തിരുവനന്തപുരം: കേരളത്തിൽ ബിജെപിയ്ക്ക് വളര്‍ച്ച കൈവരിക്കാൻ സാധിക്കാത്തതിന് കാരണം ഉയര്‍ന്ന സാക്ഷരതയാണെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉയര്‍ന്ന സാക്ഷരതയുള്ളതിനാൽ അവര്‍ ചിന്തിക്കുകയും സംവദിക്കുകയും ചെയ്യുന്നുണ്ടെന്നും അതാണ് ബിജെപി പെട്ടെന്ന് വളരാത്തതെന്നും രാജഗോപാൽ പറഞ്ഞു. ഇന്ത്യൻ എക്സപ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ബിജെപി വളരാത്തതിന് പിന്നിൽ രണ്ടുമൂന്ന് കാരണങ്ങളുണ്ടെന്നാണ് രാജഗോപാൽ പറയുന്നത്. കേരളം വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു. "കേരളത്തിൽ 90 ശതമാനം സാക്ഷരതയുണ്ട്. ജനങ്ങള്‍ ചിന്തിക്കുന്നുണ്ട്, സംവാദം നടത്തുന്നുണ്ട്. ഇത് സാക്ഷരരായ ജനങ്ങളുടെ ലക്ഷണമാണ്. ഇതാണ് ഒരു പ്രശ്നം. രണ്ടാമത്തെ പ്രശനം കേരളത്തിൽ 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ് ഉള്ളതെന്നതാണ്. അതുകൊണ്ട് എല്ലാ കണക്കുകൂട്ടലുകളിലും ഈ ഘടകങ്ങള്‍ കയറിവരും." -അദ്ദേഹത്തെ ഉദ്ധരിച്ചതായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. "ഈ കാരണങ്ങള്‍ കൊണ്ടാണ് മറ്റൊരു സംസ്ഥാനവുമായും കേരളത്തെ താരതമ്യം ചെയ്യാൻ സാധിക്കാത്തത്. ഇവിടെ സ്ഥിതി വ്യത്യസ്തമാണ്." അദ്ദേഹം പറഞ്ഞു. എന്നാൽ സാവധാനത്തിലാണെങ്കിലും കേരളത്തിൽ ബിജെപി വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read- 'ഞങ്ങടെ ഉറപ്പാണ് പി ജെ'; മുഖ്യമന്ത്രിയുടെ ധർമടത്ത് പി ജയരാജന്റെ ചിത്രം പതിച്ച പ്രചാരണ ബോർഡ്
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതുമായും ബന്ധപ്പെട്ടും രാജഗോപാൽ മറുപടി നൽകുന്നുണ്ട്. രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടല്ല പിണറായിയെ പുകഴ്ത്തിയത്. ആരെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താൽ അതിനെ സത്യസന്ധമായി അഭിന്ദിക്കണമെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയത്തിൽ സത്യസന്ധത വേണമെന്നും വ്യക്തമാക്കി. "രാഷ്ട്രീയക്കാരനാകാൻ നുണ പറയണമെന്നില്ല, സത്യം പറയണം. വി എസ് അച്യുതാനന്ദനെക്കുറിച്ച് എനിക്ക് ഈ അഭിപ്രായമില്ല. ഓരോ മനുഷ്യര്‍ക്കും ചില ഗുണങ്ങളുണ്ട്. പിണറായി വിജയന് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. അദ്ദേഹം വിവേകമതിയാണ്. അദ്ദേഹത്തിന് ചില ഗുണങ്ങളുണ്ടെന്നത് നിഷേധിക്കാൻ കഴിയില്ല." -പിണറായിയെ പുകഴ്ത്തിയതു സംബന്ധിച്ച ചോദ്യത്തിന് രാജഗോപാൽ മറുപടി നൽകി.
"പിണറായി വിജയൻ ഒരു ചെത്തുകാരന്റെ മകനാണ്. വളരെ പാവപ്പെട്ട സാഹചര്യത്തിൽ നിന്ന് വന്നയാളാണ്. ഇപ്പോള്‍ ഈ സ്ഥാനത്ത് അദ്ദേഹം എത്താൻ കാരണം അദ്ദേഹത്തിന്റെ ചില ഗുണങ്ങളാണ്. നമ്മള്‍ ആ സത്യം അംഗീകരിക്കണം. ഇക്കാര്യത്തിൽ മനഃപൂര്‍വം നുണ പറയാൻ കഴിയില്ല."- രാജഗോപാൽ പറഞ്ഞു. എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്നും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായിരുന്നപ്പോള്‍ പോലും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായും മികച്ച ബന്ധം സൂക്ഷിച്ചിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു.
സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടര്‍ച്ച നേടുന്ന ലക്ഷണമാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് താഴേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകായണെന്നും കോൺഗ്രസിന്റെ കാലം അവസാനിച്ചെന്നും രാജഗോപാൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Bjp mla O Rajagopal, Cpm, Kerala Assembly Election 2021, O Rajagopal BJP, Pinarayi vijayan