• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rain Alert | ജൂൺ 11 വരെ വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Rain Alert | ജൂൺ 11 വരെ വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലില്‍നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന്‍റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലോടെ വ്യാപക മഴക്ക് സാധ്യത

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 11 വരെ വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലര്‍ട്ടുള്ളത്. മെയ് 9, 10, 11 തീയതികളിലും ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അറബിക്കടലില്‍നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന്‍റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലോടെ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്.

    കേരളതീരത്ത് ബുധനാഴ്ചയും കേരള -കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 11 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    ജൂണ്‍ 11 വരെ മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും ജൂണ്‍ ഒമ്ബത് മുതല്‍ 11വരെ തെക്കന്‍ കൊങ്കണ്‍ തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. കേരള തീരത്തും മുന്നറിയിപ്പുള്ള മറ്റു പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

    ഒരാഴ്ചയായി കർണാടക വരെ എത്തി നിൽക്കുന്ന കാലവർഷം തുടർന്നുള്ള ദിവസങ്ങളിൽ വടക്കോട്ട് പുരോഗമിക്കും. ആദ്യ ദിവസം കണ്ണൂർ വരെയും മൂന്നാം ദിനം കർണാടക ചിക്കമംഗളൂർ, കാർവാർ വരെയുമാണ് കാലവർഷം പുരോഗമിച്ചത്. ഇത് ഈ മാസം 13 ഓടെ മുംബൈയിലേക്കും തുടർന്ന് ജൂൺ പകുതിയോടെ ഗുജറാത്തിലും എത്താനാണ് സാധ്യത.

    അടുത്ത ഒരാഴ്ച കേരളത്തിൽ തെക്കൻ ജില്ലകളെക്കാൾ വടക്കൻ കേരളത്തിൽ കൂടുതൽ മഴയും പ്രതീക്ഷിക്കുന്നു. ഉച്ചകഴിഞ്ഞും വൈകുന്നേരവും മാത്രം കിഴക്കൻ പ്രദേശങ്ങളിലും മഴയുണ്ടാകും. ഇന്ന്  മുതൽ അന്തരീക്ഷ സ്ഥിതി മഴക്കനുകൂലമായി മെച്ചപ്പെടും. കൂടുതൽ ഇടങ്ങളിലേക്ക് കൂടുതൽ സമയങ്ങളിലും ശക്തിയിലും മഴ ലഭിച്ച് മൺസൂൺ ഉണർവ് കൈവരിക്കും.

    ജൂൺ രണ്ടാം വാരം മൺസൂൺ കേരളത്തിൽ ഊർജിതമാകും. എങ്കിലും ജൂൺ രണ്ടാം വാരത്തിൽ മഴ ചില ദിവസങ്ങളിൽ കുറയും. ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ സാധാരണയേക്കാൾ കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ സൂചന നൽകിയിരുന്നു.

    കേരളത്തിൽ കാലവർഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാൻ കാരണം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പുറത്തായതിനാൽ കാലവർഷം വടക്കോട്ട് പുരോഗമിക്കുന്നതിനും തടസ്സം ഉണ്ടാകും. എങ്കിലും അടുത്ത ഏതാനും ദിവസങ്ങളിൽ കാലവർഷം മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിലും എത്താൻ സാധ്യതയുണ്ട്.

    കഴിഞ്ഞദിവസം വടക്കൻ കേരളത്തിൽ കോഴിക്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴ കാലവർഷത്തിന്റ ഭാഗമല്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ചക്രവാത ചുഴിയുടെ സ്വാധീനമാണ് കനത്തമഴക്ക് കാരണമായത്. കാലവർഷത്തിന്റെ ഭാഗമായി ഇടിയോടു കൂടിയുള്ള മഴയല്ല ഉണ്ടാവുക.

    രാത്രികാലങ്ങളിൽ സംവഹന മേഘങ്ങളുടെ സാന്നിധ്യം മൂലമാണ് ഇപ്പോൾ കേരളത്തിൽ പല ഭാഗങ്ങളിലും മഴ ലഭിക്കുന്നത്. കാലവർഷക്കാറ്റ് സജീവമാകുന്നതോടെ ഈയൊരു സാഹചര്യം മാറ്റം വരുകയും സാധാരണ രീതിയിലുള്ള കാലവർഷത്തിന് ഭാഗമായ മഴ ലഭിക്കുകയും ചെയ്യും.

    തമിഴ്നാട്ടിലും മഴയുണ്ടാകും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ പെയ്യുന്ന മഴ കാലവർഷത്തിന്റെ ഭാഗമാണ്. അതിനാൽ അവിടെ ഇടക്കിടെ മഴ ശക്തമായി തുടരും. തെക്കു കിഴക്കൻ അറബിക്കടലിൽ കാലവർഷക്കാറ്റിന് ശക്തി കൂടിയിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നില്ല. ഈ സാഹചര്യത്തിന് അടുത്ത ദിവസങ്ങളിൽ മാറ്റം വരും. കടലിൽ കാലവർഷ പ്രതീതിയിൽ മഴ തുടരും.

    യു.എ.ഇയില്‍  ചിലയിടങ്ങളില്‍   ഇടിയോടെ മഴയ്ക്ക് സാധ്യത. കിഴക്കു ഭാഗത്ത് രൂപപ്പെടുന്ന സംവഹന മേഘങ്ങള്‍  ചില ഉൾനാടൻ ഭാഗങ്ങളില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇടിയോടെ മഴയും കാറ്റും മിന്നലും ഉണ്ടാകാം.
    Published by:Anuraj GR
    First published: