• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഐ.എ.എസുകാർക്കെന്താ ദേവികുളം താലൂക്കിൽ കാര്യം?

'ഐ.എ.എസുകാർക്കെന്താ ദേവികുളം താലൂക്കിൽ കാര്യം?

എന്തുകൊണ്ടാണ് ദേവികുളത്തെ സബ് കളക്ടർമാരും ജനപ്രതിനിധികളും തമ്മിൽ എക്കാലവും കോമ്പുകോർക്കുന്നത്? ദേവികുളം സബ് കളക്ടർക്കെന്താ കൊമ്പുണ്ടോ?

എസ് രാജേന്ദ്രൻ എം എൽ എ, രേണു രാജ് ഐ എ എസ്

എസ് രാജേന്ദ്രൻ എം എൽ എ, രേണു രാജ് ഐ എ എസ്

  • News18
  • Last Updated :
  • Share this:
    ദേവികുളം താലൂക്കും അവിടുത്തെ സബ് കളക്ടർമാരും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് പുതുമയുള്ള കാര്യമല്ല. സർക്കാർ ഭൂമി കൈയേറിയുള്ള അനധികൃത നിർമാണങ്ങൾ തടയാൻ സബ് കളക്ടർ രംഗത്തെത്തുമ്പോൾ തടയിടാനായി രാഷട്രീയനേതൃത്വവും കച്ചമുറുക്കിയെത്തി. എം.എൽ.എമാർ ഉൾപ്പെടുന്ന ജനപ്രതിനിധികളെ മുൻനിർത്തിയാണ് ഈ പ്രതിരോധം. ദേവികുളം സബ് കളക്ടർ രേണുരാജ് IAS-നെതിരെ അധിക്ഷേപവുമായി എസ്. രാജേന്ദ്രൻ MLA രംഗത്തെത്തിയതാണ് പുതിയ സംഭവം. ''അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ..' മൂന്നാറിൽ പുഴയോരം കൈയ്യേറിയുള്ള നിർമാണത്തിന് സബ് കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയതാണ് എസ്. രാജേന്ദ്രനെ ചൊടിപ്പിച്ചത്. എന്തുകൊണ്ടാണ് ദേവികുളത്തെ സബ് കളക്ടർമാരും ജനപ്രതിനിധികളും തമ്മിൽ എക്കാലവും കോമ്പുകോർക്കുന്നത്? ദേവികുളം സബ് കളക്ടർക്കെന്താ കൊമ്പുണ്ടോ?

    ഇടുക്കി ജില്ലയിലെ നാലു താലൂക്കുകളിലൊന്നാണ് ദേവികുളം. കണ്ണൻദേവൻ ഹിൽസ്, കാന്തല്ലൂർ, കൊട്ടക്കമ്പൂർ, കുഞ്ചിത്തണ്ണി, മറയൂർ, വട്ടവട എന്നിവയൊക്കെയാണ് 1774.16 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദേവികുളം താലൂക്കിലെ വില്ലേജുകൾ. റിസോർട്ട് മാഫിയ കണ്ണുവെച്ച കേരളത്തിലെ കണ്ണായ ഭൂപ്രദേശം. അതീവ പരിസ്ഥിതി ലോലപ്രദേശമാണെന്ന് ഗാഡ്ഗിൽ, കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടുകളിൽ പരാമർശിച്ച പ്രദേശം. അതുകൊണ്ടുതന്നെയാണ് ഇവിടുത്തെ അനധികൃത നിർമാണങ്ങൾക്കെതിരെ റെവന്യൂ അധികാരിയായ സബ് കളക്ടർമാർ എക്കാലവും രംഗത്തെത്തിയിട്ടുള്ളത്. നിയമം ലംഘിച്ചുള്ള നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകുന്ന സബ് കളക്ടർമാരെ പുകയ്ക്കാൻ ഭൂമാഫിയ മുന്നിൽ നിർത്തുന്നത് ജനപ്രതിനിധികൾ ഉൾപ്പടെയുള്ള രാഷ്ട്രീയക്കാരെയാണ്.

    Also Read- സബ്കളക്ടറെ അപമാനിച്ച് സംസാരിച്ചതിന് എം എൽ എ ക്കെതിരെ വനിതാ കമ്മീഷൻ കേസ്

    83ൽ അൽഫോൺസ് കണ്ണന്താനം

    മൂന്നാറിലെ ഉദ്യോഗസ്ഥ-രാഷ്ട്രീയ പോരിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്നത്തെ കേന്ദ്രസഹമന്ത്രി അൽഫോൺസ് കണ്ണന്താനം സബ് കളക്ടറായിരിക്കുമ്പോൾ കോമ്പുകോർത്തത് സിപിഎം എം.എൽ.എ ആയിരുന്നു ജി വരദൻ ആയിരുന്നു. ഒരു പി.ഡബ്ല്യൂ.ഡി റോഡിന്‍റെ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഇരുവരും ഏറ്റുമുട്ടിയത്. ഒടുവിൽ രാഷ്ട്രീയ നേതൃത്വത്തിന്‍റെ വാശിക്കുമുന്നിൽ കണ്ണന്താനത്തിന് സ്ഥാനചലനമുണ്ടായി. അന്ന് കണ്ണൂരിലേക്കാണ് കണ്ണന്താനത്തെ തട്ടിയത്. അതിനുശേഷം ടി.കെ ജോസ് സബ് കളക്ടറായിരുന്നപ്പോഴും രാഷ്ട്രീയനേതൃത്വവുമായി ഏറ്റുമുട്ടി. ദേവികുളം താലൂക്കിലെ അനധികൃത മദ്യവിൽപനയ്ക്കെതിരെ നടപടി എടുത്തതാണ് ടി.കെ ജോസിനെ അനഭിമതനാക്കിയത്. ഒടുവിൽ മൂവാറ്റുപുഴയിലേക്ക് അദ്ദേഹത്തെ സ്ഥലംമാറ്റുകയായിരുന്നു.

    മൂന്നാർ ദൗത്യം

    2007ൽ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ മൂന്നംഗ ദൌത്യസംഘത്തെ നിയോഗിക്കുന്നു. എസ് സുരേഷ് കുമാർ ഐ.എ.എസ് തലവനായിരുന്ന സംഘത്തിൽ രാജുനാരായണ സ്വാമി ഐ.എ.എസ്, റിഷിരാജ് സിങ് ഐ.പി.എസ് എന്നിവരായിരുമുണ്ടായിരുന്നു. 2007 മെയ് 13ന് മൂന്നാർ നടയാർ റോഡിലെ സമ്മർ കാസിൽ എന്ന അഞ്ചുനില റിസോർട്ട് ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയതോടെയാണ് വി.എസിന്‍റെ ദൌത്യസംഘം വാർത്താതാരമായത്. മെയ് 13 മുതൽ ജൂൺ ഏഴുവരെയുള്ള കാലയളവിൽ അനധികൃതമായി കൈയേറിയ 91 കെട്ടിടങ്ങൾ പൊളിച്ചു. 11,350 ഏക്കർ ഭൂമി ദൌത്യസംഘം തിരിച്ചുപിടിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ അംഗമായിരുന്ന നേതാവിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള ക്ലൌഡ് നയൻ എന്ന റിസോർട്ട് പൊളിച്ചത് ഏറെ വിവാദമായിരുന്നു. ഈ പൊളിക്കൽ പിന്നീട് കോടതി കയറുകയും ചെയ്തു.

    Also Read-'അവള്‍ ബുദ്ധിയില്ലാത്തവള്‍'; സബ് കളക്ടർ രേണു രാജിനെതിരെ എസ് രാജേന്ദ്രന്‍ MLA

    തുടക്കത്തിൽ പാർട്ടിയും മുന്നണിയും വി.എസിനൊപ്പം നിലകൊണ്ടെങ്കിലും സിപിഐ പാർട്ടി ഓഫീസ് പൊളിച്ചതോടെ കഥ മാറി. മൂന്നാർ ദൌത്യത്തിന് ഇടങ്കോടിലിട്ട് സിപിഎം ഔദ്യോഗികപക്ഷവും സിപിഐയും രംഗത്തെത്തി. ഒഴിപ്പിക്കാൻ വരുന്നവന്‍റെ കാലുവെട്ടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം മണി പ്രഖ്യാപിച്ചു. പാർട്ടി എതിർപ്പ് ശക്തമാക്കിയതോടെ എലിയെപിടുത്തം അവസാനിപ്പിച്ച് വി.എസിന്‍റെ പൂച്ചകൾ മലയിറങ്ങി. അതിനിടെ നടപടിക്ക് വിധേയരായ റിസോർട്ട് ഉടമകൾ കോടതിയിൽനിന്ന് സ്റ്റേയുമായി എത്തിയതും ദൌത്യസംഘത്തിന്‍റെ മുന്നോട്ടുപോക്കിനെ ബാധിച്ചു. പിന്നീടൊരിക്കലും മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കൽ ഇത്ര കാര്യക്ഷമമായി നടന്നിട്ടില്ല.

