തിരുവന്തപുരം: ഭരണഘടനയ്ക്കെതിരായ പരാമർശത്തിന്റെ പേരിൽ മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്ന സജി ചെറിയാന് പകരം ആര് വരും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാംവാർഷികം ഗഭീരമായി ആഘോഷിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് സജി ചെറിയാന് മന്ത്രി പദം രാജിവെക്കേണ്ടി വരുന്നത്. സജി ചെറിയാന്റെ ചുമതലയിലുണ്ടായിരുന്ന വകുപ്പുകൾ ആർക്ക് നൽകണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് സൂചന.
പുതിയ മന്ത്രി ഉടൻ ഉണ്ടാകാൻ ഇടയില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ വകുപ്പുകൾ മുഖ്യമന്ത്രി കൈവശം വയ്ക്കും. അല്ലെങ്കിൽ മറ്റു സിപിഎം മന്ത്രിമാർക്ക് വിഭജിച്ചു നൽകും. പുതിയ മന്ത്രിയെ കൊണ്ടുവരാൻ തീരുമാനിച്ചാൽ ആലപ്പുഴ ജില്ലയ്ക്ക് പ്രാതിനിധ്യവും ഉറപ്പില്ല.
Also Read-
'അന്നം മുട്ടിച്ച മുഖ്യമന്ത്രിക്ക് സമാധാനമായോ? വീണാ വിജയന്റെ ഇടപാടുകളുടെ തെളിവുകൾ കൈവശമുണ്ട്': സ്വപ്ന സുരേഷ്
ഇനി ആലപ്പുഴയിൽ നിന്ന് തന്നെ മന്ത്രി വേണമെന്ന് തീരുമാനിച്ചാൽ യു. പ്രതിഭയോ, പി.പി.ചിത്തരഞ്ജനോ മന്ത്രിയായേക്കും. സജി ചെറിയാൻ അടക്കം ആറ് എംൽഎമാരാണ് ആലപ്പുഴ ജില്ലയിൽ സിപിഎമ്മിനുള്ളത്. അരൂർ എംഎൽഎ ദലീമ ജോജോ, ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ, അമ്പലപ്പുഴയിൽ നിന്ന് എച്ച് സലാം, കായംകുളം എംഎൽഎ യു പ്രതിഭ, മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ എന്നിവരാണിത്. രണ്ട് തവണ എംഎൽഎയായ യു പ്രതിഭയുടെ കാര്യം പാർട്ടി ജില്ലാ ഘടകത്തിന്റെ നിലപാട് അനുസരിച്ചാകും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് അവർ. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി പി ചിത്തരഞ്ജനും സാധ്യതയേറെ.
Also Read-
ഭരണഘടനയ്ക്കെതിരായ പരാമർശം; സജി ചെറിയാനെതിരെ കേസെടുത്തു
ആലപ്പുഴയ്ക്ക് പുറത്തു നിന്ന് ഒരു എംഎൽഎയെ പരിഗണിക്കുകയാണെങ്കിൽ കൂടുതൽ സാധ്യത കണ്ണൂരിൽ നിന്നും എഎൻ ഷംസീറിന്റേതാണ്. കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ പ്രധാന നേതാവും രണ്ട് തവണ എംഎൽഎയുമായ ഷംസീർ നേരത്തേ മന്ത്രി സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മലബാറിൽ നിന്ന് മുഹമ്മദ് റിയാസിന് മന്ത്രിപദം നൽകിയതോടെ ഷംസീറിന്റെ സാധ്യതകൾ മങ്ങി. വീണ്ടുമൊരു മന്ത്രി സ്ഥാനം ഒഴിഞ്ഞു വന്ന സാഹചര്യത്തിൽ ഷംസീർ മന്ത്രിപദത്തിൽ എത്തുമോ എന്നതാണ് കണ്ണൂരിലെ പാർട്ടി പ്രവർത്തകർ ഉറ്റുനോക്കുന്നത്.
സജി ചെറിയാന് പകരക്കാരനായി ഉയർന്നു കേൾക്കുന്ന മറ്റൊരു പേര് കൊല്ലം ജില്ലയിൽ നിന്നു മുകേഷ് എംഎൽഎയുടേതാണ്. രണ്ടാം തവണയും എംഎൽഎയായ മുകേഷിന് മന്ത്രി സ്ഥാനം നൽകിയാൽ സിനിമാക്കാരുടെ മന്ത്രിയായി ഒരു സിനിമ നടൻ തന്നെ രണ്ടാം പിണറായി സർക്കാരിനൊപ്പം ചേരും.
നിലവിൽ മന്ത്രിമാരില്ലാത്ത ജില്ലയായ കാസർഗോഡ് നിന്നൊരു മന്ത്രി എന്ന ആവശ്യവും ഉയർന്നേക്കും. സി എച്ച് കുഞ്ഞമ്പുവിനാണ് കൂടുതൽ സാധ്യത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.