• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഭാഗ്യ നമ്പരാകുമോ 13? സിപിഐയുടെ എതിർപ്പ് വിലപ്പോയില്ല; ചങ്ങനാശേരിയും ജോസിന്

ഭാഗ്യ നമ്പരാകുമോ 13? സിപിഐയുടെ എതിർപ്പ് വിലപ്പോയില്ല; ചങ്ങനാശേരിയും ജോസിന്

കേരളാ കോൺഗ്രസ് മാണി യുടെ രാഷ്ട്രീയത്തിൽ നിർണായകമായ അക്കമാണ് 13.

ജോസ് കെ മാണി

ജോസ് കെ മാണി

 • Last Updated :
 • Share this:
  തിരുവനന്തപുരം: ഇടതുമുന്നണി സീറ്റ് വിഭജനത്തിൽ നേട്ടം കൊയ്ത് ജോസ് കെ മാണി വിഭാഗം. കേരള കോണ്‍ഗ്രസ് എമ്മിന് 13 സീറ്റുകൾ നല്‍കാന്‍ ധാരണയായി. കേരളാ കോൺഗ്രസ് മാണി യുടെ രാഷ്ട്രീയത്തിൽ നിർണായകമായ അക്കമാണ് 13.

  2015 മാർച്ച് 13 നാണ് ബജറ്റ് അവതരിപ്പിക്കാൻ എത്തിയ കെഎം മാണിയെ സിപിഎം അംഗങ്ങൾ നിയമസഭയിൽ തടഞ്ഞ് പ്രതിഷേധം വെച്ചത്. അത് ധനമന്ത്രി എന്ന നിലയിൽ കെഎം മാണിയുടെ പതിമൂന്നാമത്തെ ബജറ്റ് ആയിരുന്നു. 1965 മുതൽ കെഎം മാണിയുടെ പാലായിൽ നിന്നുള്ള പതിമൂന്നാമത്തെ ജയമായിരുന്നു 2016 ലേത്. ഇതിനു ശേഷം അദ്ദേഹം മത്സരിച്ചതുമില്ല ബജറ്റ് അവതരിപ്പിച്ചുമില്ല.

  ആ 13, തുടർന്ന് കെഎം മാണിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ പിൻഗാമിയായ  ജോസ് കെ മാണിയുടെ ഭാഗ്യനമ്പർ ആകുമോ എന്നാണ് കാണേണ്ടത്.

  Also Read- ബാര്‍കോഴ കേസിൽ മുൻമന്ത്രി കെ. ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

  അത് എന്തായാലും ചുരുക്കത്തിൽ കെഎം മാണിയുടെ രാഷ്ട്രീയ കൗശലത്തേക്കാൾ ബഹുദൂരം മുന്നിലാണ് എതിരാളികൾ അത്ര വില നൽകാത്ത ജോസ് കെ മാണിയുടെത് എന്നത് വ്യക്തമായി. യുഡിഎഫിനൊപ്പം നിന്നപ്പോൾ പോലും കേരളാ കോൺഗ്രസ് (എം)ന് 10 സീറ്റ് മാത്രമാണ് ലഭിച്ചത് കാരണം 2016 ലെ 15 സീറ്റുകളിൽ അഞ്ചെണ്ണം ജോസഫ് പക്ഷമാണ് മത്സരിച്ചത്.

  എന്നാൽ ഇപ്പൊ കഥയാകെ മാറി. അഞ്ചുകൊല്ലം മുമ്പ് നടത്തിയ അപമാനത്തിന്റെ പശ്ചാത്താപമോ പ്രായശ്ചിത്തമോ ആയി സിപിഎം കേരളാ കോൺഗ്രസിന് വാരിക്കോരി നൽകി.ഇതിന് പ്രാദേശിക എതിർപ്പുകൾ പോലും ' വല്യേട്ടൻ' വക വെക്കുന്നില്ല എന്നത് ചില സിപിഐ നേതാക്കളെ എങ്കിലും അമ്പരപ്പിക്കുന്നുണ്ട്. സിപിഎം ശക്തി കേന്ദ്രങ്ങളായ റാന്നി, പെരുമ്പാവൂർ, ചാലക്കുടി, കുറ്റ്യാടി മണ്ഡലങ്ങളിൽ സിപിഎം നേതാക്കളും ഇതിനെ എതിർക്കുന്നുണ്ട്.

  ഘടകകക്ഷിയായ മറ്റൊരു പാർട്ടിക്കും നൽകാത്ത പോലെ ജോസ് കെ. മാണി ആവശ്യപ്പെട്ട അത്രയും സീറ്റ് സിപിഎം അവർക്ക് നൽകി എന്നതാണ് ശ്രദ്ധേയം. നാലുസീറ്റ് ചേദിച്ച എല്‍ ജെ ഡിക്ക് ആവശ്യം പരിഗണിച്ചില്ല. ഏഴുസീറ്റ് സി പി എമ്മും രണ്ടുസീറ്റ് സി പി ഐയും മൂന്നുസീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസും എന്‍ സിപി, ജെ ഡി എസ്, കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം എന്നിവര്‍ ഓരോ സീറ്റുവീതവും നഷ്ടപ്പെടുത്തിയാണ് പുതിയ കക്ഷികള്‍ക്ക് സീറ്റ് നല്‍കിയത്. ഇതോടെ സ്‌കറിയ തോമസ് വിഭാഗത്തിന് സീറ്റില്ലാതായി. നാലുസീറ്റില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് ഒന്നിലേക്ക് ചുരുങ്ങി.

  Also Read- 'സക്കീർഹുസൈന്റെ ഗോഡ് ഫാദർ പി.രാജീവിനെ വേണ്ട'; കളമശ്ശേരിയിൽ പോസ്റ്ററുകൾ

  1 .ഇരിക്കൂർ, കുറ്റ്യാടി, ചാലക്കുടി, പെരുമ്പാവൂർ, പിറവം, കടുത്തുരുത്തി, ചങ്ങനാശ്ശേരി, തൊടുപുഴ, ഇടുക്കി, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി,റാന്നി സീറ്റുകളിൽ എൽഡിഎഫിന് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ.
  2 .  കേരളാ കോൺഗ്രസ് തട്ടകമായ കോട്ടയത്ത് അഞ്ച് സീറ്റുമായി വല്യേട്ടൻ ആയി. (പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി) സിപിഎം വെറും മൂന്നു സീറ്റിൽ ഒതുങ്ങി. (കോട്ടയം പുതുപ്പള്ളി ഏറ്റുമാനൂർ )
  3. എൽഡിഎഫിൽ എത്തിയതിനു ശേഷം ആദ്യമായി സിപിഐയ്ക്ക് കോട്ടയം ജില്ലയിൽ ഒരു സീറ്റിൽ (വൈക്കം) ഒതുങ്ങേണ്ടി വന്നു. 1982 ൽ കോട്ടയത്തെ പത്തു സീറ്റിൽ എൽഡിഎഫ് മൂന്നു സീറ്റിലാണ് ജയിച്ചത്. അന്ന് സിപിഐ (2 ) സിപിഎം (1 ) എന്നായിരുന്നു നില.

  4. പത്തനംതിട്ട മുതൽ കണ്ണൂർ വരെ ജില്ലകളിൽ സ്ഥാനാർത്ഥികൾ
  5. പിറവം മുതൽ റാന്നി വരെ യാത്ര ചെയ്യുമ്പോൾ കടുത്തുരുത്തി, തൊടുപുഴ, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഇങ്ങനെ തുടർച്ചയായ എല്ലാ സീറ്റുകളിലും പാർട്ടി.

  ഇതിൽ സിപിഎം സീറ്റുകൾ ഉണ്ട് എന്നതും ഇതെല്ലാം പല ജില്ലകളിലുമായാണ് എന്നതും ശ്രദ്ധേയം. പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ കേരള കോൺഗ്രസ് എമ്മിന് കൊച്ചിയിൽ സിപിഎം വിട്ടുനൽകി. മുൻപ് സിപിഎം മത്സരിക്കുകയും കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കുകയും ചെയ്ത ചങ്ങനാശ്ശേരിയും ഇത്തവണ ജോസിന് സിപിഎം വിട്ടുനൽകി. കാൽ നൂറ്റാണ്ടായി സിപിഎം കൈവശം വെക്കുന്ന റാന്നി വിട്ടുകൊടുത്തതാണ് മറ്റൊരു നേട്ടം. രാജു എബ്രഹാമിന് പകരം ഒരു പേര് സിപിഎമ്മിൽ ഇല്ലാ എന്നതാണ് കേരളാ കോൺഗ്രസിന് എമ്മിന് അനുകൂലമായത്. സിപിഎം സിറ്റിംഗ് സീറ്റായ തൃശൂരിലെ ചാലക്കുടിയിൽ ഇടതു സ്ഥാനാർഥി രണ്ടിലയിൽ മത്സരിക്കുന്നതിന് തടസമുണ്ടായില്ല എന്നതും ശ്രദ്ധേയം.

  ഇടതു മുന്നണിക്ക് വേണ്ടി മാണി സി കാപ്പൻ പിടിച്ചെടുത്ത പാലായ്ക്കും പാർട്ടി എം എൽ മാരുടെ സിറ്റിംഗ് സീറ്റുകളായ, കാഞ്ഞിരപ്പള്ളി, ഇടുക്കി എന്നിവയ്ക്കും പുറമേ കടുത്തുരുത്തി, തൊടുപുഴ സീറ്റുകളും ആദ്യ റൗണ്ടിൽ തന്നെ ജോസിനു നൽകാൻ തീരുമാനമായിരുന്നു. ഇടുക്കിയിൽ ഇടതിന് വേണ്ടി തോറ്റ ഫ്രാൻസിസ് ജോർജ് ഇപ്പോൾ ജോസഫിനൊപ്പമാണ് എന്നത് അവിടെ കാര്യങ്ങൾ എളുപ്പമാക്കി. ഇത്തവണ ഇടുക്കിയിൽ റോഷി കാഞ്ഞിരപ്പള്ളിയിൽ ജയരാജ് എന്നിവർ കഴിഞ്ഞ തവണ എതിർത്ത മുന്നണിയുടെ സ്ഥാനാർഥികളായി. കാഞ്ഞിരപ്പള്ളിയിൽ ഇടതു മുന്നണിയുടെ സ്ഥിരം പരാജയ കക്ഷിയായ സിപിഐയുടെ എതിർപ്പിന് യാതൊരു പരിഗണനയും ഉണ്ടായില്ല.

  Also Read- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ CPM; കമ്മീഷനെയടക്കം ബിജെപി വരുതിയിലാക്കിയെന്ന് എ. വിജയരാഘവൻ

  ഇതിനൊപ്പം മലബാറിൽ രണ്ടു സീറ്റുകൾ കൂടി വരുന്നു. കണ്ണൂരിലെ ഇരിക്കൂര്‍, കോഴിക്കോട്ടെ കുറ്റ്യാടി. ഇതിൽ ഇരിക്കൂർ കോൺഗ്രസ് പതിറ്റാണ്ടായി ജയിക്കുന്ന മണ്ഡലമാണ് എങ്കിൽ കുറ്റ്യാടി കഴിഞ്ഞ തവണ മാത്രം തോറ്റ ശക്തി കേന്ദ്രമാണ്. മുസ്ലിം ലീഗിന് എതിരെ കേരളാ കോൺഗ്രസിലൂടെ ഒരു മുസ്ലിം സ്ഥാനാർഥി എന്ന തന്ത്രമാകും ഇടതു മുന്നണി ഇവിടെ പയറ്റുക. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള മുഹമ്മദ് ഇക്ബാൽ ആയിരിക്കും ഇവിടെ സ്ഥാനാർഥി. ഇദ്ദേഹം കഴിഞ്ഞ രണ്ടു തവണ പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി തോറ്റിരുന്നു.

  കേരളാ കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക

  1. പാലാ (2019 എൽഡിഎഫ് എൻസിപി )- ജോസ് കെ മാണി,
  2. ഇടുക്കി (2016 യുഡിഎഫ് കേരളാ കോൺഗ്രസ് എം)- റോഷി അഗസ്റ്റിൻ
  3. കാഞ്ഞിരപ്പള്ളി (2016 യുഡിഎഫ് കേരളാ കോൺഗ്രസ് എം)- എൻ ജയരാജ്
  4. ചങ്ങനാശ്ശേരി (2016 യുഡിഎഫ് കേരളാ കോൺഗ്രസ് എം) ജോബ് മൈക്കിൾ
  5. തൊടുപുഴ (2016 യുഡിഎഫ് കേരളാ കോൺഗ്രസ് എം) കെ എ ആന്റണി
  6. ഇരിക്കൂർ (2016 യുഡിഎഫ് കോൺഗ്രസ് ) സജി കുറ്റ്യാനിമറ്റം
  7. കുറ്റ്യാടി,(2016 യുഡിഎഫ് മുസ്ലിം ലീഗ് ) മുഹമ്മദ് ഇഖ്ബാൽ
  8. പെരുമ്പാവൂർ (2016 യുഡിഎഫ് കോൺഗ്രസ് ) ബാബു ജോസഫ്
  9. പിറവം (2016 യുഡിഎഫ് കേരളാ കോൺഗ്രസ് ജേക്കബ് )ജിൽസ് പെരിയപുറം

  സാധ്യത

  10. റാന്നി (2016 എൽഡിഎഫ് സിപിഎം ) എൻ എം രാജു അല്ലെങ്കിൽ പ്രമോദ് നാരായണൻ
  11. പൂഞ്ഞാർ (2016 ജനപക്ഷം പിസി ജോർജ് ) സെബാസ്റ്യൻ കുളത്തുങ്കൽ അല്ലെങ്കിൽ എം കെ തോമസുകുട്ടി
  12. കടുത്തുരുത്തി (2016 യുഡിഎഫ് കേരളാ കോൺഗ്രസ് എം) സ്റ്റീഫൻ ജോർജ് ,സിന്ധുമോൾ ജേക്കബ്, സിറിയക് ചാഴികാടൻ, നിർമലാ ജിമ്മി, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാല
  13. ചാലക്കുടി (2016 എൽഡിഎഫ് സിപിഎം ) ചർച്ച തുടരുന്നു.

  Key words: Will the number  turn lucky Kerala Congres (M)as CPM provides 13 seats to  the party led by KM Mani son Jose K Mani in Kerala Assembly Elections 2021 ?
  Published by:Chandrakanth viswanath
  First published: