തിരുവനന്തപുരം: പാര്‍ട്ടിയെയും ഇടതു മുന്നണിയേയും ഒരു പോലെ നാണക്കേടിലാക്കിയ പേയ്മെന്റ് സീറ്റ് വിവാദമുയര്‍ന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ഇക്കുറി അഭിമാന പോരാട്ടത്തിനുറച്ച് സി.പി.ഐ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായി ബന്ധവുമില്ലാത്ത ബന്നറ്റ് എബ്രാഹാമാണ് സി.പി.ഐയുടെ ചിഹ്നത്തില്‍ കോണ്‍ഗ്രസിലെ ശശി തരൂരിനോട് മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തിയത്. എം. എന്‍ ഗോവിന്ദനെയും പി.കെ വാസുദേവന്‍ നായരെയും പന്ന്യന്‍ രവീന്ദ്രനെയുമൊക്കെ ലോക്സഭയിലേക്കു തെരഞ്ഞെടുത്തയച്ച മണ്ഡലമാണ് തിരുവനന്തപുരം. അതുകൊണ്ടു തന്നെ തരൂരിനെതിരെ ശക്തനായ സ്ഥാനാര്‍ഥിക്കാകും പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കുക.
ഇതിനിടയിലാണ് മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകന് ഡോ. വി രാമന്‍കുട്ടിയുടെ പേരും സജീവമായി സിപി.ഐയുടെ സ്ഥാനാർഥി ചർച്ചയിൽ ഉയര്‍ന്നുവരുന്നത്. ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിന്റെ കീഴിലുള്ള അച്യുതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ മേധാവിയായിരുന്ന രാമന്‍കുട്ടി രാഷ്ട്രീയ രംഗത്ത് സജീവമല്ലെങ്കിലും സി.പി.ഐയുടെ പല പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നയാളാണ്.നിലവിൽ ചിത്രകാരനും ആരോഗ്യപ്രവർത്തകനുമാണ് ഡോ. രാമൻകുട്ടി.
![]()
2005 ല്‍ പി.കെ വാസുദേവന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 74,200 വോട്ടിനാണ് കോണ്‍ഗ്രസിലെ വി.എസ് ശിവകുമാറിനെ പന്ന്യന്‍ രവീന്ദ്രന് പരാജയപ്പെടുത്തിയത്. പന്ന്യന്‍ 3,90,324 വോട്ട് നേടിയപ്പോള്‍ വി.എസ്. ശിവകുമാറിന് 3,16,124 വോട്ടു മാത്രമെ നേടാനായുള്ളൂ. ബി.ജെ.പി സ്ഥാനാര്‍ഥി സി.കെ. പത്മനാഭന് 36,690 വോട്ടു നേടി. 2009-ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.രാമചന്ദ്രന് നായരാണ് ശശി തരൂരിനെതിരെ സ്ഥാനാര്‍ഥിയായത്. തരൂര്‍ 99,998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കന്നിയങ്കത്തില്‍ രാമചന്ദ്രന് നായരെ പരാജയപ്പെടുത്തിയത്. തരൂര്‍ 3,26,725 വോട്ട് നേടിയപ്പോള്‍ രാമചന്ദ്രന് നായര്‍ക്ക് 2,26,727 വോട്ട് മാത്രമെ നേടാനായുള്ളൂ. ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ച നീല ലോഹിതദാസന്‍ നാടാര്‍ 86,233 വോട്ട് നേടിയതും ഇടതു സ്ഥാനാര്തിയുടെ വോട്ട് നഷ്ടമാക്കി. 2014-ല്‍ ശശി തരൂര്‍ 2,97,806 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ 2,82336 വോട്ടും നേടിയപ്പോള്‍ സി.പി.ഐ സ്ഥാനാര്‍ഥിയായ ബെന്നറ്റ് എബ്രഹാം 2,48,941 വോട്ടോടെ മൂന്നാം സ്ഥാനത്തായി. പേയ്മെന്റ് സീറ്റ് വിവാദത്തിനു പിന്നാലെ ഇടതു സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായതും സി.പി.ഐയ്ക്കുണ്ടാക്കിയ നാണക്കേട് ചെറുതല്ല.
1977 മുതല്‍ സി.പി.ഐയുടെ പ്രതിനിധികള്‍ സ്ഥാനാര്‍ഥിയാകുന്ന മണ്ഡലമായതിനാല്‍ ഇത്തവണ കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ നാണക്കേട് മാറ്റിയെടുത്ത് ജയം ഉറപ്പിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥിയെ രംഗത്തിറക്കുകയെന്ന തന്ത്രമാകും സി.പി.ഐ പയറ്റുക.
Also Read
റിമ കല്ലിങ്കല്‍ മത്സരിക്കുമോ?ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.