തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എല്ലാവരും വിശ്വാസികൾക്കൊപ്പം ആകണമെന്ന് എന്തിനു നിർബന്ധിക്കുന്നുവെന്ന് കാനം ചോദിച്ചു. യുഡിഎഫ് ശബരിമല വിഷയം ഉയർത്തുന്നതിൽ എൽഡിഎഫിന് ആശങ്കയില്ല. ലോക്സഭ തോൽവിക്ക് കാരണം ശബരിമല അല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
അധികാരത്തിലെത്തിയാൽ ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ നിയമം കൊണ്ടു വരുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ആചാര ലംഘനത്തിന് എതിരെയുള്ള നിയമത്തിന്റെ കരട് യു ഡി എഫ് പുറത്തുവിടുകയും ചെയ്തിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം യു ഡി എഫ് വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി മാറ്റുന്ന ഘട്ടത്തിൽ കൂടിയാണ് പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ യുഡിഎഫ് ശബരിമല വിഷയം ഉയർത്തുന്നതിൽ ആശങ്കയില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. എല്ലാവരും വിശ്വാസികൾക്കൊപ്പം ആകണമെന്ന് എന്തിന് നിർബന്ധിക്കുന്നു. വിശ്വാസികൾക്ക് വിശ്വാസവുമായി മുന്നോട്ട് പോകാമെന്നും കാനം പറഞ്ഞു.
ഇടത് പക്ഷം ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പമാണ്. വിശ്വാസികളെ ചേർത്തുനിർത്തുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയമല്ല. ലോക്സഭയിലെ തോൽവിക്ക് കാരണം ശബരിമലയല്ല. വൈരുദ്ധ്യാത്മക ഭൗതികവാദവും വിശ്വാസവും തമ്മിൽ ബന്ധമില്ല. വൈരുദ്ധ്യാത്മിക ഭൗതികവാദം കാലഹരണപ്പെട്ടതാണെന്ന് പറയാനാകില്ല. കാലഹരണപ്പെട്ടെന്ന് എം. വി. ഗോവിന്ദൻ പറയുമെന്ന് കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തുമെന്ന് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും വിശ്വാസികൾക്കൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ അഴകൊഴമ്പന്‍ നിലപാട് മാറ്റി വിശ്വാസികളോടൊപ്പമാണോ അല്ലയോ എന്ന് വ്യക്തമായി പറയുകയാണ് വേണ്ടത്. നവോത്ഥാന നായകന്റെ ചമയങ്ങളും പൊയ്മുഖവും അഴിച്ചുവച്ച് നിലപാട് വ്യക്തമാക്കാന്‍ മുഖമന്ത്രി തയ്യാറാകണം. ശബരിമല വിധി വന്നപ്പോൾ എല്ലാവരുമായി ചർച്ചയ്ക്കു തയാറാകാതെ റിവ്യു പെറ്റീഷനില്‍ വിധി വന്നാല്‍ ചർച്ചയാകാമെന്ന നിലപാട് വിശ്വാസ സമൂഹത്തെ വഞ്ചിക്കലാണെന്നും ചെന്നിത്തല പറഞ്ഞു.
Also Read-
'വിശ്വാസത്തെയും ദൈവത്തെയും തള്ളി വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ല': എം.വി. ഗോവിന്ദൻഅതിനിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം. വി ഗോവിന്ദൻ നടത്തിയ പ്രസ്താവനയും കഴിഞ്ഞ ദിവസം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ജനാധിപത്യവിപ്ലവം നടക്കാത്ത ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ലാത്ത ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളില്‍ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. ആവില്ല. ഇങ്ങനെയായിരുന്നു എം വി ഗോവിന്ദന്റെ വാക്കുകള്‍.
വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന് പിന്നീട് വ്യക്തമാക്കിയിരുന്നു. വിശ്വാസികളെയും അവിശ്വാസികളെയും വര്‍ഗത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കണമെന്നാണ് പറഞ്ഞതെന്നും എം വി ഗോവിന്ദന് പറഞ്ഞു. വിശ്വാസികളെ അംഗീകരിച്ചു മാത്രമേ ഇന്ത്യയിൽ ഏത് വിപ്ലവ പാർട്ടിക്കും മുന്നോട്ട് പോകാനാവൂവെന്നായിരുന്നു വിവാദ പ്രസംഗം. സിപിഎം അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ വിവാദപ്രസംഗം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.