തൃശ്ശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി ലഭിക്കുമോ ? ആനയെ പരിശോധിച്ച വൈദ്യ സംഘം ഉപാധികളോടെ എഴുന്നള്ളിപ്പിന് അനുവദിക്കാമെന്ന് റിപ്പോർട്ട് നൽകി. എന്നാൽ രണ്ടാാഴ്ചയ്ക്ക് ശേഷം തൃശൂർ ജില്ലാ കലക്ടർ അധ്യക്ഷനായ നാട്ടാന നിരീക്ഷണ കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
പൂരക്കാലം ആരംംഭിച്ചതോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എവിടെയെന്ന ചോദ്യമുയരുന്നത്. ഉത്സവങ്ങളിലോ മറ്റ് ആഘോഷപരിപാടികളിലോ പങ്കെടുക്കാനാവാത്ത വിധമുള്ള വിലക്കിലാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ. ഏറെ ആരാധകരുള്ള രാമചന്ദ്രനെ സ്വന്തം ക്ഷേത്രമായ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനുപോലും എഴുന്നള്ളിക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ മറ്റൊരു ഉത്സവകാലം ആരംഭിച്ചതോടെ പൂരപ്രേമികൾക്ക് ആശ്വാസകരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. വിദഗ്ധ വൈദ്യസംഘം കഴിഞ്ഞദിവസം ആനയെ പരിശോധിച്ചിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി നൽകുന്ന തരത്തിൽ അനുകൂലമായ റിപ്പോർട്ടാണ് വൈദ്യസംഘം ജില്ലാകളക്ടർക്ക് നൽകിയിരിക്കുന്നതെന്നാണ് വിവരം . കാലിലെ വ്രണം ഉണങ്ങും വരെ ആനയ്ക്ക് വിശ്രമം ആവശ്യമാണ്. രണ്ട് ആഴ്ച്ചക്കാലമാണ് ഇതിനായി വൈദ്യസംഘം വിലയിരുത്തിയിട്ടുള്ളത്.
എന്നാൽ ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നൽകേണ്ടത് ജില്ലാകളക്ടറുടെ അധ്യക്ഷതയിലുള്ള നാട്ടാന നിരീക്ഷണ കമ്മറ്റിയാണ് . രണ്ടാഴ്ച്ചയ്ക്ക് ശേഷം ചേരുന്ന കമ്മറ്റി യോഗം വൈദ്യസംഘത്തിന്റെ റിപ്പോർട്ടിന്മേൽ നടപടിയെടുക്കും .
ഇതിനിടയിൽ വനംവകുപ്പ് വിലക്ക് തുടരാനുള്ള നിർദ്ദേശം നൽകുകയാണെങ്ങിൽ എഴുന്നള്ളിപ്പിനുള്ള അനുമതി അനിശ്ചിതത്വത്തിലാകും . വിലക്ക് നിലനിൽക്കുന്നതിനാൽ പ്രത്യേക അനുമതിയോടെയാണ് കഴിഞ്ഞ വർഷം തൃശൂർ പൂരത്തിന് രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.