നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

    ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

    കരിനിയമത്തിന്‍റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി

    മുഖ്യമന്ത്രി പിണറായി വിജയൻ

    മുഖ്യമന്ത്രി പിണറായി വിജയൻ

    • Share this:
      തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാനസര്‍ക്കാര്‍ ചോദ്യംചെയ്യും. പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

      ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്ര ഗവണ്‍മെന്‍റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ സന്തതിയാണ് ഈ നിയമ ഭേദഗതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

      "കരിനിയമത്തിന്‍റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. രാജ്യത്തിന്‍റെ ഭരണഘടനയുടെ അടിത്തറ തന്നെ മതേരതത്വമാണ് എന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര ഗവണ്‍മെന്‍റ് സൃഷ്ടിക്കുന്നത് മതത്തിന്‍റെ മാത്രം അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ്."

      "ഇന്ത്യാ വിഭജനം നടന്നപ്പോള്‍ ഞങ്ങള്‍ക്ക് മതരാഷ്ട്രമായ പാകിസ്ഥാന്‍ അല്ല വേണ്ടത്; മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് ജീവിക്കാന്‍ താല്‍പര്യം എന്നു പറഞ്ഞ് ഇങ്ങോട്ട് കടന്നുവന്ന അനേകായിരം മുസ്ലിം സഹോദരങ്ങള്‍ ജീവിക്കുന്ന നാടാണ് നമ്മുടേത്. മതനിരപേക്ഷതയാണ് നമ്മുടെ നാടിന്‍റെ ഔന്നത്യം. അതുവിട്ട് മതരാഷ്ട്രമായ പാകിസ്ഥാനോട് നമ്മളെത്തന്നെ ഉപമിക്കുകയും അവിടെ നടക്കുന്നതുപോലെ ഇവിടെയും വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന പ്രാകൃത രാഷ്ട്രീയമാണ് ആര്‍എസ്എസിന്‍റേത്."

      "വ്യത്യസ്ത ജാതി-മത-വംശങ്ങളില്‍ പെട്ട ആളുകള്‍ ഐക്യത്തോടെ സഹവര്‍ത്തിക്കുന്ന നാട് എന്നതാണ് ഇന്ത്യയുടെ സാര്‍വദേശീയ ഖ്യാതി. അത് തകര്‍ക്കാനും കലാപ കലുഷിതമായ മതരാഷ്ട്രങ്ങളുടെ ദുര്‍ഗതിയിലേക്ക് രാജ്യത്തെ നയിക്കാനുമുള്ളതാണ് പൗരത്വ ഭേദഗതി നിയമം. ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിത്."

      Also Read പൗരത്വ ബിൽ: പ്രതിഷേധം ആളിക്കത്തി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ; അസമിൽ നിരോധനാജ്ഞ

      "കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അത് ഭരണഘടനാ ദത്തമാണ്. ആ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ നയം. സവര്‍ക്കര്‍ തുടങ്ങിവെച്ച് ഗോള്‍വാള്‍ക്കറിന്‍റെ വിചാരധാരയിലൂടെ വളര്‍ത്തിയെടുത്ത ഹിന്ദുരാഷ്ട്രം എന്ന അജണ്ട പ്രാവര്‍ത്തികമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്."

      നമ്മുടെ ഭരണഘടനയാണ് എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ പൗരത്വം ഉറപ്പുവരുത്തുന്നത്. ആ ഭരണഘടന രൂപപ്പെട്ടത് സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന വിവിധ ചിന്താഗതികളെയും സമരങ്ങളെയും ഒക്കെ സ്വാംശീകരിച്ച പുരോഗമന മൂല്യങ്ങളില്‍ അധിഷ്ഠിതമായാണ്. മതത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്കാരത്തിന്‍റെയോ ലിംഗത്തിന്‍റെയോ തൊഴിലിന്‍റെയോ ഭേദവിചാരങ്ങളില്ലാതെ ഇന്ത്യക്കാരായ എല്ലാവര്‍ക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന ഒന്നാണ് ഇന്ത്യന്‍ പൗരത്വം. ആ ഉറപ്പ് ലംഘിക്കുന്നതാണ് കേന്ദ്രം പാസാക്കിയെടുത്തിരിക്കുന്ന പൗരത്വ ഭേദഗതി ബില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
      Published by:Aneesh Anirudhan
      First published:
      )}