മലപ്പുറം: രണ്ടാം പിണറായി മന്ത്രി സഭാ രൂപീകരണത്തിൻ്റെ ആലോചനകൾ തിരുവനന്തപുരത്ത് സജീവമാകുമ്പോൾ മലപ്പുറത്തും ചർച്ചകൾക്ക് ചൂടേറുക ആണ്. പുതിയ മന്ത്രി സഭയിൽ ജില്ലയെ പ്രതിനിധീകരിച്ച് ആരെല്ലാം ഉണ്ടാകും എന്നതാണ് മലപ്പുറത്തെ പ്രധാന സംസാര വിഷയം.
കഴിഞ്ഞ തവണ സ്പീക്കർ സ്ഥാനത്ത് പി ശ്രീരാമകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ ഹജ്ജ് വകുപ്പ് മന്ത്രിയായി കെ.ടി. ജലീൽ എന്നിവർ ആയിരുന്നു ക്യാബിനറ്റിൽ മലപ്പുറം ജില്ലയുടെ പ്രതിനിധികൾ. ഇത്തവണ മലപ്പുറത്ത് മുൻപ് നേടിയ 4 സീറ്റുകളും നില നിർത്താനും ഇടത് പക്ഷത്തിന് സാധിച്ചു. ഇനി ആരെല്ലാം ആകും മന്ത്രി സഭയുടെ ഭാഗം ആകുക എന്നതാണ് അറിയേണ്ടത്.
ലോകായുക്ത വിധിയെ തുടർന്ന് രാജി വെക്കേണ്ടി വന്ന കെ.ടി. ജലീലിന് ഇത്തവണ അവസരം ലഭിക്കുമോ എന്നതാണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം. കഴിഞ്ഞ 5 വർഷത്തിനിടെ ജലീൽ ഉൾപ്പെട്ട വിവാദങ്ങൾ പലതും പാർട്ടിയെ പലവട്ടം പ്രതിസന്ധിയിൽ ആക്കിയിരുന്നു. മറ്റ് വിവാദങ്ങളിൽ എല്ലാം സർക്കാർ ഒപ്പം നിന്നത് ജലീലിന് തുണ ആയെങ്കിൽ ലോകായുക്ത വിധി വന്നപ്പോൾ സാഹചര്യം മാറി. ഹൈക്കോടതി കൂടി ഈ വിധി അംഗീകരിച്ചത് ജലീലിനും തിരിച്ചടി ആയി. അത് കൊണ്ട് തന്നെ ഇത്തവണ ജലീലിനെ ഉന്നത പദവികളിലേക്ക് പാർട്ടി നേതൃത്വം രണ്ടുവട്ടം ആലോചിച്ച ശേഷം മതേമെ പരിഗണിക്കൂ.
Also Read- കുഞ്ഞാപ്പ ഇനി മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കട്ടെ; രൂക്ഷ വിമര്‍ശനവുമായി അണികള്‍
നിലമ്പൂർ എംഎൽഎ പിവി അൻവറും രണ്ടാം അങ്കത്തിൽ ജയിച്ചു കയറി. കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവും അധികം വിവാദങ്ങളിൽ ഉൾപെട്ട ഇടത് എംഎൽഎമാരിൽ ഒരാളാണ് പി വി അൻവർ. ആരോപണങ്ങൾ എല്ലാം ജനം തള്ളി എന്ന് രണ്ടാം വിജയം ചൂണ്ടികാട്ടി വിശദീകരിക്കുമ്പോഴും അൻവറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യം ആണ്.
താനൂരിൽ പികെ ഫിറോസിനെതിരെ ശക്തമായ പോരാട്ടം നടത്തി ജയം പിടിച്ചെടുത്ത വി അബ്ദു റഹ്മാൻ ആണ് ജില്ലയിൽ നിന്നുള്ള മറ്റൊരു ഇടത് സ്വതന്ത്ര എംഎൽഎ. കഴിഞ്ഞ തവണ പാർട്ടിയെയും മുന്നണിയും സർക്കാരിനെയും പ്രതിസന്ധിയിൽ ആക്കുന്ന തരത്തിൽ ഒരു വിവാദവും അബ്ദുൽ റഹ്മാനിൽ നിന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യം ആണ്. എല്ലാ മത സാമുദായിക സംഘടനകളുമായി അടുപ്പം കാത്ത് സൂക്ഷിക്കുന്ന വ്യക്തി ആണ് അബ്ദു റഹ്മാൻ എന്നതും മലപ്പുറത്തെ സവിശേഷ സാഹചര്യത്തിൽ പ്രധാനപെട്ട കാര്യം ആണ്.
Also Read- Assembly Election | KPCC ആസ്ഥാനമുള്ള ശാസ്തമംഗലം വാർഡിൽ കോൺഗ്രസ് മൂന്നാമത്
പൊന്നാനിയിൽ നിന്നും മിന്നും ജയം നേടിയ പി നന്ദകുമാർ ആണ് പാർട്ടി ചിഹ്നത്തിൽ ജയിച്ച ഏക സ്ഥാനാർഥി. ആദ്യമായി ആണ് നിയമസഭയിൽ എങ്കിലും സംസ്ഥാനത്തെ തന്നെ ഏറ്റവും മുതിർന്ന നേതാക്കൾ ഒരാളാണ് പി നന്ദകുമാർ. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് അർഹമായ പ്രാതിനിധ്യം നേതൃത്വം നൽകും എന്ന് തന്നെ വേണം പ്രതീക്ഷിക്കാൻ.
കഴിഞ്ഞ തവണത്തെ പോലെ മലപ്പുറത്തിന് സ്പീക്കറും ഒരു മന്ത്രി സ്ഥാനവും ലഭിക്കുമോ അതോ ഏതെങ്കിലും ഒന്നിൽ ഒതുങ്ങുമോ, ഒന്നിൽ അധികം മന്ത്രിമാർ ഇവിടെ നിന്നും ഉണ്ടാകുമോ തുടങ്ങി പ്രതീക്ഷയോടെ ചോദ്യങ്ങൾ ഏറെ ഉയരുന്നുണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Captain Pinarayi, Kerala Assembly Election Result 2021, Kt jaleel, Malappuram, Pv anwar