കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. മലപ്പുറം വേങ്ങരയിൽ നിന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി പിടിയിലായത്. ഇന്ന് പുലർച്ചെയാണ് യുവതി ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. രാവിലെ 7.30ന് വേങ്ങരയിൽ ബസ്സിറങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു.
മലപ്പുറത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് യുവതി. ഇന്നലെ ആറു മണിയോടെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ബിഹാർ സ്വദേശിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഫെബ്രുവരി നാലിനാണ് 31 കാരിയായ യുവതിയെ അറസ്റ്റ് ചെയ്തത്. കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ കുതിരവട്ടത്തേക്ക് മാറ്റിയത്.
Also Read- അവിഹിതമറിഞ്ഞ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിലെ ടോയ്ലറ്റ് പൊളിച്ച് രക്ഷപ്പെട്ടു
ഫൊറൻസിക് വാർഡിലായിരുന്ന തടവുകാരി രക്ഷപ്പെട്ടത് സഹതടവുകാർ അറിഞ്ഞിരുന്നുവെന്നാണ് സൂചന. കുഞ്ഞിനെ കാണാൻ എന്ന് പറഞ്ഞാണ് ഇവർ പുറത്തുകടന്നത്. വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കി പുറത്തു കടന്ന് ഒന്നാം നിലയിൽ നിന്ന് തൂങ്ങി ഇറങ്ങുകയായിരുന്നു. മതിലിലെ കേബിളുകൾ പിടിച്ചാണ് പുറത്ത് കടന്നത്.
യുവതി രക്ഷപ്പെട്ട വിവരം അറിഞ്ഞ ഉടനെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇവർ താമസിച്ചിരുന്ന വേങ്ങരയിലെ പ്രദേശങ്ങളും മാനസികാരോഗ്യ കേന്ദ്രത്തിന് സമീപ പ്രദേശങ്ങളിലുമെല്ലാമായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.