• HOME
  • »
  • NEWS
  • »
  • kerala
  • »
  • അസംതൃപ്തരെ ഒപ്പംകൂട്ടാന്‍ എല്‍ഡിഎഫ്; ബിജെപി കോട്ടയം ജില്ലാ മുന്‍ പ്രസിഡന്റ് എല്‍ഡിഎഫില്‍ എത്തുമോ? ചര്‍ച്ചകള്‍ സജീവം

അസംതൃപ്തരെ ഒപ്പംകൂട്ടാന്‍ എല്‍ഡിഎഫ്; ബിജെപി കോട്ടയം ജില്ലാ മുന്‍ പ്രസിഡന്റ് എല്‍ഡിഎഫില്‍ എത്തുമോ? ചര്‍ച്ചകള്‍ സജീവം

പ്രതിപക്ഷത്തുള്ള രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടി നൽകാൻ  ഉള്ള നീക്കം കൂടി ആയാണ് ഇതിനെ സിപിഎം കാണുന്നത്.

News18

News18

  • Last Updated :
  • Share this:
കോട്ടയം: മറ്റു പാർട്ടികളിലെ അതൃപ്തരെ ഒപ്പം കൂട്ടാനുള്ള നീക്കമാണ് അടുത്ത കാലത്ത് സിപിഎം നടത്തിവരുന്നത്.  കോൺഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ നിരവധി മുൻനിര നേതാക്കളെ തന്നെ ഒപ്പം കൂട്ടാൻ സിപിഎമ്മിന് ആയി. പ്രതിപക്ഷത്തുള്ള രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടി നൽകാൻ  ഉള്ള നീക്കം കൂടി ആയാണ് ഇതിനെ സിപിഎം കാണുന്നത്. ഈ സാഹചര്യത്തിലാണ് കോട്ടയം  ബിജെപിയിൽ ഉണ്ടായ പൊട്ടിത്തെറി മുതലാക്കാൻ  ഇടതു പാളയത്തിൽ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്.

കാലാവധി പൂർത്തിയായ എൻ ഹരിക്ക് പകരം നോബിൾ മാത്യുവിനെ 2020 മാർച്ച്‌ 12 ന് ആണ് ബിജെപിയുടെ കോട്ടയം ജില്ലാ അധ്യക്ഷനായി നോമിനേറ്റ് ചെയ്തത്. അതിനുമുൻപ് തന്നെ ബിജെപിയുമായി അടുപ്പത്തിലായിരുന്നു നോബിൾ മാത്യു. 2014 ൽ തുടക്കം. കേരള കോൺഗ്രസ് എം പ്രാദേശിക നേതാവായിരുന്ന നോബിൾ മാത്യു കേരള കോൺഗ്രസ് നാഷണലിസ്റ്റ് എന്ന പാർട്ടി രൂപീകരിച്ച് എൻഡിഎയിൽ എത്തി. അൽഫോൻസ് കണ്ണന്താനത്തിന് ശേഷം മറ്റൊരു മുന്നണിയിൽ നിന്നെത്തിയ ക്രൈസ്തവ നേതാവ് എന്നതായിരുന്നു നോബിൾ മാത്യുവിന്റെ പ്രത്യേകത. ബിജെപിയും ഉയർത്തിക്കാട്ടാൻ ശ്രമിച്ചത് ഇതുതന്നെ. മുന്നണിയിൽ എത്തിയ നോബിളിന്റെ പാർട്ടിക്ക് വൻ സ്വീകരണമാണ് ബിജെപി നൽകിയത്. ക്രൈസ്തവ സഭകൾക്ക് ഏറെ സ്വാധീനമുള്ള കോട്ടയം ലോക്സഭാ മണ്ഡലത്തിൽ 2014 ൽ  സ്ഥാനാർത്ഥിയായത് നോബിൾ മാത്യു ആയിരുന്നു.

രാജ്യത്താകമാനം ബിജെപി തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ കേരളത്തിലും ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കി. തിരുവനന്തപുരത്ത് ശശിതരൂരിനെതിരെ രാജഗോപാൽ 14,000 വോട്ടുകൾക്ക് മാത്രമാണ് തോറ്റത്.  പക്ഷേ കോട്ടയം ഫലം പുറത്തു വന്നപ്പോൾ ബിജെപി ഞെട്ടി. സംസ്ഥാനത്താകെ  ബിജെപി ഏറ്റവും പിന്നിലായ മണ്ഡലമായിരുന്നു കോട്ടയം. കേവലം 5.33 ശതമാനം വോട്ടോടെ 44,357 വോട്ടുകൾ മാത്രമാണ് അന്ന് നേടാനായത്.

എങ്കിലും നോബിൾ മാത്യു കേരള കോൺഗ്രസ് നാഷണലിസ്റ്റ് പാർട്ടിയിൽ നിന്നും ബിജെപിയിൽ തന്നെ എത്തി.2016 ൽ. ആദ്യം ബിജെപി സംസ്ഥാന സമിതി അംഗമായി. ഹൈക്കോടതി അഭിഭാഷകൻ കൂടിയായ നോബിളിന് പിന്നീട് ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷ പദവി ബിജെപി നൽകി.

കോട്ടയം രാഷ്ട്രീയത്തിൽ ജില്ലാ ഘടകത്തിന്റെ നിർദ്ദേശം കൂടി തള്ളിയാണ് 2014 ൽ നോബിൾ സ്ഥാനാർത്ഥിയായത്.2020 ലും ജില്ലയിലെ ബിജെപി പ്രവർത്തകർക്ക് ഞെട്ടലുണ്ടാക്കുന്ന തീരുമാനം സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു.  നോബിൾ മാത്യു ജില്ലാ പ്രസിഡണ്ടായി. ബിജെപിയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്.  അന്നത്തെ പ്രസിഡന്റ് എൻ ഹരി വീണ്ടും സാധ്യത ഏറിയപ്പോൾ ക്രൈസ്തവ മുഖം വേണം എന്ന തന്ത്രം  മുന്നോട്ടു വെച്ചാണ് നോബിളിനെ ജില്ലാ പ്രസിഡണ്ട് ആക്കിയത്.

ജില്ലാനേതാക്കൾ പ്രതീക്ഷിക്കാതെ 2014ൽ സ്ഥാനാർത്ഥിയായ പോലെയായിരുന്നു 2021 ജില്ലാ അധ്യക്ഷസ്ഥാനത്ത് നിന്ന് നോബിൾ തെറിച്ചതും. പ്രവർത്തകരെ ഒപ്പം കൊണ്ടു പോകാത്ത നേതാവെന്ന ആക്ഷേപമായിരുന്നു പലപ്പോഴും നോബിൾ  നേരിടേണ്ടിവന്നത്.  മോശം പെരുമാറ്റത്തിന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പല തവണ പരാതികൾ കേൾക്കേണ്ടി വന്നു. ഒടുവിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഒരുലക്ഷത്തോളം വോട്ടുകളുടെ കുറവ് വന്നപ്പോൾ മുതൽ നോബിളിന്റെ പുറത്തേക്കുള്ള വഴി തുറന്നു.

പാർട്ടിയിൽ ഒരു പദവിയും നൽകിയില്ലെങ്കിൽ ഹൈക്കോടതിയിൽ അഭിഭാഷകനായി തുടരുമെന്ന് നോബിൾ കഴിഞ്ഞദിവസം തന്നെ പ്രഖ്യാപിച്ചു. താൻ സുരേന്ദ്രൻ ഗ്രൂപ്പിന്റെ ആളല്ലെന്ന് പൊട്ടിത്തെറിച്ചു കൊണ്ട് നോബിൾ  പറഞ്ഞു. അവിടെയാണ് സിപിഎം തുടങ്ങുന്നത്. ബിജെപിയുടെ ഒരു മുൻജില്ലാ അധ്യക്ഷനെ തന്നെ മുന്നണിയിൽ എത്തിച്ചാൽ അത് ഗുണമാകും എന്ന് സിപിഎമ്മിലെ ഒരുവിഭാഗം കരുതുന്നു. എന്നാൽ നേരിട്ട് സിപിഎമ്മിൽ എടുക്കണോ എന്ന ശങ്കയുണ്ട്. പിന്നെയുള്ള വഴി ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് ആണ്. നോബിളിന്റെ അടുത്ത ബന്ധു കേരളാ കോണ്‍ഗ്രസ് ജോസിന്റെ ജില്ലാ പഞ്ചായത്ത് അംഗവുമാണ്.കാഞ്ഞിരപ്പള്ളിയിലെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാവ് ആയിരുന്ന നോബിൾ നിന്ന് കെഎം മാണിയെ കുറ്റം പറഞ്ഞാണ് പുറത്തെത്തിയത്.

നോബിളിനെ സ്വീകരിക്കാൻ തന്ത്രശാലിയായ ജോസ് കെ മാണി തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ പത്രിക തള്ളാൻ ഏറ്റവും കൂടുതൽ മുറവിളി കൂട്ടിയത് നോബിൾ  മാത്യു ആയിരുന്നു. തനിക്ക് തലവേദനയാകാൻ സാധ്യതയുള്ള ഒരു നേതാവിനെയും പാർട്ടിയിൽ എടുക്കുന്ന ചരിത്രം ജോസ് കെ മാണിക്ക് ഇല്ല. എല്ലാം വെട്ടിത്തുറന്ന് പറയുന്ന നോബിളിനോട്‌ ജോസിന് താല്പര്യം ഉണ്ടാകുമോ എന്നത് സംശയമാണ്.

പിന്നെ ഉള്ളത് എൻസിപി. ഏതായാലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നോബിൾ  മാത്യു എൽഡിഎഫിൽ എത്തുന്നത് ഗുണം എന്ന് തന്നെയാണ് മുന്നണിയുടെ വിലയിരുത്തൽ. എന്നാൽ ചർച്ചകൾക്കൊടുവിൽ മാത്രമാകും ഇതിൽ അന്തിമ തീരുമാനം വരുക.

ന്യൂനപക്ഷ മോർച്ചയുടെ ദേശീയ പദവിയാണ് നോബിൾ മാത്യു പ്രതീക്ഷിക്കുന്നതെന്നാണ് സൂചന. തൃപ്തിപ്പെടുത്തുന്ന തീരുമാനമുണ്ടായാൽ നോബിൾ ബിജെപിയിൽ തുടരും. ഇല്ലെങ്കിൽ കോട്ടയം പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് കാരണമാകും എന്നുറപ്പ്.
Published by:Jayesh Krishnan
First published: