മൂന്നാര്‍: ജനവാസമേഖലയിലിറങ്ങി വാഴകള്‍ നശിപ്പിച്ച് 'പടയപ്പ'. ഞായറാഴ്ച രാത്രി ഒന്പതോടൊയാണ് കാട്ടന വീണ്ടുമിറങ്ങിയത്. കാട്ടാന മാറാതെ നിന്നതിനെ തുടര്‍ന്ന് മൂന്നരമണിക്കൂറോളം ദമ്പതിമാര്‍ വീട്ടില്‍ കുടുങ്ങി. ന്യൂ കോളനിയില്‍ താമസിക്കുന്ന ശിവയും ഭാര്യ മുത്തുവുമാണ് പടയപ്പ കാരണം വീട്ടില്‍ കുടുങ്ങിയത്.
പ്രധാനറോഡിലൂടെ നടന്ന ആനയെ നാട്ടുകാര്‍ ചേര്‍ന്ന് ഓടിച്ച് കാട്ടിലേക്കുമടക്കിയിരുന്നു. എന്നാല്‍ രാത്രി 11 മണിയ്ക്ക് വീണ്ടുമെത്തി ശിവയുടെ മുന്പില് നിന്നിരുന്ന വാഴകള്‍ തിന്നുനശിപ്പിച്ചു. ആന എത്തിയതറിഞ്ഞ് ശിവയും ഭാര്യയും പുറത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും വീടിന് തൊട്ടുമുന്പില് ആന നിന്നതിനാല്‍ കഴിഞ്ഞില്ല.
വെളുപ്പിന് രണ്ടരയോടെയാണ് ആനയെ ഓടിച്ചത്. വീടിന്റെ ചുറ്റുമതിലും തകര്‍ത്തായിരുന്നു മടക്കം. ഒരാഴ്ചയായി ടൗണിലും പരിസരങ്ങളിലും പടയപ്പയുടെ ശല്യം പതിവാണ്. ഈ മാസം ഏഴിന് കെഎസ്ആര്‍ടിസി ബസിന് നേരെയായിരുന്നു കാട്ടുകൊമ്പന് എത്തിയത്. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിന് സമീപത്ത് വച്ചായിരുന്നു ആന ബസിന് നേരെ എത്തിയത്.
ബസിന് മുന്നില്‍ അല്പനേരം നിലയുറപ്പിച്ച ആനയുടെ കൊമ്പ് കൊണ്ട് ബസിന്റെ ഗ്ലാസ് തകര്‍ന്നു. മറ്റൊരു ദിവസം ഒരു കടയുടെ മുന്‍വശം തകര്‍ത്ത കാട്ടാന ആറു പഴുത്ത വാഴക്കുലകളും ആപ്പിള്‍, മുന്തിരി, മാതളം എന്നിവയും തിന്നുതീര്‍ത്ത ശേഷം 25 കിലോഗ്രാം പച്ചക്കറിയും അകത്താക്കി. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കട തകര്‍ന്നതിന്റെ നഷ്ടം കൂടാതെയുള്ള കണക്കാണിത്.
ഇത് ആറാം തവണയാണ് ഔസേപ്പിന്റെ കട തേടി പടയപ്പ എത്തുന്നത്. ഓരോ തവണയും കട തകര്‍ത്ത് പഴവും പച്ചക്കറിയും അകത്താക്കിയശേഷം നീട്ടിയൊന്ന് ചിന്നം വിളിച്ച് തിരികെ കാടുകയറുന്നതാണ് പതിവ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.