    സബ് കളക്ടർമാർ വാഴാത്ത ദേവികുളം

    കഴിഞ്ഞ എട്ടു വർഷത്തിനിടെ ദേവികുളത്ത് 14 പേരാണ് സബ് കളക്ടറുടെ കസേരയിൽ വന്നുപോയത്. ഒരാഴ്ച പോലും തികയാതെ കസേര തെറിച്ചവരും ഇക്കൂട്ടത്തിലുണ്ട്. 2010 ജൂണിൽ ചുമതലയേറ്റ എ ഷിബു ഇരുന്നത് മൂന്നു മാസം മാത്രം. തുടർന്നുവന്ന എം ജി രാജമാണിക്യം ഒന്നര വർഷം ആ കസേരയിലിരുന്നു. 2012 ഏപ്രിലിൽ കൊച്ചുറാണി സേവ്യർക്ക് ഒരു മാസം താൽക്കാലിക ചുമതല നൽകി. എസ്‌ വെങ്കിടേശപതി, കെ എൻ രവീന്ദ്രൻ, മധു ഗംഗാധർ, ഇ സി സ്കറിയ, ഡി രാജൻ സഹായ്, ജി ആർ ഗോകുൽ, എസ് രാജീവ്, സാബിൻ സമീദ്, എൻ‌ ടി എൽ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമൻ, വി ആർ പ്രേംകുമാർ എന്നിവരാണു തുടർന്നു വന്നത്. ഇതിൽ ഇ സി സ്കറിയ അഞ്ചുദിവസം മാത്രമാണ് സബ് കളക്ടർ പദവിയിലിരുന്നത്. ജി ആർ ഗോകുൽ ഒരു വർഷവും രണ്ടു മാസവുമിരുന്നു. എസ് രാജീവ് രണ്ടു മാസവും കെ എൻ രവീന്ദ്രനും എൻ ടി.എൽ റെഡ്ഡിയും പദവിയിലിരുന്നത് ഒരു മാസം വീതവും.

    താരമായ സബ് കളക്ടർമാർ

    അനധികൃത കൈയേറ്റവും നിയമം ലംഘിച്ചുള്ള നിർമാണവുമാണ് എങ്ങനെ കണ്ടില്ലെന്നുവെക്കും? സ്റ്റോപ്പ് മെമ്മോയുമായി സബ് കളക്ടർ രംഗത്തെത്തും. അധികം വൈകാതെ സബ് കളക്ടറെ ആക്ഷേപിച്ച് ജനപ്രതിനിധികൾ രംഗത്തെത്തും. ഇതാണ് കഴിഞ്ഞ കുറേക്കാലമായി ദേവികുളത്ത് നടക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുത്ത നാല് ഉദ്യോഗസ്ഥരാണ് മന്ത്രിമാരുടെ ഉൾപ്പടെ അധിക്ഷേപത്തിന് ഇരയായത്. 2015ൽ ആര്‍ഡിഒയുടെ ചുമതലയുണ്ടായിരുന്ന സബിന്‍ സമീദാണ് ആദ്യം റിസോർട്ട് മാഫിയയ്ക്ക് ചെക്കു പറഞ്ഞത്. കക്കൂസ് മാലിന്യം സ്‌കൂള്‍ പരിസരത്തേയ്ക്ക് ഒഴുക്കിയതിന് അഞ്ച് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനാനുമതി തടഞ്ഞു. കൂടാതെ പുഴയിലേക്ക് മാലിന്യം ഒഴുക്കിയ 52 റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. ഇതോടെ കോൺഗ്രസിലെയും സിപിഎമ്മിലെയും സിപിഐയിലെയും പ്രാദേശിക നേതാക്കൾ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തി. പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ 52 റിസോര്‍ട്ടുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയതോടെയുമാണ് ഉദ്യോഗസ്ഥനെതിരെ രാഷ്ട്രീയക്കാര്‍ തിരിയാന്‍ കാരണം. ഇതിനിടെ മാട്ടുപെട്ടി റോഡിലെ നിയമം ലംഘിച്ച് നിർമിച്ച ഇരുനില കെട്ടിടം അദ്ദേഹം പൊളിച്ചുനീക്കി. ഇതോടെ രാഷ്ട്രീയസമ്മർദ്ദഫലമായി സബിന്‍ സമീദിനെ ദേവികുളത്ത് നിന്ന് തെറിപ്പിച്ചു.

    Also Read-'വെറും IAS കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു'; രേണു രാജിനെതിരെ എസ് രാജേന്ദ്രന്റെ പരാമര്‍ശം ഇങ്ങനെ

    പകരക്കാരനായി എത്തിയ ശ്രീറാം വെങ്കിട്ടരാമൻ കൂടുതൽ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. നിരവധി അനധികൃത നിർമാണത്തിന് അദ്ദേഹം സ്റ്റോപ്പ് മെമ്മോ നൽകി. റിസോർട്ട് മാഫിയയുടെ വക്കാലത്തുമായി ജനപ്രതിനിധികൾ അദ്ദേഹത്തിന് മുന്നിലെത്തിയെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ ശ്രീറാം തയ്യാറായില്ല. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപത്തുള്ള 22 സെന്‍റ് സ്ഥലത്ത് ഹോം സ്റ്റേ കെട്ടിടം പണിയാനുള്ള നീക്കം ശ്രീറാം തടഞ്ഞു. സർക്കാർ കുത്തകപ്പാട്ട ഭൂമിയിൽ കെട്ടിടം പണിയാനുള്ള ശ്രമമാണ് തടഞ്ഞത്. കെട്ടിടം ഉടമ രാഷ്ട്രീയക്കാരുടെ അടുപ്പക്കാരനായതുകൊണ്ടുതന്നെ പ്രതികരണം വളരെ വേഗമായിരുന്നു. ജില്ലയിൽനിന്നുള്ള മന്ത്രിതന്നെ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. തലയ്ക്ക് സ്ഥിരതയില്ലാത്തവനാണ് ശ്രീറാമെന്നും ഇവനൊക്കെ ആരാണ് ഐഎഎസ് നല്‍കിയതെന്നും എംഎല്‍എ പത്രസമ്മേളനത്തില്‍ അവഹേളിച്ചു. മന്ത്രിയും എം.എൽ.എയും അരയും തലയും മുറുക്കി രംഗത്തെത്തിയതോടെ എംപ്ലോയ്മെന്റ് ഡയറക്ടറാക്കി ശ്രീറാമിനെ ദേവികുളത്ത് നിന്ന് സർക്കാർ പടിയിറക്കി.

    ശ്രീറാം വെങ്കിട്ടരാമന്‍റെ പകരക്കാരനായി എത്തിയ വി.ആർ പ്രേംകുമാറിന് അധികമൊന്നും ചെയ്യാനായില്ല. നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ തുടങ്ങിയപ്പോൾ തന്നെ അദ്ദേഹത്തിനെതിരെ നടപടിയുമായി മന്ത്രി നേരിട്ട് എത്തി. കോപ്പിയടിച്ചാണ് പ്രേംകുമാർ പരീക്ഷ പാസായതെന്നായിരുന്നു അധിക്ഷേപം. വിവാദങ്ങൾക്കൊടുവിൽ ഇദ്ദേഹത്തെ ശബരിമലയിലേക്ക് സ്ഥലംമാറ്റി. ഇതോടെയാണ് ഇപ്പോഴത്തെ സബ് കളക്ടർ രേണുരാജ് ഐ.എ.എസ് ദേവികുളത്ത് എത്തുന്നത്. തുടക്കത്തിൽ ശക്തമായ നടപടികൾക്ക് തുനിയാതെ മൂന്നാറിലെ വിഷയങ്ങൾ പഠിക്കാനാണ് രേണുരാജ് ശ്രമിച്ചത്. എന്നാൽ പുഴയോരം കൈയേറി പഞ്ചായത്ത് കെട്ടിടം നിർമിച്ചതോടെ കഥ മാറി. സ്റ്റോപ്പ് മെമ്മോയുമായി രേണുരാജ് രംഗത്തെത്തി. പ്രളയബാധിത മേഖലയിൽ പഞ്ചായത്ത് എൻ.ഒ.സിയില്ലാതെ മൂന്നു നില കെട്ടിടം നിർമിക്കുന്നതിനെതിരെയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതിനെതിരെ സിപിഎം MLA തന്നെ രംഗത്തെത്തിയതോടെ രേണുരാജ് ഇനി എത്ര കാലം ദേവികുളത്ത് തുടരുമെന്നാണ് കണ്ടറിയേണ്ടത്? അധിക്ഷേപിക്കുന്ന ജനപ്രതിനിധിയെ തൊടാതെ, ഉദ്യോഗസ്ഥനെ ബലിയാടാക്കുന്ന പതിവ് തുടരുമോയെന്നാണ് അറിയാനുള്ളത്.
    First published: