• HOME
 • »
 • NEWS
 • »
 • kerala
 • »
 • Elephant Attack| 'പടയപ്പ'യുടെ പരാക്രമം; തിന്നുതീർത്തത് ആറ് വാഴക്കുലയും 25 കിലോ പച്ചക്കറിയും; കാട്ടുകൊമ്പന്റെ വരവിൽ നഷ്ടം അരലക്ഷത്തോളം

Elephant Attack| 'പടയപ്പ'യുടെ പരാക്രമം; തിന്നുതീർത്തത് ആറ് വാഴക്കുലയും 25 കിലോ പച്ചക്കറിയും; കാട്ടുകൊമ്പന്റെ വരവിൽ നഷ്ടം അരലക്ഷത്തോളം

ഇത് ആറാം തവണയാണ് ഔസേപ്പിന്റെ കട തേടി പടയപ്പ എത്തുന്നത്. ഓരോ തവണയും കട തകർത്ത് പഴവും പച്ചക്കറിയും അകത്താക്കിയശേഷം നീട്ടിയൊന്ന് ചിന്നം വിളിച്ച് തിരികെ കാടുകയറുന്നതാണ് പതിവ്.

 • Share this:
  മൂന്നാർ: കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന് (KSRTC Bus) മുന്നിലെത്തിയ കാട്ടുകൊമ്പൻ ‘പടയപ്പ’ (Padayappa) ഇന്നലെ തകർത്തത് പഴം- പച്ചക്കറിക്കട. മൂന്നാർ ജി എച്ച് റോഡിൽ പെരുമ്പാവൂർ ചെറുകുന്നം സ്വദേശി എം‌ സി ഔസേപ്പ് നടത്തുന്ന കടയുടെ മുൻവശം തകർത്ത കാട്ടാന ആറു പഴുത്ത വാഴക്കുലകളും ആപ്പിൾ, മുന്തിരി, മാതളം എന്നിവയും തിന്നുതീർത്ത ശേഷം 25 കിലോഗ്രാം പച്ചക്കറിയും അകത്താക്കി. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കട തകർന്നതിന്റെ നഷ്ടം കൂടാതെയുള്ള കണക്കാണിത്.

  ഇത് ആറാം തവണയാണ് ഔസേപ്പിന്റെ കട തേടി പടയപ്പ എത്തുന്നത്. ഓരോ തവണയും കട തകർത്ത് പഴവും പച്ചക്കറിയും അകത്താക്കിയശേഷം നീട്ടിയൊന്ന് ചിന്നം വിളിച്ച് തിരികെ കാടുകയറുന്നതാണ് പതിവ്. പുലർച്ചെ നാലിനായിരുന്നു ഇന്നലത്തെ വരവ്. ദേവികുളത്തുനിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേനയെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തിരിച്ചയച്ചത്.

  2020ലാണ് ആന ആദ്യമായി ഈ കട നശിപ്പിച്ചത്. ഇതുവരെ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമാണ് ഔസേപ്പിനുണ്ടായത്. വനംവകുപ്പിൽ നിന്ന് ആകെ ലഭിച്ച നഷ്ടപരിഹാരം 50,000 രൂപയും. അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്കു വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുകയാണ്. രാത്രി വൈകിയും എത്തുന്ന വാഹനങ്ങൾക്ക് കാട്ടാനകൾ ഭീഷണി ഉയർത്തുന്നുണ്ട്. വനംവകുപ്പ് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.

  കഴിഞ്ഞ ദിവസം മൂന്നാറിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിർത്തി 'പടയപ്പ' പരാക്രമം കാട്ടിയിരുന്നു. ഉദുമൽപേട്ട - മൂന്നാർ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് നേരെയായിരുന്നു കാട്ടുകൊമ്പൻ എത്തിയത്. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിന് സമീപത്ത് വച്ചായിരുന്നു ആന ബസിന് നേരെ എത്തിയത്.

  Also Read- Accident| സ്കൂട്ടറിൽ ചരക്കുലോറി ഇടിച്ച് ഇരട്ട സഹോദരങ്ങൾ മരിച്ചു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

  ബസിന് നേരെ പാഞ്ഞടുത്ത ആനയെ കണ്ട് യാത്രക്കാർ ഭയന്നെങ്കിലും ഡ്രൈവർ മനസ്സാന്നിധ്യം കൈവിട്ടില്ല. ബസിന് മുന്നിൽ അൽപനേരം നിലയുറപ്പിച്ച ആനയുടെ കൊമ്പ് കൊണ്ട് ബസിന്റെ ഗ്ലാസ് തകർന്നു. ആന ബസിന് മുൻവശത്ത് നിന്നും മാറിയയുടൻ ഡ്രൈവർ വണ്ടിയെടുത്ത് മുന്നോട്ട് പോവുകയായിരുന്നു.

  നേരത്തെ രാത്രികാലങ്ങളില്‍ മൂന്നാര്‍ ടൗണിലടക്കം സ്ഥിരം സാന്നിധ്യമായിരുന്ന ആനയെ തൊഴിലാളികളാണ് 'പടയപ്പ' എന്ന ഓമനപ്പേരിട്ട് വിളിക്കാൻ തുടങ്ങിയത്. വഴിയോരകടക്കുള്ളില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ ഭക്ഷിക്കുന്നതുള്‍പ്പെടെ പതിവുമായിരുന്നു. ലോക്ഡൗൺ സമയത്ത് ടൗണിലെ സ്ഥിരം സന്ദർശകനായി മാറിയ ആന പക്ഷെ പിന്നീട് കാട്ടിലേക്ക് പോവാതെ നാട്ടിൽ തന്നെ തുടരുകയായിരുന്നു.

  നേരത്തെ ട്രാക്ടര്‍ കൊമ്പില്‍ കോര്‍ത്ത് 50 അടി താഴ്ചയിലേക്കെറി കൊമ്പൻ എറിഞ്ഞിരുന്നു. കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ കന്നിമലയ്ക്ക് സമീപമായിരുന്നു സംഭവം. കന്നിമല ഫാക്ടറിയിലേക്ക് എസ്റ്റേറ്റ് റോഡിലൂടെ വന്ന കൊളുന്ത് ചാക്കുകള്‍ നിറച്ച ട്രാക്ടറിന് നേരെയാണ് കൊമ്പന്‍ ആക്രമണം നടത്തിയത്.
  തേയിലത്തോട്ടത്തിലെ ചോലവനത്തിന്റെ അതിര്‍ത്തിയിലാണ് പടയപ്പ എത്തിയത്. വീതി കുറഞ്ഞ വഴിയായിരുന്നതിനാല്‍ പടയപ്പ മുന്നോട്ട തന്നെ നടന്നു. ഇതോടെ ട്രാക്ടറില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടി.

  Also Read- Found Dead| പട്ടാമ്പി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

  ട്രാക്ടറിനു സമീപമെത്തിയ ആന കടന്നുപോകാന്‍ വഴി കാണാതായതോടെ ആദ്യം കൊളുന്ത് ചാക്കുകള്‍ ഓരോന്നായി വലിച്ചെറിഞ്ഞു. എന്നിട്ടും അരിശം തീരാതെ ട്രാക്ടര്‍ കൊമ്പില്‍ കോര്‍ത്ത് 50 അടി താഴ്ചയിലേക്കു മറിച്ചിട്ടു. ആക്രമണകാരി അല്ലാത്ത പടയപ്പ അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ ആക്രമണസ്വഭാവം കാണിച്ചിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.
  Published by:Rajesh V
  First published: