ജാതി ഇടപെടലിന്റെ ഹിതപരിശോധനയാകുമോ അഞ്ചിടത്തെ പോരാട്ടം?
ജാതി ഇടപെടലിന്റെ ഹിതപരിശോധനയാകുമോ അഞ്ചിടത്തെ പോരാട്ടം?
അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നണികള്‍ തമ്മിലുള്ള മത്സരമാണോ അതോ ജാതിസംഘടനകള്‍ തമ്മിലുള്ള മല്‍പ്പിടുത്തമാണോ. രാഷ്ട്രീയമത്സരമാണെന്ന് നേതാക്കള്‍ അവകാശപ്പെട്ടാലും അവര്‍ അറിഞ്ഞു കൊണ്ട് ജാതിസംഘടനകള്‍ക്ക് നല്‍കിയിരിക്കുന്ന അംഗീകാരവും പ്രാധാന്യവുമാണ് ഈ ഉപതെരഞ്ഞെടുപ്പുകളെ വ്യത്യസ്തമാക്കുന്നത്.
പാലായില്‍ മാണി സി കാപ്പന് ജയിച്ച ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ വാര്‍ത്താസമ്മേളനം പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. അട്ടിമറി വിജയത്തില്‍ മതിമറക്കാതെ തികച്ചും എളിമയോടെ സംസാരിച്ച കോടിയേരി പക്ഷെ ഒരു കാര്യത്തില്‍ നിലവിട്ടു. എസ് എന്‍ ഡി പിയുടെ സഹായത്തിന് പരസ്യമായി നന്ദി പറഞ്ഞു. പാലായില്‍ കിട്ടിയ സഹായത്തിനപ്പുറം ബാക്കി അഞ്ചിടത്തേക്കുള്ള കൈകൊടുക്കല്‍ കൂടിയായിരുന്നു ആ തുറന്നുപറച്ചിലിന് പിന്നില്‍. ജാതിസംഘടനകളുടെ സഹായത്തെക്കുറിച്ചും ശത്രുതയെക്കുറിച്ചും പാര്‍ട്ടി കമ്മിറ്റികളിലും വിലയിരുത്തല്‍ റിപ്പോര്‍ട്ടുകളിലും ഒതുങ്ങി നിന്നിരുന്ന പരാമര്‍ശങ്ങള്‍ പൊതുവേദിയില്‍ പറയാനും മടിയില്ലാത്ത പാര്‍ട്ടിയായി സിപിഎം അതോടെ മാറി.
എന്‍ എസ് എസ് എങ്ങനെ വെറുതെയിരിക്കും
പ്രഖ്യാപിത സമദൂരത്തിനും സൗകര്യമുള്ള ശരിദൂരത്തിനും ഇടയില്‍ എന്‍ എസ് എസ് എവിടെ നില്‍ക്കണമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് എസ് എന്‍ ഡി പി ഇടതുപക്ഷത്തോടും സിപിഎമ്മിനോടും ഒട്ടിച്ചേര്‍ന്ന സാഹചര്യം ഉണ്ടായത്. എസ് എന്‍ ഡി പിയെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ കൂടി നിരന്നതോടെ എന്‍ എസ് എസ് നിലപാട് പൊതിഞ്ഞു പറഞ്ഞു. ശബരിമല പ്രശ്നത്തില്‍ കേന്ദ്രത്തേയും സംസ്ഥാനത്തേയും ഒരു പോലെ കുറ്റപ്പെടുത്തിയ ശേഷം ശരിദൂരത്തെക്കുറിച്ച് പറയുമ്പോള്‍ എന്‍ എസ് എസ് പിന്തുണ യുഡിഎഫിന് തന്നെ മനസിലാക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല. ഈ നിലപാടിനെ കെ പി സി സി പ്രസിഡന്റ് സ്വാഗതം ചെയ്യുകയും ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തെ സഹായത്തിന് നന്ദി പറയുകയും ചെയ്തതോടെ ശരിക്കും മത്സരം ജാതിസംഘടനകള്‍ തമ്മിലായി. ഉപതെരഞ്ഞെടുപ്പ് രംഗത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ വെറും മുഖംമൂടികള്‍ മാത്രമായി.
ബിജെപി എന്തുചെയ്യും
എസ് എന്‍ ഡി പിയും എന്‍ എസ് എസും രണ്ടിടത്തായി അണിനിരക്കുമ്പോള്‍ ബിജെപി എന്തു ചെയ്യും മുന്നോക്കസമുദായത്തിന്റെ വോട്ടുകളെ എന്‍ എസ് എസ് നിലപാട് അടര്‍ത്തിമാറ്റുമോ ബി ഡി ജെ എസിന്റെ പിണക്കം ഈഴവവോട്ടുകളെ അകറ്റുമോ തുടങ്ങിയ ചിന്തകള്‍ ബിജെപിക്കുണ്ടായാല്‍ അതു വെറുതെയല്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ ആശയക്കുഴപ്പവും ശബരിമല പ്രശ്നത്തിലടക്കം നേതൃത്വത്തില്‍ തന്നെയുള്ള അപസ്വരങ്ങളും ഉണ്ടാക്കുന്ന തലവേദന വേറേയും.
ജാതിക്കളിയില്‍ ആര് ജയിക്കും
ഉപതെരഞ്ഞെടുപ്പ് ഫലം മുന്നണികളേക്കാള്‍ ജാതിസംഘടനകളുടെ അഭിമാനപോരാട്ടമാണ്. വട്ടിയൂര്‍ക്കാവില്‍ എന്‍ എസ് എസിനും അരൂരില്‍ എസ് എന്‍ ഡി പിക്കും അവരവര്‍ പിന്തുണയ്ക്കുന്ന മുന്നണിയുടെ തോല്‍വിയെക്കുറിച്ച് ആലോചിക്കാന്‍ പോലുമാകില്ല. കോന്നിയില്‍ അതോടെ ബലാബലമാകും. എറണാകുളത്തും മഞ്ചേശ്വരത്തും ന്യൂനപക്ഷവോട്ടുകളും വിധി നിര്‍ണയിക്കുന്ന അവസ്ഥ വരുന്നതോടെ രാഷ്ട്രീയത്തിലെ ജാതി ഇടപെടലിന്റെ ഹിതപരിശോധനയാകും അഞ്ചിടത്തെ പോരാട്ടം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.