വനിതാ ലീഗ് പ്രതിഷേധം: എന്തുകൊണ്ട് കുഞ്ഞാലികുട്ടി അവസാന നിമിഷം പിന്മാറി?

കുഞ്ഞാലിക്കുട്ടിയോട് സംസാരിച്ച് അനുമതിയോടെയാണ് സംസ്ഥാന കമ്മിറ്റി പരിപാടി സംഘടിപ്പിച്ചിരുന്നത്

News18 Malayalam | news18-malayalam
Updated: December 27, 2019, 3:04 PM IST
വനിതാ ലീഗ് പ്രതിഷേധം: എന്തുകൊണ്ട് കുഞ്ഞാലികുട്ടി അവസാന നിമിഷം പിന്മാറി?
പി കെ കുഞ്ഞാലിക്കുട്ടി
  • Share this:
കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ കോഴിക്കോട് വനിതാ ലീഗിന്റെ ആകാശവാണി ഉപരോധത്തില്‍ നിന്ന് അവസാന നിമിഷം മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പിന്‍മാറി. കുഞ്ഞാലിക്കുട്ടിയോട് സംസാരിച്ച് അനുമതിയോടെയാണ് സംസ്ഥാന കമ്മിറ്റി പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ വനിതാ ലീഗ് പ്രതിഷേധത്തിനിറങ്ങിയത് ഭാവിയില്‍ വിമര്‍ശിക്കപ്പെടുമോയെന്ന് ഭയന്നാണ് കുഞ്ഞാലിക്കുട്ടി പിന്‍മാറിയതെന്നാണ് സൂചന.

രാജ്യത്തും സംസ്ഥാനത്തും പൗരത്വബില്ലിനെതിരെ വനിതകള്‍ തെരുവിലിറങ്ങിയപ്പോള്‍ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി ഇതുവരെ പ്രതിഷേധമൊന്നും സംഘടിപ്പിച്ചിരുന്നില്ല. പ്രതിഷേധത്തിന് അനുമതി തേടി നിരവധി തവണ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് പറയപ്പെടുന്നു. വനിതകള്‍ തെരുവിലിറങ്ങുന്നത് സമസ്ത നേതാക്കളെ ചൊടിപ്പിക്കുമോയെന്നായിരുന്നു ആശങ്ക. വനിതാ ലീഗ് നേതാക്കള്‍ ആവശ്യം ശക്തമാക്കിയപ്പോഴാണ് ഒടുവില്‍ അനുമതി നല്‍കിയത്. പരിപാടിക്ക് കുഞ്ഞാലിക്കുട്ടി വരുമെന്നും ഉറപ്പ് നല്‍കി.

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് മാനാഞ്ചിറയില്‍ നിന്നും വനിതാ ലീഗ് പ്രതിഷേധ പ്രകടനം തുടങ്ങിയത്. നാലരയോടെ ബീച്ച് ആകാശവാണി ഓഫീസിന് മുന്നില്‍ ഉപരോധം തുടങ്ങി. സംസ്ഥാനത്തുടനീളമുള്ള നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ദുബായിയിൽ നിന്നും കെ.എം.സി.സി. വനിതാ നേതാക്കളും ഹരിതയുടെ നേതാക്കളുമെല്ലാം ഉപരോധത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ സ്ഥലത്തെത്തുകയും ചെയ്തു.

വനിതാ ലീഗ് പരിപാടിയില്‍ പങ്കെടുക്കാമെന്നേറ്റ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ടുണ്ടായിട്ടും എത്തിയില്ല. പകരം ഇതേ സമയം ലീഗ് ഹൗസില്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയാണ് ചെയ്തത്.

സുപ്രധാനമെന്ന് മാധ്യമപ്രവര്‍ത്തകര്‍ കരുതിയ വാര്‍ത്താ സമ്മേളനത്തില്‍ വലിയ കാര്യങ്ങളൊന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞതുമില്ല. യു.പി.യിലെ മുസ്ലിം ലീഗ് ഡെലിഗേഷന്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹത്തിന് മറ്റൊന്നും പറയാനുമുണ്ടായില്ല.

ഏതായാലും കുഞ്ഞാലിക്കുട്ടിയുടെ വരവ് കാത്തിരുന്ന വനിതാലീഗ് പ്രവര്‍ത്തകര്‍ക്ക് നിരാശപ്പെടേണ്ടിവന്നു. എം.കെ. മുനീറിന്റെ പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തുനീക്കുകയും ചെയ്തു.
Published by: meera
First published: December 27, 2019, 3:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading