നിലമ്പൂരിൽ പട്ടാപകല്‍ കാട്ടാനകളുടെ ചവിട്ടേറ്റ് രണ്ട് ആദിവാസി സ്ത്രീകൾക്ക് പരിക്ക്. ചാലിയാര്‍ പഞ്ചായത്തിലെ പൈങ്ങാക്കോട് പണപ്പൊയില്‍ കോളനിയിലെ മുണ്ടി ( 54), മാതി (56) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് വിറക് ശേഖരിക്കുകയായിരുന്ന അഞ്ചംഗ ആദിവാസി സത്രീകള്‍ക്കു നേരെ
കാട്ടാന ആക്രമണം നടത്തിയത്. കാട്ടാനയെ കണ്ട് ഓടുന്നതിനിടയില്‍ വീണ ഇവരെ തുമ്പികൈ കൊണ്ട് കാട്ടാനകള്‍ തട്ടിയെറിയുകയായിരുന്നു. രണ്ട് പേര്‍ക്കും വാരിയെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. മാതിയുടെ വലത് കൈയ്യിന് പൊട്ടലുമുണ്ട്.
ഇവര്‍ വിറക് ശേഖരിക്കുന്നതിനിടെ മുളങ്കൂട്ടത്തിന് മറവിലൂടെയെത്തിയാണ് ആനകള്‍ ആക്രമണം നടത്തിയത്.ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച ഇവര്‍ക്ക് പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൂടെയുള്ള മറ്റു മൂന്ന് പേര് ഓടി രക്ഷപ്പെടുകയായിരുന്നു.
Also Read
വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു; നിലമ്പൂർ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
കഴിഞ്ഞ ഒരാഴ്ചയായി രണ്ട് ആനകള്‍ മൊടവണ്ണ, വേട്ടേക്കോട്, പൈങ്ങാക്കോട്, കുന്നത്ത്ചാല്‍ മേഖലകളില്‍ തമ്പടിച്ചിരിക്കുകയാണ്. വനം വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കാട്ടാന ആക്രമണം കൂടുമ്പോഴും നടപടി സ്വീകരിക്കാത്ത വനം വകുപ്പ് നടപടിക്കെതിരെ ഡിവൈ.എഫ് ഐ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ബ്ലോക്ക് പ്രസിഡന്റും നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായ സഹിൽ അകമ്പാടത്തിന്റെ നേതൃത്വത്തിൽ 100 ഓളം ഡി.വൈ എഫ് ഐ പ്രവർത്തകരും ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.ടി. ഉസ്മാൻ, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ രാത്രി 2 മണിക്കൂറോളം ഉപരോധിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് റേഞ്ച് ഓഫിസർ പ്രശ്ന പരിഹാര ചർച്ചക്ക് സമയം അനുവദിച്ചതോടെ ആണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.