഭത്തിൽ പിണറായി വിജയനെ കോൺഗ്രസ് വേദിയിലെത്തിക്കുന്നത്, കേരളത്തിൽ എങ്ങനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. പ്രത്യേകിച്ച്, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ തേടാൻ ബിജെപി കിണഞ്ഞു പരിശ്രമിക്കുന്ന ഈ ഘട്ടത്തിൽ. അഴിമതി വിഷയത്തിൽ ഭരണ-പ്രതിപക്ഷം സന്ധിചെയ്യുന്നുവെന്ന ആരോപണത്തിന് വളംനൽകുന്ന ഇത്തരമൊരു നീക്കം ആത്മഹത്യാപരമായിരിക്കുമെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു.

  കോൺഗ്രസിന്റെ മറുപടി

  കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്നെ രംഗത്തെത്തി. പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും സിപിഎം ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറയുന്നു. ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ അതാത് പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരാണെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സംബന്ധിച്ച് അദ്ദേഹമാണ് പാര്‍ട്ടിയുടെ നേതാവ്. പ്രതിപക്ഷ ചര്‍ച്ചയിലാണെങ്കിലും പാര്‍ട്ടി നേതാക്കളെയാണ് ക്ഷണിക്കാറുള്ളത്. ചടങ്ങിലേക്ക് എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു.

  Published by:Rajesh V
  First published: