• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിലമ്പൂരിൽ പട്ടാപ്പകൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം; കാട് കയറ്റാൻ റബ്ബർ ബുള്ളറ്റ് പ്രയോഗിച്ച് വനംവകുപ്പ്

നിലമ്പൂരിൽ പട്ടാപ്പകൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം; കാട് കയറ്റാൻ റബ്ബർ ബുള്ളറ്റ് പ്രയോഗിച്ച് വനംവകുപ്പ്

വലിയ ആനകളും നാലു ആനക്കുട്ടികളുടങ്ങുന്ന സംഘം ചാലിയാറിനിക്കരെയുള്ള വനമേഖലയില്‍ തന്നെ തമ്പടിക്കുകയാണ്

  • Last Updated :
  • Share this:
നിലമ്പൂരിൽ (Nilambur) പട്ടാപ്പകൽ കാട്ടാനകളുടെ ആറാട്ട്. നിലമ്പൂർ കോഴിക്കോട് റോഡിൽ കനോലി പ്ലോട്ടിന് അടുത്ത്  ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട് കയറ്റാൻ വനപാലകർ (Forest department) ഏറെ പാടുപെട്ടു. ശനിയാഴ്ച വൈകീട്ട് നിലമ്പൂര്‍ കനോലി പ്ലോട്ടിന് (Conolly's Plot) സമീപത്താണ് അഞ്ച് വലിയ ആനകളും നാലു ആനക്കുട്ടികളുമടങ്ങുന്ന സംഘം ഇറങ്ങിയത്. നോര്‍ത്ത് ഡി.എഫ്.ഒ, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരെത്തി ആനകളെ ഓടിച്ചുവിട്ടു. വലിയ ആനകളും നാലു ആനക്കുട്ടികളുടങ്ങുന്ന സംഘം ചാലിയാറിനിക്കരെയുള്ള വനമേഖലയില്‍ തന്നെ തമ്പടിക്കുകയാണ്. റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവെച്ചാണ് ഇവയെ ചാലിയാറിനക്കരെയുള്ള എളഞ്ചീരി വനമേഖലയിലേക്ക് ഓടിച്ചു വിട്ടത്. ഇവിടെ ചിലയിടങ്ങളില്‍ വേലി തകര്‍ന്ന ഭാഗത്ത് കൂടിയാണ് ആനകള്‍ കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ (കെ. എൻ.ജി) റോഡിലേക്ക് കടക്കാനുള്ള വഴികള്‍ കണ്ടെത്തുന്നത്.ഇന്നലെ രാത്രിയും നിലമ്പൂർ-കോഴിക്കോട് പാതയിൽ കാട്ടാനകൾ ഇറങ്ങിയിരുന്നു.

വെള്ളിയാഴ്ച രാത്രിയും നിലമ്പൂരിനെ ഭീതിയിലാക്കി കാട്ടാനകൾ വീണ്ടും റോഡിൽ ഇറങ്ങിയിരുന്നു.വനംവകുപ്പും പോലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് ആനകളെ കാട്ടിലേക്ക് തിരിച്ചയച്ചത്.  രാത്രി ഒൻപതരയോടെ  മൂന്ന് കാട്ടാനകൾ നിലമ്പൂർ-കോഴിക്കോട് പാതയിൽ കനോലി പ്ലോട്ടിന് സമീപം റോഡിൽ ഇറങ്ങിയത്. വനം വകുപ്പ് ആർ.ആർ.ടി, വിഭാഗത്തിലെ ജീവനക്കാരും, രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകരും, പോലീസും ചേർന്ന് ഒന്നര മണിക്കൂറോളം നടത്തിയ ശ്രമത്തിൽ രാത്രി 11 മണിയോടെ വടപുറം, താളിപൊയിൽ ഭാഗത്തുകൂടി കാട്ടാനകളെ കാട്ടിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടാന ശല്യം രൂക്ഷമായതോടെ നിലമ്പൂർ കോവിലകത്തുമുറിയിൽ ഉൾപ്പെടെ വനപാലകർ രാത്രിയിൽ പെട്രോളിംഗ് നടത്തുന്നുണ്ട്. ആയിരകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ റോഡിൽ രാത്രിയും പകലും കാട്ടാനകൾ ഇറങ്ങുന്ന അവസ്ഥയാണ്. മമ്പാട് ഓടായ്ക്കലിൽ റഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടെ ചാലിയാർ പുഴയിൽ ജലവിതാനം ഉയർന്നതും, ഭക്ഷണ സാധ്യതയുമുള്ളതാണ് ചാലിയാറിന്റെ തീരത്ത് കാട്ടാനകൾ തമ്പടിക്കാൻ കാരണം. പന്തിരായിരം വനം മേഖലയിൽ നിന്നും കുറുവൻ പുഴ കടന്ന് മൂവായിരം വനമേഖലയിലേക്ക് കടന്ന കാട്ടാനകളാണ് നിലവിൽ ചാലിയാർ ഭാഗത്തുള്ളത്. 25 ഓളം ആനകൾ പന്തീരായിരം മേഖലയിൽ നിന്നും മൂവായിരം വനമേഖലയിൽ എത്തിയിട്ടുണ്ടെന്നാണ് വനപാലകർ പറയുന്നത്.

Also read- Rain Alert | സംസ്ഥാനത്ത് മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിലമ്പൂർ മേഖലയിൽ കാട്ടാന അടക്കമുള്ള വന്യജീവികളുടെ ശല്യം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. നേരത്തെ വനമേഖലകളോട് ചേർന്നുള്ള  പ്രദേശങ്ങളിലായിരുന്നു  കാട്ടാനകൾ ഇറങ്ങിയിരുന്നതെങ്കിൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി നിലമ്പൂർ പട്ടണത്തിൽ പോലും പകൽസമയത്ത് വരെ കാട്ടാനകൾ ഇറങ്ങുന്നുണ്ട്.

കഴിഞ്ഞവർഷം നിലമ്പൂർ ടൗണിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലമ്പൂർ നഗരത്തിലെ ഓ സി കെ  ഓഡിറ്റോറിയത്തിൻ്റെ ഗേറ്റും മതിലും തകർത്ത് കാട്ടാന വനം വകുപ്പിൻ്റെ കെട്ടിടങ്ങൾക്കും നാശനഷ്ടം വരുത്തിയിരുന്നു.
Published by:Naveen
First published: