കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലമാണ് എലത്തൂര്‍. ഇത്തവണയും എലത്തൂര്‍ ഇടത്തോട്ട് ചായുമോ അതോ വലതു കൊടുങ്കാറ്റുണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. രണ്ടാം സ്ഥാനത്തിനായി ബിജെപിയും പടയോട്ടം തുടരുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍സിപിയിലെ എ കെ ശശീന്ദ്രന് പ്രചാരണരംഗത്ത് ബഹദൂരം മുന്നിലാണ്. എണ്ണയിട്ട യന്ത്രം കണക്കെ എല്‍ഡിഎഫ് സംവിധാനങ്ങള്‍ എലത്തൂരില്‍ സജീവമാണ്. 2011ല്‍ ജനതാദളിലെ ഷേക് പി ഹാരിസിനെയും 2016ല്‍ കിഷന്ചന്ദിനെയും പരാജയപ്പെടുത്തിയാണ് എ കെ ശശീന്ദ്രന് മണ്ഡലത്തില്‍ വെന്നിക്കൊടി നാട്ടിയത്.
2008ല്‍ കൊടുള്ളി, ബാലുശ്ശേരി, കുന്ദമംഗലം നിയോജക മണ്ഡലങ്ങളെ വിഭജിച്ചാണ് എലത്തൂര്‍ മണ്ഡലം രൂപീകരിച്ചത്. എലത്തൂര്‍ സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമായത് അങ്ങനെയാണ്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടെത്തിയ എ കെ ശശീന്ദ്രന്റെ ഭാഗ്യതട്ടകമായി എലത്തൂര്‍ അങ്ങനെ മാറി. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഏറെ ശ്രദ്ധ നേടിയ മണ്ഡലമായ എലത്തൂരില്‍ മുന്‍തൂക്കം എല്‍ഡിഎഫിന് തന്നെയാണ്. കഴിഞ്ഞതവണ എ കെ ശശീന്ദ്രന് 28,937 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വിജയം സുനിശ്ചിതമാണെന്ന് എകെ ശശീന്ദ്രന് ന്യൂസ് 18നോട് പറഞ്ഞു.
വൈകിയാണെങ്കിലും എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് നല്‍കിയതോടെ ശക്തമായ പ്രതിഷേധവുമായി പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി സുള്‍ഫിക്കര്‍ മയൂരി അംഗീകരിക്കില്ലെന്ന് എം കെ രാഘവന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായിത്തന്നെ പറഞ്ഞു. കെപിസിസി നേതൃത്വം ഇടപെട്ടാണ് പ്രശ്നം സൗമ്യമായി പരിഹരിച്ചത്. സുള്‍ഫിക്കര്‍ മയൂരിയുടെ പ്രചാരണം ദിവസങ്ങളോളം വൈകി. നേതൃത്വം കണ്ണുരിട്ടിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുള്‍ഫിക്കര്‍ മയൂരിക്ക് വേണ്ടി സജീവമായി രംഗത്തിറങ്ങി. മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പക്ഷേ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ എം കെ രാഘവന് 500 വോട്ടുകളുടെ ഭൂരിപക്ഷമാണ് എലത്തൂരില്‍ നിന്ന് ലഭിച്ചത്. ഇത്തവണ മണ്ഡലം ഇങ്ങുപോരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി സുള്‍ഫിക്കര്‍ മയൂരി പറയുന്നു.
എല്‍ ഡി എഫ് കഴിഞ്ഞാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ടി പി ജയചന്ദ്രനാണ് പ്രചാരണരംഗത്ത് മുന്‍പന്തിയില്‍. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുതുമുതല് ടിപി ജയചന്ദ്രന് ചിട്ടയായ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കഴിഞ്ഞതവണ ബിജെപിയിലെ വി വി രാജന് 29,000 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ യുഡിഎഫിലെ പ്രശ്നങ്ങള്‍ മുതലെടുത്ത് പരമാവധി വോട്ടുകള്‍ സമാഹരിക്കാനാകുമെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടല്‍. ബിജെപി മുന്‍ജില്ലാ പ്രസിഡന്റാണ് ടിപി ജയചന്ദ്രന്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് എലത്തൂര്‍. ശക്തമായ മുന്നേറ്റം നടത്താന്‍ എലത്തൂരില്‍ ബിജെപി കഴിയുമെന്ന് സ്ഥാനാര്‍ഥി ടി പി ജയചന്ദ്രന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Ldf, Minister ak saseendran, Udf