• HOME
 • »
 • NEWS
 • »
 • kerala
 • »
 • പത്മശ്രീ പുരസ്കാര ജേതാവ് ഡോ.കെ എസ് മണിലാൽ ആരാണ്?

പത്മശ്രീ പുരസ്കാര ജേതാവ് ഡോ.കെ എസ് മണിലാൽ ആരാണ്?

''കേരളചരിത്രത്തിലെ വിലപ്പെട്ട ഒരധ്യായം വീണ്ടെടുത്ത് നൽകാൻ സ്വന്തം ജീവിതം സമർച്ച ഡോ.മണിലാലിന് ഉചിതമായ അംഗീകാരം നൽകാൻ നമ്മുടെ ഭരണസംവിധാനം ഇതുവരെ ശ്രമിച്ചിട്ടില്ല''

News18 Malayalam

News18 Malayalam

 • Share this:
  ഡോ.ബി. ഇക്ബാൽ

  ഡോ കെ എസ് മണിലാൽ സാറിന് വളരെ വൈകിയാണെങ്കിലും എന്നേ അർഹാമായിരുന്ന പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്.

  കോഴിക്കോട് സർവകലാശാല സസ്യശാസ്ത്ര വിഭാഗം മേധാവിയും പ്രൊഫസറുമായിരുന്ന ഡോ കെ എസ് മണിലാൽ സസ്യശാസ്ത്ര ഗവേഷണരംഗത്ത് അമൂല്യമായ സംഭാവനകൾ നൽകിയ ജൈവവർഗ്ഗീകരണശാസ്ത്രജ്ഞനാണ്. സൈലന്റ് വാലിയിലെയും സസ്യസമ്പത്തിനെക്കുറിച്ച് ഡോ. മണിലാലിന്റെ നേതൃത്വത്തിൽ നടന്ന വിലപ്പെട്ട പഠനങ്ങളെ കൂടി മുൻ നിർത്തിയാണ് സൈലന്റ് വാലിയിൽ അണക്കെട്ട് പാടില്ലെന്ന നിർണായക തീരുമാനത്തിലേക്ക് അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി എത്തിയത്.

  സാറിന്റെ ഏറ്റവും മികച്ച സംഭാവന ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥസമുച്ചയത്തെ പറ്റി നടത്തിയ പഠനങ്ങളും ഹോർത്തൂസിന്റെ ഇംഗ്ലീഷ് മലയാളം പരിഭാഷകളുമാണ്. കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻ ട്രിക്ക് വാൻ റീഡാണ് (1636-1691) കേരളത്തിലെ ഔഷധ സസ്യങ്ങളെപറ്റി നാട്ട് ചികിത്സകനായിരുന്ന ഇട്ടി അച്യുതന്റെ സഹായത്തോടെ ലാറ്റിൻ ഭാഷയിൽ 12 വാള്യങ്ങളുള്ള ഹോർത്തൂസ് മലബാറിക്കൂസ് പതിനേഴാം നൂറ്റാണ്ടിൽ (1978-1693) പ്രസിദ്ധീകരിച്ചത്. കേരളത്തിലെ ഔഷധ സസ്യ സമ്പത്തിനെക്കുറിച്ച് എഴുതപ്പെട്ട ആദ്യ ഗ്രന്ഥമാണിത്. ഹോളണ്ടിലെ ആംസ്റ്റർഡാമിൽ 1678 ൽ പുസ്തകത്തിന്റെ ആദ്യ വാല്യം അച്ചടിച്ചു. ചരിത്രത്തിലാദ്യമായി മലയാള അക്ഷരങ്ങൾ മുദ്രണം ചെയ്യപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്. ഒരു മലയാള ഗ്രന്ഥത്തിന് വേണ്ടി ഇന്ത്യയിൽ ആദ്യമായി അച്ചടി പുരണ്ടത് പിന്നെയും 133 വർഷം കഴിഞ്ഞാണ്. മുംബയിലെ മുരിയർ പ്രസ്സിൽ അച്ചടിച്ച മലയാളം ബൈബിൾ.

  Also Read- നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിയും സത്യനാരായണൻ മുണ്ടയൂരിനും പത്മശ്രീ

  മറ്റൊരിടത്തും ആലേഖനം ചെയ്യപ്പെട്ടിട്ടില്ലാത്ത കേരളത്തിന്റെ രാഷ്ടീയ സാംസ്കാരിക ഭാഷാ ചരിത്രം കൂടി ഹോർത്തൂസിൽ അന്തർലീനമായിട്ടുണ്ട്. പുസ്തകത്തിന്റെ ആദ്യവാല്യത്തിൽ ചേർത്തിട്ടുള്ള ഇട്ടി അച്യുതന്റെ കോലേഴുത്തിലും പരിഭാഷകനായ ഇമ്മാന്വൽ കാർനെറോസിന്റെ ആര്യെഴുത്തിലുമുള്ള അന്നത്തെ മലയാളഭാഷയിലെഴുതിയ കുറിപ്പുകൾ മലയാള ഭാഷയുടെ വികാസ ചരിത്രം (Linguistic History) പഠിക്കാൻ ശ്രമിക്കുന്ന ഭാഷാ ശാസ്ത്രജ്ഞർക്ക് വിലപ്പെട്ട ഒട്ടനവധി വിവരങ്ങൾ പര്യാപ്തമാണ്. ഏഷ്യൻ ഭൂഖണ്ഡത്തിലുള്ള ഔഷധമൂല്യമുള്ള സസ്യജാലങ്ങളെക്കുറിച്ച് മറ്റെവിടെയും ലഭിക്കാത്ത വിവരങ്ങളാണ് ഹോർത്തൂസിലുള്ളത്. കേരളത്തിലെ 742 ഔഷധ സസ്യങ്ങളുടെ സവിശേഷതകൾ, ഇവ ഉപയോഗിച്ച് ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന രോഗങ്ങൾ, ചികിത്സാവിധിയെ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവയെല്ലാം ഹോർത്തൂസിലുണ്ട്. ഈ വിവരങ്ങൾ പ്രയോജനപ്പെടുത്തി നിരവധി നവീന ഔഷധങ്ങൾ ഗവേഷണം ചെയ്തെടുക്കാനുള്ള അനന്തമായ സാധ്യതകളാണ് നമ്മുടെ മുന്നിലുള്ളത്. ഹോർത്തൂസിൽ സൂചിപ്പിച്ചിട്ടുള്ള ഔഷധ സസ്യങ്ങളുടേയോ ചികിത്സാ വിവരങ്ങളുടേയോ അടിസ്ഥാനത്തിൽ ഔഷധങ്ങൾ വികസിപ്പിച്ചെടുത്ത് പേറ്റന്റെടുക്കാൻ . മറ്റ് രാജ്യങ്ങൾക്ക് മുൻ കൂർ അറിവെന്ന (Prior Knowledge) പേറ്റന്റ് നിയമത്തിലെ വകുപ്പുമൂലം കഴിയെല്ലെന്ന അതീവ പ്രാധാന്യം കൂടി ഹോർത്തൂസിനുണ്ട്.

  ഡച്ച് ഇംഗ്ലീഷ് ഭാഷകളിലേക്ക് ഹോർത്തൂസ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാൻ ഇതിന് മുൻപ് നടന്ന ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ വർഷങ്ങൾ നീണ്ട കഠിന പ്രയത്നത്തിലൂടെയാണ് മണിലാൽ സാർ, ഹോർത്തൂസിന്റെ 12 വാല്യങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുള്ള ഔഷധ സസ്യങ്ങളുടെ ആധുനിക സസ്യശാസ്ത്ര നാമകരണവും ((Botanical Annotation) തയ്യാറാക്കിയത്. പൌരാണിക ലത്തീൻ ഭാഷയിലെ കാലഹരണപ്പെട്ട ചില പദങ്ങളിൽ കുറിക്കപ്പെട്ട വിവരങ്ങൾ നിരവധി ലാറ്റിൻ ഭാഷാപണ്ഡിതന്മാരുടെ സഹായത്തോടെയാണ് പ്രൊ മണിലാൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഹോർത്തൂസിന്റെ ഇംഗ്ലീഷ് (2003) മലയാളം (2005) പരിഭാഷകൾ മണിലാൽ സാറിന്റെ മേൽ നോട്ടത്തിൽ കേരള സർവകലാശാല പ്രസിദ്ധീകരിച്ചു.

  കേരളചരിത്രത്തിലെ വിലപ്പെട്ട ഒരധ്യായം വീണ്ടെടുത്ത് നൽകാൻ സ്വന്തം ജീവിതം സമർച്ച ഡോ.മണിലാലിന് ഉചിതമായ അംഗീകാരം നൽകാൻ നമ്മുടെ ഭരണസംവിധാനം ഇതുവരെ ശ്രമിച്ചിട്ടില്ല. ഹോർത്തൂസ് ഗവേഷണങ്ങളെ മുൻനിർത്തി ഡച്ച് രാജ്ഞി ബിയാട്രിക്സിന്റെ ശുപാർശപ്രകാരം നെതർലാൻഡ് സർക്കാരിന്റെ ഉന്നത സിവിലിയൻ പുരസ്കാരം ഓഫീസർ ഇൻ ദി ഓർഡർ ഓഫ് ഓറഞ്ച് നാസ്സു 2012 മെയ് മാസത്തിൽ സാറിന്റെ വീട്ടിൽ വച്ച് നൽകുകയുണ്ടായി. വനിതാ കൂട്ടായ്മ 'സമത' ഏർപെടുത്തിയ ജൈവജാഗ്രതാ പുരസ്കാരം 2019 ജനുവരി 27ന് ഡോ.മണിലാലിന് നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ നൽകിയിരുന്നു.

