News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 25, 2021, 5:51 PM IST
ജോസ് കെ. മാണി
സോളാർ കേസിൽ സംസ്ഥാന സർക്കാർ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ പാർട്ടികളിൽ മാത്രമല്ല പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. അടുത്തിടെ ഇടത് മുന്നണി വലിയ വരവേൽപ്പ് നൽകി സ്വീകരിച്ച കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും അങ്കലാപ്പിലാണ്.
സോളാർ കേസിലെ പരാതിക്കാരി ഇന്നലെ ജോസ് കെ. മാണിയുടെ പേര് ആവർത്തിച്ച് പറഞ്ഞതോടെയാണ് സോളാർ തലവേദന ഇടതുമുന്നണിയിലും ബാധിച്ചത്. നിലവിൽ സംസ്ഥാന പോലീസ് അന്വേഷിച്ച് എഫ്ഐആർ റിപ്പോർട്ടിൽ എങ്ങും ജോസ് കെ. മാണിയുടെ പേരില്ല. ജോസ് കെ. മാണിക്കെതിരെ കേസില്ല എന്നർത്ഥം. എന്നാൽ
സി.ബി.ഐ. കേസ് ഏറ്റെടുക്കുന്നതോടെ വീണ്ടും അന്വേഷണം വരും. പരാതിക്കാരി ജോസ് കെ. മാണിയുടെ പേര് പറഞ്ഞാൽ ജോസ് കെ. മാണിയെ സി.ബി.ഐ. ചോദ്യം ചെയ്യും. ലൈംഗിക പീഡന പരാതി എന്ന നിലയിൽ പ്രതിപ്പട്ടികയിൽ എത്താനും സാധ്യത ഏറെയാണ്.
കടുത്ത അതൃപ്തിയുമായി ജോസ് കെ. മാണി
സോളാർ കേസിൽ സി.ബി.ഐ. അന്വേഷണം സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കിയതോടെ ജോസ് കെ. മാണി കടുത്ത അതൃപ്തിയിലാണ്. ഇന്ന് രാവിലെ കുറവിലങ്ങാട് ജോസ് കെ. മാണി മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഈ അതൃപ്തി പറയാതെ പറഞ്ഞു. മുൻപ് തെരഞ്ഞെടുപ്പുകാലത്ത് ഇതേ ആരോപണം ഉയർന്നു വന്നിരുന്നതായി ജോസ് കെ. മാണി ചൂണ്ടികാട്ടുന്നു. അന്ന് ഡിജിപിക്ക് പരാതി നൽകിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പരാതിയിൽ കഴമ്പില്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതാണ് എന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പകപോക്കൽ ആയി ഇപ്പോഴത്തെ സർക്കാർ നീക്കത്തെ കാണുന്നുണ്ടോ എന്ന് ചോദ്യത്തോടു ജോസ് കെ. മാണി നേരിട്ട് മറുപടി നൽകിയില്ല. സർക്കാർ അന്വേഷണത്തെക്കുറിച്ച് ജോസ് കെ. മാണി പറഞ്ഞത് ഇങ്ങനെയാണ്. "സർക്കാരിന് മുന്നിൽ പല പരാതികളും വരും, ചിലതൊക്കെ അന്വേഷിക്കും. അന്വേഷിക്കട്ടെ..." ഇത്രയും പറഞ്ഞ ശേഷം വാഹനത്തിൽ കയറി മടങ്ങുകയായിരുന്നു ജോസ്.
സാധാരണ ബാർകോഴ അടക്കമുള്ള ആരോപണങ്ങളിൽ എന്ത് അന്വേഷണത്തോടും സഹകരിക്കുന്നു എന്നായിരുന്നു ജോസ് കെ മാണി പ്രതികരിച്ചിരുന്നത്. ഇത്തവണ മാധ്യമങ്ങൾക്കുമുന്നിൽ കൂടുതൽ ചോദ്യങ്ങൾക്ക് അവസരം ഒരുക്കാതെ ജോസ് കെ മാണി വേഗത്തിൽ മടങ്ങിപ്പോയി.
ചർച്ചയിൽ ഇടം നേടുന്നത് പ്രതിസന്ധി
സോളാർ കേസ് പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി സർക്കാർ മാറ്റും എന്ന് ഉറപ്പാണ്. എന്നാൽ അതേ ചർച്ചകൾ ഉയരുന്ന സമയത്ത് ജോസ് കെ. മാണിയെ എങ്ങനെ സംരക്ഷിക്കും എന്നാണ് കാത്തിരുന്നു കാണേണ്ടത്. എല്ലാ ചർച്ചകളുടേയും ഒരറ്റത്ത് ജോസ് കെ. മാണിയുടെ പേര് ഉയർന്നുവരുന്നത് കോട്ടയത്തെ തെരഞ്ഞെടുപ്പ് സാധ്യതകളിലും വെല്ലുവിളിയാണ്.
കേസ് ഏറ്റെടുത്ത് ചോദ്യം ചെയ്തതടക്കമുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ ഏജൻസിയായ സി.ബി.ഐ. കടന്നാൽ അത് കൂടുതൽ തലവേദന സൃഷ്ടിക്കും. ബലാത്സംഗ പരാതി എന്ന നിലയിൽ പ്രതിപട്ടികയിൽ എത്തിയാൽ അത് രാഷ്ട്രീയ ഭാവിയെ ദോഷകരമായി ബാധിക്കും. ഏതായാലും താൻ പിന്തുണയ്ക്കുന്ന സർക്കാരിൽ നിന്നു തന്നെ പ്രതിസന്ധി നേരിടേണ്ടി വന്ന ഗതികേടിലാണ് ജോസ് കെ. മാണി.
Published by:
user_57
First published:
January 25, 2021, 5:51 PM IST