നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓടുന്ന ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു; രക്ഷകനായി കോട്ടയം നഗരത്തിൽ ആംബുലൻസ് ഡ്രൈവർ

  ഓടുന്ന ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു; രക്ഷകനായി കോട്ടയം നഗരത്തിൽ ആംബുലൻസ് ഡ്രൈവർ

  ഓട്ടോറിക്ഷക്ക് ഉള്ളിലിരുന്ന് തന്നെ യുവതി പ്രസവിക്കുന്നത് കണ്ട രഞ്ജിത്താണ്  ആംബുലൻസിൽ ഉണ്ടായിരുന്ന തുണിയുമായി കുഞ്ഞിനെ കോരിയെടുത്തത്

  kottayam_GH

  kottayam_GH

  • Share this:
  കോട്ടയം: ഓടുന്ന ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു. നഗര ഹൃദയത്തിൽ ആണ് വൈകുന്നേരം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കോട്ടയം ചവിട്ടുവരി സ്വദേശിനിയായ  ശ്രീക്കുട്ടി ബാബുജി ആണ് നഗരത്തിനുള്ളിൽ  ഓട്ടോറിക്ഷയിൽ കിടന്ന് പ്രസവിച്ചത്. ഇന്നു വൈകുന്നേരം അഞ്ചുമണിയോടെ മനോരമ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ സമീപമാണ് സംഭവം അരങ്ങേറിയത്.

  വയറുവേദനയെ തുടർന്നാണ് ഓട്ടോറിക്ഷയിൽ ശ്രീക്കുട്ടിയും കൂട്ടുകാരിയും കോട്ടയം ജനറൽ ആശുപത്രിയിലേക്ക് വന്നത്. വേദന കൂടിയതോടെ മനോരമ ജംഗ്ഷന് സമീപം ഡ്രൈവർ സന്തോഷ്  ഓട്ടോ നിർത്തുകയായിരുന്നു. തുടർന്ന്  ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ ഓട്ടോ ഡ്രൈവർ സന്തോഷ്  നാട്ടുകാരുടെ സഹായം തേടി. ഈ സമയത്താണ്  നാഗമ്പടത്തെ സ്വകാര്യആശുപത്രിയിൽ രോഗിയെ എത്തിച്ച ശേഷം മടങ്ങുകയായിരുന്ന ആംബുലൻസ് സ്ഥലത്ത് എത്തിയത്. സംഭവമറിഞ്ഞതോടെ ആംബുലൻസ് ഡ്രൈവർ പാത്താമുട്ടം പ്ലാപ്പറമ്പിൽ രഞ്ജിത്ത് സഹായവുമായി രംഗത്ത് എത്തുകയായിരുന്നു.

  ഓട്ടോറിക്ഷക്ക് ഉള്ളിലിരുന്ന് തന്നെ യുവതി പ്രസവിക്കുന്നത് കണ്ട രഞ്ജിത്താണ്  ആംബുലൻസിൽ ഉണ്ടായിരുന്ന തുണിയുമായി കുഞ്ഞിനെ കോരിയെടുത്തത്. സംഭവം നടന്ന ഉടൻ തന്നെ ഓട്ടോയിൽ ഇവർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് പോയി. ഇവിടെ എത്തിയ ശേഷമാണ് കുഞ്ഞിന്റെ പൊക്കിൾകൊടി ബന്ധം വേർപെടുത്തിയത്. തുടർന്ന് രഞ്ജിത്ത് കുഞ്ഞിനെ നഴ്സുമാരുടെ പക്കൽ ഏൽപ്പിക്കുകയായിരുന്നു. ശ്രീക്കുട്ടിയേയും കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്‍റെ യും അമ്മയുടെയും ആരോഗ്യനില തൃപ്തികരം ആണെന്നാണ് ആശുപത്രിയിൽ നിന്നും ഡോക്ടർമാർ അറിയിക്കുന്നത്.

  പാത്താമുട്ടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് രഞ്ജിത്ത്. കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനവുമായി രഞ്ജിത്ത് ഏറെക്കാലമായി സജീവമാണ്. സംഭവം പുറത്തറിഞ്ഞതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ളവർ രഞ്ജിത്തിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിൽ അംഗമാണ് രഞ്ജിത്ത്. രഞ്ജിത്ത് നടത്തിയ സമയോചിത ഇടപെടലാണ് സംഭവത്തിൽ നിർണായകമായത്. കോട്ടയം നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇയാൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് ശ്രീക്കുട്ടിക്ക്  പ്രസവ വേദന അനുഭവപ്പെട്ടത്. ഇതിനെത്തുടർന്നാണ് സന്തോഷിന്റെ ഓട്ടോ വിളിച്ച്  ആശുപത്രിയിലേക്ക് പോകാൻ ശ്രീക്കുട്ടി തീരുമാനിച്ചത്.

  നഗരഹൃദയത്തിൽ നടന്ന നാടകീയ സംഭവങ്ങൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വരെയും ആശങ്കയിലാക്കി. ഏതായാലും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചതിന്റെ   ആശ്വാസത്തിലാണ് ഓട്ടോ ഡ്രൈവർ സന്തോഷും. ഇത്രയും അപകടകരമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ആദ്യം മനസ്സിലായിരുന്നില്ല എന്നാണ് സന്തോഷ് പറയുന്നത്. ഓട്ടോറിക്ഷയിൽ പ്രസവിക്കുന്ന സമയത്ത് യുവതി അബോധാവസ്ഥയിൽ ആയിരുന്നു എന്നും സന്തോഷ് പറയുന്നു. ഏതായാലും ആശുപത്രിയിലെത്താൻ 300 മീറ്റർ മാത്രം അകലെ വെച്ചാണ് യുവതി പ്രസവിച്ചത് എന്നതും ആശ്ചര്യം ഉളവാക്കുന്നതാണ്.

  നേരത്തെയും വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായത്  ധൈര്യപൂർവ്വം ഈ വിഷയത്തിൽ ഇടപെടാൻ തുണയായതായി  ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് വ്യക്തമാക്കി. അപകടം ഒന്നുമില്ലാതെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് സംഭവത്തിൽ ഡോക്ടർമാരും ആശ്ചര്യത്തിൽ ആണ്.
  Published by:Anuraj GR
  First published:
  )}