കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസ് വിജയിക്കുകയാണെങ്കിൽ കുന്ദമംഗലത്തെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് രമ്യയുടെ രാജി.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ രമ്യ ആലത്തൂരിൽ ജയിച്ചാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയും പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരും. ഈ സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന് ഭരണം നഷ്ടമാകാൻ സാധ്യതയുണ്ട്. 19 അംഗങ്ങളുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന് പത്തും എൽഡിഎഫിന് ഒമ്പത് അംഗങ്ങളുമാണ് ഉള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം രമ്യാ ഹരിദാസ് രാജിവെച്ചാൽ ഇരുമുന്നണികൾക്കും ഒമ്പത് സീറ്റ് വീതമാകും. ഈ ഘട്ടത്തിൽ നറുക്കെടുപ്പിലൂടെയാകും പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.
കണ്ണൂരിൽ കള്ളവോട്ട് തടയുന്നതിൽ പരാജയപ്പെട്ടു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്
അതേസമയം രമ്യാഹരിദാസ് തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പായി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അംഗത്വമായി തുടർന്നുകൊണ്ട് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് യുഡിഎഫ് നേതൃത്വം വിലയിരുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒരു അംഗത്തിന്റെ ഭൂരിപക്ഷം ഉപയോഗിച്ച് യുഡിഎഫിന് പഞ്ചായത്ത് ഭരണം നിലനിർത്താം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചശേഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റാലും രമ്യാ ഹരിദാസിനെ ആലത്തൂരിൽ സജീവമാക്കാനാണ് യുഡിഎഫ് തീരുമാനിച്ചിട്ടുള്ളത്. രണ്ടു നിയമസഭാ സംവരണ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ആലത്തൂരിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ രമ്യയെ മുൻനിർത്തി പോരാടാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ചേലക്കരയും തരൂരുമാണ് ആലത്തൂരിൽ ഉൾപ്പെടുന്ന സംരവണ നിയോജകമണ്ഡലങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.