  Also Read- ജെയ്റ്റ്ലി, സുഷമ സ്വരാജ് അടക്കം ഏഴ് പത്മ വിഭൂഷൺ; ശ്രീ എം, എൻ ആർ മാധവമേനോൻ അടക്കം 118 പേർക്ക് പത്മഭൂഷൺ

  അഭിഭാഷകനായിരുന്ന കാട്ടുങ്ങൽ എ. സുബ്രഹ്മണ്യത്തിന്റെയും കെ.കെ. ദേവകിയുടെയും മകനായി 1938 സപ്തംബര് 17ന് പറവൂര് വടക്കേക്കരയില് ജനിച്ച മണിലാൽ ചെറുപ്പത്തിൽ പിതാവിന്റെ പഠനമുറിയിൽ കണ്ട ഹോർത്തൂസിനെക്കുറിച്ചുള്ള ഒരു പേപ്പര് ക്ലിപ്പിങിലൂടെയാണ് ഹോർത്തൂസിനെ പറ്റി ആദ്യമായി മനസ്സിലാക്കിയത്. പിന്നീട് അരനൂറ്റാണ്ടിലേറെ കാലം സാർ ഹോർത്തൂസുമായി ബന്ധപ്പെട്ട ഗവേഷണ തപസ്യയിൽ മുഴുകി. ഇന്ത്യൻ സസ്യജാലങ്ങളെക്കുറിച്ചുള്ള അമൂല്യ വിവരങ്ങളടങ്ങിന്നതാണ് ഹോർത്തൂസ് മലബാറിക്കൂസ് എന്നിരിക്കെ മണിലാൽ സാർ ഒഴികെ മറ്റൊരു ഇന്ത്യൻ സസ്യശാസ്ത്രജ്ഞനോ ആയുവേദ ആചാര്യന്മാരോ ഈ വിശിഷ്ഠ ഗ്രന്ഥ സമുച്ചയത്തെ പറ്റി പഠിക്കാനോ ഗവേഷണം നടത്താനോ ശ്രമിച്ചിട്ടില്ല. ഹോർത്തൂസിന്റെ ചരിത്രം, സസ്യശാസ്ത്രം, വൈദ്യശാസ്ത്രം, ഉള്ളടക്കം, പ്രസക്തി തുടങ്ങിയ വിവിധ വശങ്ങളെ പറ്റി സാർ “History and Botany of Hortus Malabaricus (Oxford and IBH New Delhi 1980)“, “ഹോർത്തൂസ് മലബാറികൂസും ഇട്ടി അച്യുതനും“ (കോഴിക്കോട് മെന്റർ ബുക്ക്സ് 1996) എന്നീ രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

  കേരള സർവകലാശാല വൈസ്ചാൻസലറായിരുന്നപ്പോൾ എനിക്കേറ്റവും സംതൃപ്തിയും സന്തോഷവും നൽകിയ അനുഭവം ഹോർത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് പരിഭാഷ 2003 ൽ പ്രസിദ്ധീകരിക്കാൻ അവസരം കിട്ടിയതും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൂടെ ഭാഗമായി മണിലാൽ സാറെന്ന ഗവേഷക പ്രതിഭയുമായി പരിചയപ്പെടാൻ കഴിഞ്ഞതുമാണ്. സുഖമില്ലാതെ കോഴിക്കോട്ടെ വീട്ടിൽ വിശ്രമിക്കുന്ന മണിലാൽ സാറിനെ കഴിഞ്ഞവർഷം ആഗസ്റ്റ് മാസത്തിൽ കാണാനും അല്പം സമയം സംസാരിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു.

  (ഹോർത്തൂസ് മലബാറിക്കൂസിനെപറ്റിയും മണിലാൽ സാർ ഹോർത്തൂസ് ഗവേഷണത്തെപറ്റിയും എന്റെ “എഴുത്തിന്റെ വൈദ്യശാസ്ത്ര വായന“ (ഗ്രീൻ ബുക്ക്സ് 2016) എന്ന പുസ്തകത്തിലെ “എന്നും തളിർക്കുന്ന ഹോർത്തൂസ് മലബാറിക്കൂസും തളിർക്കാത്ത പ്രതീക്ഷകളും“ എന്ന ലേഖനത്തിലും, പുസ്തകസഞ്ചി (ചിന്ത പബ്ലിക്കേഷൻസ് 2017) എന്ന പുസ്തകത്തിലെ “ഹോർത്തൂസ് മലബാറിക്കൂസ്“ എന്ന ലേഖനത്തിലും വിശദമായി പ്രതിപാദിക്കുന്നുണ്ട്. )

  (സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവും കേരള സർവകലാശാല മുൻ വൈസ് ചാൻസലറുമാണ് ലേഖകൻ)
  First published: