'തീവ്രവാദികൾക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന കുഞ്ഞാലിക്കുട്ടി ഇപ്പോൾ മൗനം'; കാരണമെന്തെന്ന് മുഹമ്മദ് റിയാസ്

ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും തള്ളിപ്പറയാന്‍ ലീഗ്-കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാത്തതെന്തെന്നും റിയാസ്

News18 Malayalam | news18-malayalam
Updated: February 21, 2020, 3:03 PM IST
'തീവ്രവാദികൾക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന കുഞ്ഞാലിക്കുട്ടി ഇപ്പോൾ മൗനം'; കാരണമെന്തെന്ന് മുഹമ്മദ് റിയാസ്
മുഹമ്മദ് റിയാസ്
  • Share this:
കോഴിക്കോട്: മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയോ എന്ന് നേതാക്കള്‍ തന്നെ പരിശോധിക്കട്ടെയെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് കെ മുഹമ്മദ് റിയാസ്.

എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും പൗരത്വനിയമങ്ങളില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ട്. ഇരു സംഘടനകളും യു.ഡി.എഫിന്റെ അദൃശ്യ സഖ്യകക്ഷികളായി മാറിയിരിക്കയാണ്. ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും തള്ളിപ്പറയാന്‍ ലീഗ്-കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാത്തതെന്തെന്നും റിയാസ് ചോദിച്ചു.

' പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ നേരത്തെ ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കുമെതിരെ ശക്തമായ നിലപാടെടുത്തവരാണ്. എന്നാല്‍ അടുത്ത കാലത്തായി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പേടിച്ച് ലീഗ് നിലപാട് മാറ്റുകയാണ്. എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്ലാമിയെയും തള്ളിപ്പറയാന്‍ ലീഗ് നേതാക്കള്‍ തയ്യാറാവുന്നില്ല. മുസ്ലിം ലീഗിനെതിരെ ബി.ജെ.പി തീവ്രവാദ ആരോപണം ഉന്നയിച്ചിരിക്കെ ലീഗ് നേതാക്കള്‍ ഇതുവരെ മറുപടി പറയാത്തത് എന്താണെന്നത് ചോദ്യമാണ്. ലീഗ് യു.ഡി.എഫ് സമര വേദികളില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ട്. ഇക്കാര്യം മതേതര വിശ്വാസികളായ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യണം.

ALSO READ: തുല്യതാ പരീക്ഷയിൽ മലയാളത്തിന് നൂറിൽ നൂറ്  നേടി ബിഹാറി യുവതി

പൗരത്വ നിയമത്തിനെതിരെ കടയടച്ച് സമരം ചെയ്യുന്നതിനോട് ഡി.വൈ.എഫ്.ഐക്ക് യോജിപ്പില്ല. പലയിടങ്ങളിലും എസ്.ഡി.പി.ഐ നിര്‍ബന്ധിച്ച് കടയടപ്പിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരം നടപടികള്‍ ആര്‍.എസ്.എസിന് ഗുണം ചെയ്യും. മഹല്ല് കമ്മിറ്റികള്‍ നടത്തിയ പൗരത്വ പ്രതിഷേധത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ പ്രതിഷേധങ്ങളെ എസ്.ഡി.പി.ഐ ഹൈജാക്ക് ചെയ്യുന്നുണ്ട്. ഇതാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എസ്.ഡി.പി.ഐയെ വിമര്‍ശിച്ചപ്പോള്‍ ലീഗ് നേതാക്കള്‍ക്ക് എന്തിനാണ് വിഷമിക്കുന്നതെന്നും റിയാസ് ചോദിച്ചു.

ന്യൂനപക്ഷ തീവ്രവാദം ശക്തിപ്പെടാനുള്ള സാഹചര്യം ഇന്ത്യയിലുണ്ട്. കാരണം സംഘപരിവാര്‍ വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പാക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുക്കാന്‍ ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകള്‍ ശ്രമിക്കും. അത്തരമൊരു വര്‍ഗീയ സംഘടനയാണ് എസ്.ഡി.പി.ഐ. മതമൗലികവാദ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഇവരെ മാറ്റിനിര്‍ത്തി മാത്രമേ ആര്‍.എസ്.എസിനെതിരെ പോരാട്ടം നടത്താനാവൂ- റിയാസ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്ന ഫെബ്രുവരി 24ന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും റിയാസ് അറിയിച്ചു.
First published: February 21, 2020, 2:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading