തല്ലാൻ വന്ന ഗുണ്ട നായകന്റെ ഉറ്റ മിത്രമാകുന്ന കഥ ഒട്ടേറെ സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ട്. പാലക്കാട്ടെ ധോണിയില്‍ നിന്നുള്ള ഈ ആനക്കാഴ്ചയും അത്തരമൊരു സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ധോണി വനമേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നു.
പ്രദേശവാസികളുടെ അഭ്യര്‍ഥനയെ മാറ്റിച്ച് കാട്ടാനയെ പിടികൂടാന്‍ കുംകി ആനയെ (താപ്പാന) വനംവകുപ്പ് നിയോഗിച്ചു. പക്ഷെ നാട്ടിലിറങ്ങിയ കാട്ടാനയെ വരുതിയിലാക്കുന്നതിന് പകരം കാട്ടാനയുമായി ഊഷ്മളമായ ഒരു സൗഹൃദത്തിനാണ് കുംകിയാന തയാറായത് എന്നാണ് നാട്ടുകാരുടെ പരാതി. രണ്ട് ആനകളുടെയും ചങ്ങാത്തം കാരണം കാട്ടാന ശല്യത്തിന് പരിഹാരം കാണാനാകാതെ വനംവകുപ്പും പ്രതിസന്ധിയിലായി.
Also Read- പാലക്കാട് രാവിലെ നടക്കാനിറങ്ങിയയാളെ കാട്ടാന ചവിട്ടുകൊന്നു
നാട്ടിലിറങ്ങുന്ന കാട്ടാനകളെ വരുതിയിലാക്കാനും കെണിയില്‍ അകപ്പെട്ട ആനകളെ രക്ഷിക്കുന്നതിനും വേണ്ടി പ്രത്യേക പരിശീലനം നേടിയ ആനകളെയാണ് കുംകിയാനകളായി ഉപയോഗിക്കാറുള്ളത്.
പ്രദേശത്ത് ഇന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയ അറുപതുകാരനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. കുംകിയാനയെ ഉപയോഗിച്ച് കാട്ടാനെയെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പി.ടി 7 എന്ന് അറിയപ്പെടുന്ന കാട്ടാന ദുരന്തത്തിന് കാരണമായി മാറില്ലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.
Also Read- 'രാവിലെയെന്തിന് നടക്കാനിറങ്ങി? കാട്ടാന ചവിട്ടിക്കൊന്നതിലെ പ്രതികരണം;വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് CPM ഹർത്താൽ
ധോണി സ്വദേശി ശിവരാമ(60)നാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് പതിനഞ്ചോടെയാണ് സംഭവം.സുഹൃത്തുക്കൾക്കൊപ്പം ഒലവക്കോട് ധോണി റോഡിൽ നടക്കാനിറങ്ങിയതാണ് ശിവരാമൻ. പയറ്റാംകുന്നിന് സമീപമെത്തിയപ്പോൾ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. രക്ഷപ്പെടാനായി തൊട്ടടുത്ത പാടത്തേക്കിറങ്ങിയെങ്കിലും കാട്ടാന പിന്തുടർന്നെത്തി ചവിട്ടി കൊന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. അപകട വിവരം അറിയിച്ചപ്പോൾ എന്തിനു നടക്കാൻ ഇറങ്ങിയെന്ന പ്രതികരണമാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പട്ട് പ്രദേശത്ത് സിപിഎം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിലാണ് ഹർത്താൽ.
പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയായുള്ള പ്രദേശമാണ് ധോണി. തോണിയുടെ ആകൃതിയിലുള്ള കൂറ്റന്‍ പാറ സ്ഥിതി ചെയ്യുന്നതിനാലാണ് സ്ഥലത്തിന് ധോണി എന്ന് പേര് വന്നത്. പശ്ചിമ ഘട്ട മലനിരകളാലും ധോണി വെള്ളിച്ചാട്ടത്തിന്റെ സാന്നിദ്ധ്യം കൊണ്ടും പ്രശസ്തമായ ഈ പ്രദേശം ഒരു മികച്ച ട്രക്കിങ് കേന്ദ്രം കൂടിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.