പാലാ ബിഷപ്പിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തായാലും അതിനെതിരെ ഒറ്റക്കെട്ടായി നിൽക്കും: സിറോ മലബാർ സഭ
പാലാ ബിഷപ്പിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തായാലും അതിനെതിരെ ഒറ്റക്കെട്ടായി നിൽക്കും: സിറോ മലബാർ സഭ
പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിൽനിന്ന് പിന്മാറണം. ബിഷപ്പിനെതിരെ നടപടി വേണം എന്ന ആവശ്യം ആസൂത്രിതം ആണ്. സമൂഹത്തിലെ സാഹോദര്യം നഷ്ടപ്പെടുത്താൻ മാത്രമാണ് ഇത്തരം നീക്കങ്ങൾ ഉപകരിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പൂർണമായും തള്ളി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് സിറോ മലബാർ സഭ ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. പാലാ ബിഷപ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന വാർത്താക്കുറിപ്പ് അതിനെതിരായ നീക്കങ്ങളെ തള്ളിപ്പറയുന്നു. സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. പുതിയ സാഹചര്യത്തിൽ അടിയന്തരമായി ചേർന്ന് ഓൺലൈൻ യോഗത്തിന് ശേഷമാണ് വാർത്താക്കുറിപ്പ് പുറത്തിറക്കുന്നത് എന്ന് ആൻഡ്രൂസ് താഴത്ത് വിശദീകരിക്കുന്നു. താമരശ്ശേരി ബിഷപ്പ് ഉൾപ്പെടെയുള്ള മറ്റ് ബിഷപ്പുമാരും യോഗത്തിൽ പങ്കെടുത്തതായി ആൻഡ്രൂസ് താഴത്ത് പറയുന്നു. സംയുക്ത അഭിപ്രായമാണ് ഈ കാര്യത്തിൽ ഉണ്ടായതെന്നും വാർത്താക്കുറിപ്പിൽ ആൻഡ്രൂസ് താഴത്ത് വിശദീകരിക്കുന്നു.
വാർത്താകുറിപ്പിലെ പ്രശസ്ത ഭാഗങ്ങൾ ഇങ്ങനെ. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രഭാഷണം പൂർണ്ണമായും വിശ്വാസികളെ ഉദ്ദേശിച്ചായിരുന്നു. അതിനു പിന്നാലെ ഇപ്പോൾ നടക്കുന്ന വിവാദം ദൗർഭാഗ്യകരം ആണ്. പാലാ ബിഷപ്പ് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മത വിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ല എന്നത് എല്ലാവർക്കും വ്യക്തമാണ്. മാത്രമല്ല യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് ആണ് നാർക്കോ ജിഹാദ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. കേരള സമൂഹത്തിലും അപകടകരമായ ഈ മരണ വ്യാപാരം നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതിനെതിരെയാണ് പാലാ ബിഷപ്പ് പ്രതികരിച്ചത്.
സഭാ വിശ്വാസികളോട് ആണ് ഈ പ്രസംഗം എന്നത് ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും, ചില പ്രസ്ഥാനങ്ങളും അവഗണിച്ചു. പിന്നീട് രണ്ടു മതങ്ങൾ തമ്മിലുള്ള പ്രശ്നം ആയി അവതരിപ്പിച്ചു. അതാണ് വിവാദങ്ങൾക്ക് കാരണമായത്. പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിൽനിന്ന് പിന്മാറണം. ബിഷപ്പിനെതിരെ നടപടി വേണം എന്ന ആവശ്യം ആസൂത്രിതം ആണ്. സമൂഹത്തിലെ സാഹോദര്യം നഷ്ടപ്പെടുത്താൻ മാത്രമാണ് ഇത്തരം നീക്കങ്ങൾ ഉപകരിക്കുക. ഈ യാഥാർത്ഥ്യം അറിഞ്ഞിട്ടും പലവിധ സമ്മർദങ്ങൾക്ക് വഴങ്ങി പാലാ ബിഷപ്പിനെ കുറ്റപ്പെടുത്താൻ ഉള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി പിതാവിനൊപ്പം നിൽക്കും.
വർഗീയത വളർത്തുന്ന യാതൊരു നിലപാടും സിറോ മലബാർ സഭ ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നും വാർത്താക്കുറിപ്പിൽ പറയുന്നു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണ് എന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. കേരള സമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഫലപ്രദമായി അന്വേഷിക്കണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ ശക്തമായ പോരാട്ടം തുടരുമെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെ സിറോ മലബാർ സഭനിലപാട് വ്യക്തമാക്കി എന്നതാണ് ശ്രദ്ധേയം. ഇക്കാര്യത്തിൽ ഉറച്ച നിലപാടിൽ തുടരുമെന്നും വാർത്താക്കുറിപ്പ് പറയുന്നു. സർക്കാരും സഭയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലിനു തുടക്കമിടുകയാണ് ഈ സംഭവം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.