• HOME
  • »
  • NEWS
  • »
  • kerala
  • »
  • പിഎഫ്ഐയെ പറഞ്ഞാൽ പിണറായിക്ക് പൊള്ളുന്നതെന്തിനാണ്; കേരളം സുരക്ഷിതമല്ലെന്ന് അമിത്ഷാ പറഞ്ഞത് സത്യം; കെ.സുരേന്ദ്രൻ

പിഎഫ്ഐയെ പറഞ്ഞാൽ പിണറായിക്ക് പൊള്ളുന്നതെന്തിനാണ്; കേരളം സുരക്ഷിതമല്ലെന്ന് അമിത്ഷാ പറഞ്ഞത് സത്യം; കെ.സുരേന്ദ്രൻ

കേരളത്തിന് അർഹമായ തുക ലഭിക്കാനുണ്ടെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തത്?

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:

    കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പരാമര്‍ശത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളം സുരക്ഷിതമല്ലെന്ന് അമിത്ഷാ പറഞ്ഞത് സത്യമാണ്. പിഎഫ്ഐയെ പറഞ്ഞാൽ പിണറായിക്ക് പൊള്ളുന്നതെന്തിനാണെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    യുഡിഎഫ് എന്തിനാണ് ഇടത് സർക്കാരിന് കുടപിടിക്കുന്നതെന്ന് മനസിലാവുന്നില്ല. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി എന്ത് ചെയ്തു. സ്ഥലം എംപിയായ രാഹുൽ കേന്ദ്രം ആസ്പിരേഷൻ ജില്ലയായി പ്രഖ്യപിച്ച വയനാട്ടിലെ ഒരു യോഗത്തിന് പോലും പങ്കെടുത്തിട്ടില്ല. മഹാഭൂരിപക്ഷം പട്ടിക വിഭാഗക്കാർ താമസിക്കുന്ന മണ്ഡലത്തിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നും രാഹുലിനെതിരെ ഡിവൈഎഫ്ഐയും മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

    Also Read-‘തുർക്കിയിലേക്ക് 10 കോടി കൊടുക്കും മുമ്പ് സ്വന്തം നാട്ടുകാരുടെ കാര്യം സർക്കാർ നോക്കണം’; കെ.സുരേന്ദ്രൻ

    വലിയ തോതിലുള്ള നികുതി ഭാരമാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പാർട്ടി സെക്രട്ടറിയും കള്ളം പറയുകയാണ്. കേരളത്തിന് അർഹമായ തുക ലഭിക്കാനുണ്ടെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തത്? കേരളത്തിലെ എംപിമാർ എന്തുകൊണ്ട് പാർലമെൻ്റിൽ പ്രതികരിക്കുന്നില്ല? സംസ്ഥാനത്തിൻ്റെ പിടിപ്പുകേടിന് കേന്ദ്രത്തിനെ പഴിചാരിയിട്ട് കാര്യമില്ല.

    ഏറ്റവും കൂടുതൽ റെവന്യൂ ഡെഫസിറ്റ് ഗ്രാൻഡ് ലഭിക്കുന്നത് കേരളത്തിനാണ്. 53,000 കോടിയിലധികമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെങ്കിൽ പിണറായി വിജയൻ ദില്ലിയിൽ പോയി സമരം ചെയ്യട്ടെയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

    Also Read-‘കേരളം എന്താണ്, കർണാടക എന്താണ്, എല്ലാവർക്കും നല്ലതുപോലെ അറിയാം’; അമിത് ഷായ്ക്ക് പിണറായിയുടെ മറുപടി

    കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന നികുതി വിഹിതത്തിൻ്റെ ഒരു ഭാഗം സംസ്ഥാനങ്ങൾ വിതരണം ചെയ്യുന്നത് ധനകാര്യ കമ്മീഷൻ്റെ നിർദേശപ്രകാരമാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പതിനാലാം ധനകാര്യ കമ്മീഷൻ 41% സംസ്ഥാനങ്ങൾക്ക് വകയിരുത്തുന്നു. ബിജെപി ഭരിക്കുന്നത് കൊണ്ട് മാത്രം സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും കൊടുക്കാനാവില്ല. കണക്ക് നോക്കിയാൽ ശരാശരിയിലും കുറവാണ് ബിജെപി സർക്കാരുകൾക്കുള്ളതെന്ന് ബോധ്യമാവും.

    യുപിയ്ക്ക് യുപിഎ സർക്കാർ കൊടുത്തതിനേക്കാൾ കുറവാണ് ഇപ്പോൾ ലഭിക്കുന്നത്. സംസ്ഥാനം കേന്ദ്രത്തിന് കൃത്യമായ രേഖകൾ നൽകുന്നില്ലെന്ന് പാർലമെൻ്റിൽ കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. 780 കോടി ജിഎസ്ടി കൗൺസിൽ നൽകാനുണ്ടെന്നിരിക്കെ 20,000 കോടിയുടെ കുടിശ്ശിക നൽകാനുണ്ടെന്ന വ്യാജ പ്രചരണമാണ് ധനമന്ത്രി നടത്തുന്നത്. 2,000 കോടി വിലക്കയറ്റം പിടിച്ചു നിർത്താൻ ബജറ്റിൽ മാറ്റി വെച്ച സംസ്ഥാന സർക്കാർ 750 കോടി അധികം കിട്ടാൻ രണ്ട് രൂപ സെസ് ഏർപ്പെടുത്തി. സെസ് ഒഴിവാക്കിയാൽ തന്നെ വിലക്കയറ്റം നിയന്ത്രിക്കാമെന്നിരിക്കെ എന്തിനാണീ പൊറോട്ട് നാടകമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

    കേരള ബജറ്റ് പ്രകാരം റവന്യൂ ഇൻകം 1,36,427 കോടി രൂപയും മൂലധന നിക്ഷേപം 14,606 കോടി രൂപയുമാണ്. ഇതേ തുകയുടെ അത്ര രൂപ 1.33 ലക്ഷം കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മാത്രം കേരളത്തിന് നൽകി. എന്നിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറയാൻ ബാലഗോപാലിന് മാത്രമേ സാധിക്കൂ.2009 മുതൽ 2014 വരെ യുപിഎ സർക്കാർ കേരളത്തിന് നൽകിയത് 55,058 കോടിയാണെങ്കിൽ 2017 മുതൽ 22 വരെ 2,29,844 കോടി രൂപ മോദി സർക്കാർ കേരളത്തിന് അനുവദിച്ചു. കോൺഗ്രസ് സർക്കാർ അനുവദിച്ചതിൻ്റെ നാലിരട്ടി ബിജെപി സർക്കാർ കേരളത്തിന് അനുവദിച്ചു എന്നതാണ് വാസ്തവമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

    Published by:Arun krishna
    First published: