#എസ് ലല്ലു
അഹം സിനിമയിൽ നെടുമുടി വേണുവിന്‍റെ കഥാപാത്രമുണ്ട്. ആരും ഒന്നും തന്നില്ല, ഇവിടൊന്നും കിട്ടീല്ല. ഇത് കാണുമ്പോഴെല്ലാം കേരളത്തിലെ സമുദായ നേതാക്കൻമാരെ ഓർമ വരും. അതുപോലാണ് പരാതി. ഒന്നും കിട്ടിയില്ല എന്നല്ലാതെ എന്തെങ്കിലും ഒന്ന് കിട്ടിയെന്ന് ഇതുവരെ ഇവരാരും പറഞ്ഞ് കേട്ടിട്ടുമില്ല. തെരഞ്ഞെടുപ്പ് കാലമാണെങ്കിൽ പിന്നെ പറയാതിരിക്കുകയാണ് ഭേദം. വിലപേശലും ശക്തി തെളിയിക്കലും ഒക്കെയായി ഇവരാടുന്ന വേഷങ്ങൾക്ക് കൈയടിച്ചും പിന്നണി പാടിയും പ്രോത്സാഹിപ്പിക്കുകയാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും. ഓരോ തെരഞ്ഞെടുപ്പിലും ഓരോ നിലപാട് സ്വീകരിച്ചും തരംപോലെ അത് തിരുത്തിയും പരമാവധി വാങ്ങിയെടുത്ത് ഇവർ ആരെയാണ് സേവിക്കുന്നത്?
എട്ടുകാലി മമ്മൂഞ്ഞ് തോറ്റ് പോകും...
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കാണാം സമുദായ സംഘടനാ നേതാക്കൻമാരുടെ വിലയിരുത്തലും അവകാശ വാദങ്ങളും. ജയിപ്പിച്ചതിന്‍റെയും തോൽപ്പിച്ചതിന്‍റെയും ക്രെഡിറ്റ് അടിക്കാനുള്ള മത്സരമാണ്. ഇനിയെങ്കിലും ഞങ്ങൾ പറയുന്നത് കേൾക്കു എന്ന് തോറ്റവരെ ഉപദേശിക്കാനും ഞങ്ങൾ പറയുന്നത് പോലെ വേണമെന്ന് ജയിച്ചവർക്ക് മുന്നറിയിപ്പ് നൽകാനും മത്സരിക്കും. ഈ തെരഞ്ഞെടുപ്പിലെടുത്ത നിലപാടൊക്കെ അടുത്ത തെരഞ്ഞടുപ്പ് കാലമാകുമ്പോ ആവിയാകും. വേവിച്ച് വെച്ചിരിക്കുന്ന നിലപാടിൽ ആവശ്യമുള്ള എരിവും പുളിയും ചേർത്ത് തരാതരം പോലെ വിളമ്പും. ഇത് രുചിയോടെ വാരിത്തിന്നാൻ രാഷ്ട്രീയക്കാരും. സ്ഥാനാർത്ഥി നിർണയം മുതൽ തുടങ്ങും ജാതിക്കളി. മണ്ഡലത്തിൽ ഭൂരിപക്ഷമുള്ള സമുദായത്തിന് അനുസരിച്ച് സ്ഥാനാർത്ഥി. ഇക്കാര്യത്തിൽ പുരോഗമനമെന്ന് പറയുന്ന സിപിഎമ്മും സിപിഐയുമൊക്കെ കണക്കാണ്. സ്ഥാനർത്ഥി നിർണയം കഴിഞ്ഞാൽ പിന്നെ സമുദായ സംഘടനാ ഓഫീസുകളുടെ തിണ്ണ നിരങ്ങലാണ്. വണ്ടിയെടുത്ത് പെരുന്ന വഴി കണിച്ചുകുളങ്ങരയിലൊന്ന് കറങ്ങും. അവിടുന്നിറങ്ങി അരമനകളെ ലക്ഷ്യമാക്കി നീങ്ങും. തെരഞ്ഞടുപ്പ് കാലത്ത് സമുദായ സംഘടനാ നേതാക്കൾക്കൊക്കെ വലിയ ഡിമാൻഡാണ്. ഈ ഡിമാൻഡുകൾക്കൊപ്പിച്ച് ചിരിച്ചും കരഞ്ഞും കാലുപിടിച്ചും വേണം സ്ഥാനാർത്ഥികൾക്കും ഇവരെ നയിക്കുന്നവർക്കും ഭരണത്തിലെത്താൻ.
പെരുന്നയും കണിച്ചുകുളങ്ങരയും
അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ എൻ എസ്‍ എസും എസ്എൻഡിപിയും മുഖാമുഖം നിന്ന് ഏറ്റുമുട്ടുകയാണെന്ന് വേണമെങ്കിൽ പറയാം. ഒരുപക്ഷേ കേരളത്തിലെ പ്രബലരായ രണ്ട് സമുദായ സംഘടനകൾ ഇങ്ങനെ നേരിട്ട് തെരഞ്ഞെടുപ്പിൽ ഇറങ്ങുന്നത് എത്രയോ വർഷങ്ങൾക്ക് ശേഷമാണ്. പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിന്ന എസ്എൻഡിപി അഞ്ച് ഉപതെരഞ്ഞടുപ്പുകളിലും അവർക്കൊപ്പം നിൽക്കുയാണെന്ന സൂചനയാണ് ലഭിക്കുന്ന്ത്. മറിച്ചൊരു നിലപാട് അവർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, സമദൂരത്തിൽ നിന്ന് എൻഎസ്എസ് ഉപതെരഞ്ഞെടുപ്പുകളിൽ ശരിദൂരം കണ്ടെത്തിക്കഴിഞ്ഞു. ആ ശരിദൂരം യുഡിഎഫിന് അനുകൂലമായാണെന്ന് വ്യക്തമായിക്കഴിഞ്ഞു. വട്ടിയൂർക്കാവിൽ താലൂക്ക് യൂണിയന്‍റെ നേതൃത്വത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടുപിടുത്തം.
ശബരിമലയും നവോത്ഥാനവും
ഈ രണ്ട് വിഷയങ്ങളാണ് രണ്ട് സമുദായ സംഘടനകളേയും രണ്ട് മുന്നണികൾക്കനുകൂലമായി നിൽക്കാൻ പ്രേരിപ്പിച്ചത് എന്നത് വ്യക്തമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ ഹിന്ദു സംഘടനകൾ നടത്തിയ പ്രക്ഷേോഭത്തിൽ ആളും അർത്ഥവുമൊക്കെ നൽകി ഒപ്പംനിന്ന സംഘടനയാണ് എൻഎസ്എസ്. ഇക്കാര്യത്തിൽ നേരെ വിപരീത നിലപാടാണ് വെള്ളാപ്പള്ളി നടേശനും എസ്എൻഡിപിയും സ്വീകരിച്ചത്. സർക്കാരിന്‍റെ വനിതാമതിലിന്‍റെ സംഘാടനത്തിൽ വെള്ളാപ്പള്ളി പാറപോലെ ഉറച്ച് നിന്നു. നവോത്ഥാന സമിതിയുടെ തലപ്പത്തും വെള്ളാപ്പള്ളി നടേശനുണ്ട്. മതില് കെട്ടിയതിന്‍റെ പിറ്റേന്ന് ശബരിമലയിൽ സ്തീപ്രവേശനം നടത്തിയതിനെ വിമർശിച്ചെങ്കിലും വെള്ളാപ്പള്ളി സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തയ്യാറായിട്ടില്ല.
ആചാരത്തേയും വിശ്വാസത്തേയും തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിജയദശമിദിന സമ്മേളനത്തിലെ പ്രസംഗത്തിൽ ആഞ്ഞടിച്ച എൻ എസ് എസ് ജനറൽ സെക്രട്ടറി മറ്റ് ചില പരാതികൾ കൂടി ഉന്നയിച്ചത് ശ്രദ്ധേയമാണ്. സർക്കാർ പട്ടികജാതി പട്ടികവർഗ സമുദായങ്ങളേയും മറ്റുള്ളവരേയുമാണ് സഹായിക്കുന്നത്. ഭൂരിപക്ഷ സമുദായങ്ങളോട് സർക്കാരിന് ഒരു ബഹുമാനമില്ല. പഴയ നായർപ്രമാണിമാരുടെ പ്രേതങ്ങൾ ഇപ്പോഴും എൻഎസ്എസ് ആസ്ഥാനത്ത് കറങ്ങി നടക്കുന്നുണ്ടെന്ന് വേണം കരുതാൻ. മാത്രമല്ല ദേവസ്വംബോർഡ് നിയമനത്തിൽ പ്രഖ്യാപിച്ച പത്ത് ശതമാനം മുന്നാക്കസംവരണം ഇതുവരെ നടപ്പാക്കിയില്ലെന്ന പരാതിയും സുകുമാരൻ നായർക്കുണ്ട്. ഇതേ സുകുമാരൻ നായർ, സർക്കാർ സംവരണം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത് ഈ നടപടി ഞങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്നായിരുന്നു. അന്ന് വേണ്ടാതെ പോയ പൊടി കൊണ്ട് ഇന്നാണ് ഗുണമുണ്ടായത്. ഏതായാലും സമദൂരത്തിലെ ശരിദൂരം കണ്ടെത്തി അവര് ഇത്തവണ കണ്ണുംപൂട്ടി യുഡിഎഫിന് ഒപ്പമാണ്. ഒന്നര വർഷത്തിനപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചില താക്കോൾ സ്ഥാനങ്ങളൊക്കെ ഇപ്പോഴേ എൻഎസ് എസ് നേതൃത്വം സ്വപ്നം കണ്ട് തുടങ്ങിയോ?
ശരിദൂരം പ്രഖ്യാപിച്ച എൻഎസ്എസിന് നവോത്ഥാന സംഘടനയെന്ന പുതിയ സർട്ടിഫിക്കറ്റാണ് കെപിസിസി പ്രസിഡന്‍റ് നൽകിയത്. ഇപ്പുറത്ത് പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം എസ്എൻഡിപിക്ക് പരസ്യമായി നന്ദി പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേയും കേരളം കണ്ടു. സർട്ടിഫിക്കറ്റും നന്ദിയുമൊക്കെ നൽകുന്ന സംഘടനകളുടെ എണ്ണം ഈ പോക്ക് പോയാൽ കൂടും. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പായിട്ട് ഇങ്ങനെ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ എന്തായിരിക്കും സ്ഥിതി? അതിലേക്കുള്ള ടെസ്റ്റ് ഡോസാണ് സമുദായ സംഘടനകൾക്കും രാഷ്ട്രീയക്കാർക്കും ഈ വരുന്ന ഉപതെരഞ്ഞെടുപ്പുകൾ. ഫലത്തിന് അനുസരിച്ച് നിലപാട് മാറ്റാനും പിന്തുണ പിൻവലിക്കാനുമൊക്കെ സമയം കിട്ടും. എന്നാണ് നിങ്ങൾ മനുഷ്യർക്ക് വേണ്ടി വോട്ട് ചോദിക്കുക?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Thushar vellappalli, Vellappalli Nadeshan, Vellappalli Natesan