• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് രണ്ട് ഡോസ് വാക്സിൻ ഒരുമിച്ച് കുത്തിവെച്ചു; യുവതി നിരീക്ഷണത്തിൽ

തിരുവനന്തപുരത്ത് രണ്ട് ഡോസ് വാക്സിൻ ഒരുമിച്ച് കുത്തിവെച്ചു; യുവതി നിരീക്ഷണത്തിൽ

ഇന്ന് രാവിലെ വാക്സിൻ എടുത്ത മലയിൻകീഴ് സ്വദേശിയായ 25 കാരിക്കാണ് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചത്

Covid_Vaccine (പ്രതീകാത്മക ചിത്രം)

Covid_Vaccine (പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മലയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ വാക്സിൻ എടുത്ത മലയിൻകീഴ് സ്വദേശിയായ 25 കാരിക്കാണ് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചത്. ഇതേത്തുടർന്ന് യുവതിയെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം സംഭവത്തിൽ ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

    നേരത്തെ ആലപ്പുഴയിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 28നാണ് കരുവാറ്റയിൽ 65 കാരന് രണ്ടാം ഡോസ് വാക്സിൻ മിനിട്ടുകളുടെ വ്യത്യാസത്തിൽ  രണ്ട് തവണ കുത്തിവെക്കുകയായിരുന്നു. കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അശ്രദ്ധ ഉണ്ടായ കാര്യം  ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു.

    ഹരിപ്പാട്, കരുവാറ്റ ഇടയിലിൽ പറമ്പിൻ ഭാസ്കരനെയാണ്  മിനിട്ടുകളടെ വ്യത്യാസത്തിൽ  രണ്ടു തവണ  വാക്സിൻ കുത്തിവെച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഭാസ്കരൻ  കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. രജിസ്ട്രേഷൻ നടപടികൾക്ക് ശേഷം പതിനൊന്നരയോടെ കോവിഷീൽഡിൻ്റെ സെക്കൻ ഡോസ് വാക്സിൻ സ്വീകരിച്ചു. പിന്നീട് തൊട്ടടുത്ത മുറിയിലേക്ക് അയച്ചു. രേഖകൾ പോലും പരിശോധിക്കാതെ ഒരു ഡോസ് കോവി ഷീൽഡ് കൂടി ആരോഗ്യ പ്രവർത്തക ഭാസ്കരനിൽ കുത്തിവെക്കുകയായിരുന്നുവെന്ന് ഭാര്യ പൊന്നമ്മ പറഞ്ഞു.





    Also Read- ഗർഭിണികൾക്ക് കോവിഡ് വാക്സിന്‍; പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

    വൈകിട്ട് മൂത്രതടസമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബി പി ഉയർന്ന് തന്നെ നിൽക്കുകയാണ്. വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ റഫർ ചെയ്തെങ്കിലും പിന്നീട് താലൂക്ക് ആശുപത്രിയിൽ തന്നെ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു.

    രണ്ട് ഡോസ് വാക്സിൻ തെറ്റായി കുത്തിവെച്ചതായി  ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു. ഭാസ്കരൻ ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിലാണെന്ന് ആലപ്പുഴ ഡിഎം ഒ ഡോക്ടർ അനിതാകുമാരി പറഞ്ഞു. അതേസമയം ഭാസ്കകരൻ്റെ അശ്രദ്ധ മൂലമാണ് തെറ്റായ കുത്തിവെപ്പ് നടന്നതെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വാദം. രണ്ടാമതും മരുന്ന് കുത്തിവെക്കുമ്പോൾ ഭാസ്കരൻ ആദ്യം കുത്തിവെപ്പ് എടുത്ത കാര്യം പറഞ്ഞിരുന്നില്ല എന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിശദീകരണം.

    അതേസമയം രജിസ്ട്രേഷനും ടോക്കണും ഉൾപ്പടെ നൽകി നടത്തുന്ന വാക്സിനേഷൻ നടപടികളുടെ വിശ്വാസ്യത തകർക്കുന്നതായി കരുവാറ്റയിലെ സംഭവം. മറ്റൊന്ന് വാക്സിനേഷനുകളെ സംബന്ധിച്ച് ഇപ്പോഴും സാധാരണക്കാർക്ക് വേണ്ടത്ര ധാരണ ലഭിച്ചിട്ടില്ല എന്നതും സംഭവം വിരൽ ചൂണ്ടുന്നു. രണ്ട് ഡോസ് വാക്സിൻ എടുത്താൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വേണ്ട വിധത്തിലുള്ള പ0നങ്ങൾ പോലും നടന്നിട്ടില്ല. അതു കൊണ്ട് തന്നെ നിലവിൽ ഭാസ്കരനെ ഇതെങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചു ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ ധാരണയില്ല. എന്തായാലും ഉണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രിക്കും, മുഖ്യമന്ത്രിക്കും ഭാസ്കരൻ്റെ കുടുംബം പരാതി നൽകി.
    Published by:Anuraj GR
    First published: