തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ മൂന്നു സ്ത്രീകളെയും രണ്ട് യുവാക്കളെയും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിര്‍ദ്ദേശം പാലിച്ചാല്‍ തന്നെ സിറ്റിംഗ് സീറ്റിലടക്കം ജയ സാധ്യതയുള്ള വനിതകളെയും യുവാക്കളെയും കണ്ടെത്തുകയെന്നതും ശ്രമകരമാണ്. നിര്‍ദ്ദേശം പൂര്‍ണമായും പാലിക്കുന്നത് ജയസാധ്യതയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.
16 സീറ്റുകളാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ത്തന്നെ ഈ തെരഞ്ഞെടുപ്പില്‍ ഒരോ സീറ്റുകള്‍ അധികമായി ലഭിക്കണമെന്ന അവകാശവാദവുമായി മുസ്ലീംലീഗും കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭാ സീറ്റ് നല്‍കിയെന്ന കാരണം ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസിന്റെ അവകാശവാദം തള്ളിക്കളയാമെങ്കിലും ലീഗ് സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ കോണ്‍ഗ്രസിനു വഴങ്ങേണ്ടി വരും. ജനതാദള്‍ മുന്നണി വിട്ട സാഹചര്യത്തിലാണ് കഴിഞ്ഞ തവണ അവര്‍ മത്സരിച്ച് പാലക്കാട് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ ഈ സീറ്റിലാണ് ലീഗ് അവകാശവാദമുന്നയിക്കുന്നതും. വര്‍ഷങ്ങളായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാത്ത സീറ്റായതിനാല്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വരും. അങ്ങനെയെങ്കില്‍ ബാക്കിയുള്ള 15 സീറ്റിലേ കോണ്‍ഗ്രസിനു സ്ഥാനാര്‍ഥികളെ നിര്‍ത്താനാകൂ. തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, വടകര സീറ്റുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. കാസര്‍കോട്, കണ്ണൂര്‍, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തു. ഇതില്‍ ആറ്റിങ്ങലില്‍ ബിന്ദു കൃഷ്ണയും ആലത്തൂരില്‍ കെ.എ ഷീബയുമായിരുന്നു വനിതാ സ്ഥാനാര്‍ഥികള്‍. യുവമുഖമായി ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെയും രംഗത്തിറക്കി.
എന്നാല്‍ ഇക്കുറി മൂന്ന് വനിതകള്‍ വേണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം പൂര്‍ണമായും പാലിച്ചാല്‍ സിറ്റംഗ് എം.പിമാരെ മാറ്റി നിര്‍ത്തേണ്ടി വരുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഇത് ജയ സാധ്യതയ്ക്ക് തിരിച്ചടിയാകുകയും ചെയ്യും. കഴിഞ്ഞ തവണ നഷ്ടമായ ചാലക്കുടി, തൃശൂര്‍, ഇടുക്കി മണ്ഡലങ്ങള്‍ മികച്ച സ്ഥാനാര്‍ഥികളെ ഇറക്കി തിരിച്ചു പിടിക്കാമെന്ന കണക്കു കൂട്ടിലിലാണ് നേതാക്കള്‍. എന്നാല്‍ ഈ സീറ്റുകളിലേക്ക് വനിതകളെ കണ്ടെത്തുക ശ്രമകരമാണ്. അഥവാ ദേശീയ അധ്യക്ഷന്റെ നിര്‍ദ്ദേശം ഈ സീറ്റുകളില്‍ നടപ്പാക്കിയാല്‍ ചാലക്കുടിയിലോ തൃശൂരോ പദ്മജയുടെ പേര് പരിഗണിച്ചേക്കാം.
സിറ്റിംഗ് സീറ്റുകളില്‍ നിലവിലെ എം.പിമാര്‍ തന്നെ സ്ഥാനാര്‍ഥികളാകാനാണ് സാധ്യത. ഇതില്‍ മത്സരത്തിനില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വടകരയില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവരും. എന്നാല്‍ മുല്ലപ്പള്ളി മത്സരിച്ചില്ലെങ്കില്‍ മണ്ഡലം നഷ്ടമാകുമെന്ന വാദവും നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. കെ.സി വേണുഗോപാല്‍ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി ആയതിനാല്‍ മത്സരത്തിനിറങ്ങുമോയെന്നും വ്യക്തമല്ല. അങ്ങനെയെങ്കില്‍ ആലപ്പുഴയിലും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടി വരും. ഇവിടെ വനിതാ സ്ഥാനാര്‍ഥിക്ക് പ്രമുഖ്യം നല്കിയാല് ഷാനിമോള്‍ ഉസ്മാന്റെ പേരാകും ഉയര്‍ന്നുവരിക. എന്നാല്‍ സിറ്റിംഗ് സീറ്റ് ആയതിനാല്‍ ജയസാധ്യത കൂടി പരിഗണിച്ചുള്ള സ്ഥാനാര്‍ഥി നിര്ണയത്തിനേ കോണ്‍ഗ്രസ് തയാറാകൂ.
Also Read
ലോക്സഭ; കന്നി മത്സരത്തിന് ഉമ്മന്‍ ചാണ്ടി ചുരമിറങ്ങുമോ?
മറ്റൊരു സിറ്റിംഗ് സീറ്റായ വയനാട്ടില്‍ മുന്‍ എം.പി എം.ഐ ഷാനവാസിന്റെ മകള്‍ അമീനയുടെ പേരും ചില നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുള്ളതിനാല് ഈ നീക്കം അത്ര എളുപ്പമായിരിക്കില്ല. ഇനി ജയ സാധ്യത കുറഞ്ഞ സീറ്റുകളില്‍ വനിതകളെ ഇറക്കാന്‍ തീരുമാനിച്ചാലും അതിനു പറ്റിയവരെ കണ്ടെത്തുകയെന്നതും കോണ്‍ഗ്രസിന് ഏറെ ശ്രമകരമാണ്.
യുവനേതാക്കളില്‍ ഡി.സി.സി അധ്യക്ഷന്മാരായ എം. ലിജു, ടി.സിദ്ധിഖ്, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത് തുടങ്ങിയവരെയാണ് സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.