പ്രവാസികളെ മുതലെടുത്ത് തഴച്ചു വളരുന്ന നന്മമരങ്ങൾക്ക് ഓഡിറ്റിങ് വേണ്ടേ?

കഷ്ടപ്പാടിന്റെ വഴികളിലൂടെ കടന്നുപോയ മിക്ക പ്രവാസികളും മനസലിയുന്നവരാണ്, എളുപ്പത്തിൽ സഹായം വാരിക്കോരിക്കൊടുക്കും, ഒന്നും പത്തും നൂറും ആയിരവും പതിനായിരവുമാകും, എത്രയാണ് കൈകൾ മറിഞ്ഞ് ആവശ്യക്കാരനിലെത്തുന്നത് ? എങ്ങനെ പരിശോധിക്കും?

News18 Malayalam | news18-malayalam
Updated: October 15, 2019, 9:17 PM IST
പ്രവാസികളെ മുതലെടുത്ത് തഴച്ചു വളരുന്ന നന്മമരങ്ങൾക്ക് ഓഡിറ്റിങ് വേണ്ടേ?
firoz, jazla
  • Share this:
അപർണ

ആൾദൈവങ്ങൾക്കൊപ്പമാണ് ഇപ്പോൾ നന്മമരങ്ങളുടെ സ്ഥാനം, കുറഞ്ഞ പക്ഷം സമൂഹമാധ്യമങ്ങളുടെ ആ വിർച്വൽ ലോകത്തെങ്കിലും. വിമർശിച്ചാൽ പൊങ്കാല, ആൾക്കൂട്ട ആക്രമണം എന്നിവയ്ക്കൊക്കെ റെഡിയായിരിക്കുന്ന ബിനാമികൾ പേരുള്ളവരും പേരില്ലാത്തവരുമായി ആയിരങ്ങൾ കവിയും. രാഷട്രീയ ചർച്ചകളിൽ ചാനലുകളും പരമ്പരാഗത മാധ്യമങ്ങളും കുരുങ്ങിനിന്നപ്പോൾ സമൂഹമാധ്യമങ്ങളിൽ പക്ഷെ ഏറ്റവുമധികം കയ്യടി നേടിയെടുത്തത് സഹായ വാഗ്ദാനവുമായി എത്തുന്ന വ്യക്തികേന്ദ്രീകൃതമായ വാർത്തകളും സംഭവങ്ങളുമായി മാറിയത് ഈയടുത്തകാലത്താണ്. ഓൺലൈൻ ചാരിറ്റിക്ക് മേൽ  കുമിഞ്ഞ് കൂടുന്ന ലൈക്കുകൾ , ഷെയറുകൾ , തൊട്ട് പിറകെ മാധ്യമങ്ങളുടെ , സെലിബ്രിറ്റികളുടെ ശ്രദ്ധ,പ്രശസ്തി, പിന്നെ ഒഴുകിയെത്തുന്ന സാമ്പത്തിക സഹായപ്പെരുമഴ!

also read:ഫിറോസ് കുന്നും പറമ്പിലിനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

എന്നാൽ സമൂഹമാധ്യമങ്ങൾ സജീവമാകുന്നതിനുമുമ്പേയും  മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ കയറിപറ്റിയ എത്രയോ നന്മനിറ‍ഞ്ഞ  മരങ്ങൾ ഉണ്ടെന്ന് കൂടി പറഞ്ഞുപോകാതെ വയ്യ. ജേർണലിസം പഠിച്ചിറങ്ങുന്ന പുതിയ മാധ്യമപ്രവർത്തകരാണ് ഇവർക്ക് പ്രധാനമായും ഇരയാകുക, സാമൂഹ്യപ്രതിബദ്ധതയിൽ വാർത്തകൾ  ചെയ്യണമെന്ന ആവേശത്തിൽ പഠിച്ചിറങ്ങി, ന്യൂസ് റൂമുകളിലെത്തുന്ന ജൂനിയർ മാധ്യമപ്രവർത്തകർക്ക് മുന്നിൽ  പ്രത്യക്ഷപ്പെടുന്ന സോഴ്സ്, ആധികാരിക ബൈറ്റ് അങ്ങനെയെല്ലാം വിളിക്കാം. വാർത്തകൾക്കൊപ്പം ഈ നന്മമരങ്ങൾക്ക് പറയാനുള്ളതുകൂടി ചേർത്താണ് പിന്നെ ന്യൂസ്
റൂമിലെത്തുക. ഓരോ വാർത്തക്കുമൊപ്പം വളരുന്ന സാമൂഹ്യസംരക്ഷകർ . പിന്നെ ചാനലുകൾ സമൂഹ ശ്രദ്ധ ക്ഷണിക്കുന്ന , സഹായം ലഭ്യമാകേണ്ടവരുള്ള വാർത്തകളിൽ ജനസഹായമൊഴുകി വരുമ്പോൾ , അതിലും ബാധ്യത ഏറ്റെടുക്കാമെന്നറിയിച്ച് എത്തുന്ന റോളുകളിലേക്ക് കൂടിയായി പലരും.

രാഷ്ട്രീയവും വിവാദങ്ങളും തിങ്ങിനിറയുന്ന മാധ്യമങ്ങൾ  സ്വാഭാവികമായും ഈ അതിഥിവേഷത്തെ പ്രോത്സാഹിപ്പിച്ച് തങ്ങളുടെ ചുമതല കയ്യൊഴിയുകയും ചെയ്യും. ഫലത്തിൽ അവിടെയും താരമാകാൻ  നന്മമരങ്ങൾക്ക്  എളുപ്പമാണ്.
അങ്ങനെ പലരും ചെയ്തുപോയ വാർത്തകളിൽ കൂടി വളർന്ന് നിന്നവർ , ഒടുവിൽ  അഴിമതി, തട്ടിപ്പ്, ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് തുടങ്ങിയ ആന്റി ക്ലൈമാക്സിൽ ഒടുങ്ങിതീർന്ന കഥകളും നമുക്ക് മുന്നിലുണ്ട് ധാരളം. സമൂഹമാധ്യമങ്ങൾ സജീവമായപ്പോൾ  കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി മാറി, പ്രത്യേകിച്ച് പ്രവാസികളിൽ നിന്നുളള സഹായം  വാരിക്കോരി കിട്ടാനുള്ള ഏറ്റവും നല്ല കുറുക്കുവഴി കൂടി സാമൂഹ്യമാധ്യമങ്ങളായി മാറിയ സാഹചര്യത്തിൽ . കഷ്ടപ്പാടിന്റെ വഴികളിലൂടെ കടന്നുപോയ മിക്ക പ്രവാസികളും മനസലിയുന്നവരാണ്, എളുപ്പത്തിൽ സഹായം വാരിക്കോരിക്കൊടുക്കും, ഒന്നും പത്തും നൂറും ആയിരവും പതിനായിരവുമാകും. എത്രയാണ് കൈകൾ മറിഞ്ഞ് ആവശ്യക്കാരനിലെത്തുന്നത് ? എങ്ങനെ പരിശോധിക്കും? ഓൺലൈൻ ചാരിറ്റി എന്ന ലേബലിൽ എത്ര സാമൂഹ്യപ്രവർത്തകരാണ് ഇപ്പോൾ  കേരളത്തിലും ഗൾഫ് നാടുകളിലുമായുള്ളത് ?വല്ല കണക്കുണ്ടോ ? എന്തുകൊണ്ടാണ് കൃത്യമായി ട്രസ്റ്റോ ചാരിറ്റബിൾ സൊസൈറ്റിയോ ആയി ഇവർ രജിസ്റ്റർ ചെയ്യാത്തത് ? അങ്ങനെ ഓഡിറ്റിങ്ങിനെ ഒഴിവാക്കുന്നവരല്ലേ കൂടുതലും ? അവർക്കെല്ലാം വന്നുചേരുന്ന സാമ്പത്തിക സഹായങ്ങൾക്ക് കണക്കുണ്ടോ ?

ഇതിൽ തന്നെ ഓരോ നന്മ മരങ്ങളും  ഓരോരോ  തുരുത്താണെന്നതാണ് രസകരമായ വസ്തുത. ഒരു നന്മമരത്തിന് മറ്റൊരു നന്മമരത്തെ കണ്ടുകൂടാ, ഒരു ടീം മറുടീമിനെ കരിവാരിത്തേക്കാൻ  തെളിവുകളും വാർത്തയുമായി സമീപിക്കുന്നതും മാധ്യമപ്രവർത്തകരെതന്നെ. പക്ഷെ വിമർശനങ്ങൾക്കൊക്കെ ഒരേ അസഹിഷ്ണുതയാണ്,ഒരേ ഭാഷയുമായി അനുയായികളും ഇറങ്ങും.

അപ്പുറത്ത് നിൽക്കുന്നത് സ്ത്രീകളാണെങ്കിൽ , മതം വിഷയമാക്കാൻ എളുപ്പമാണെങ്കിൽ പെരുമാറ്റവും വാക്കുകളും ഏത് രീതിയിൽ ആകും എന്നതിന് ഉദാഹരണമാണ് ഫിറോസ് കുന്നുംപറമ്പിൽ ജസ്ല മാടശ്ശേരിക്കെതിരെ നടത്തിയ പരാമർശം. പ്രവാചകനിന്ദ നടത്തിയവളെന്ന വാക്ക് കൂടി ഉപയോഗിച്ച് ആൾക്കൂട്ടത്തെ മറ്റൊരു രീതിയിൽ ചിന്തിപ്പിച്ച് ആക്രമണം ആ വഴിക്കാക്കാനും കഴിഞ്ഞു ഫിറോസ് കുന്നുംപറമ്പിലിന്.

കേസെടുത്തിരിക്കുന്നത് വനിതാകമ്മിഷനാണ്. പൊലീസ് ഇപ്പോഴും അനങ്ങിയിട്ടില്ല. ഒരു ഫിറോസ് കുന്നുംപറമ്പിലിനെ ചുറ്റിതീരുന്നതുമല്ല കാര്യങ്ങൾ. അതിന് അടിവേര് മുതൽ പരിശോധിക്കണം, കൃത്യമായ സാമ്പത്തിക ഓഡിറ്റിങ് നടക്കണം. ഓഡിറ്റിങിന് വിധേയമാകുന്ന ട്രസ്റ്റുകളും സൊസൈറ്റികളും വഴി മാത്രം സാമ്പത്തിക സഹായം നൽകണമെന്ന വ്യവസ്ഥ വരണം, കർശനമാകണം നിയമം. പക്ഷെ ഇതൊക്കെ കേൾക്കാനും നോക്കാനും സോഷ്യൽ മീഡിയക്കുണ്ടാകുമോ സമയം ? അപ്പോൾ കടപുഴകുന്ന മരങ്ങളുടെ സ്ഥാനത്ത് ആയിരങ്ങൾ വേറെ കിളിർക്കും,‍ ആവർത്തിക്കും അതേ കഥ വീണ്ടും.

First published: October 15, 2019, 9:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading