തിരുവനന്തപുരം: മൂന്നു വനിതകൾ ഇടംനേടിയെന്നതാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രധാന സവിശേഷത. സിപിഎമ്മിൽനിന്ന് രണ്ടുപേരും സിപിഐയിൽനിന്ന് ഒരാളുമാണ് മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം. ജെ ചിഞ്ചുറാണി സിപിഐയുടെ പ്രതിനിധിയായും പ്രൊഫ. ആർ ബിന്ദു, വീണ ജോർജ് എന്നിവർ സിപിഎമ്മിന്‍റെ പ്രതിനിധികളായും മന്ത്രിസഭയിൽ ഉണ്ടാകും. 64 വർഷത്തിനുശേഷമാണ് സിപിഐയിൽനിന്ന് ഒരു വനിതാ മന്ത്രി വരുന്നത്.
പ്രൊഫ. ആർ ബിന്ദു
ഇരിങ്ങാലക്കുടയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. ആർ ബിന്ദു, സഭയിലെ നവാഗതയാണ്. തൃശൂർ കോർപറേഷൻ മുൻ മേയർ കൂടിയായ പ്രൊഫ. ആർ ബിന്ദു കേരള വർമ്മ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ കൂടിയാണ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു വന്ന ബിന്ദു, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍റെ ഭാര്യയാണ്.
വീണ ജോർജ്
ആറൻമുളയിൽനിന്ന് തുടർച്ചയായ രണ്ടാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വീണ ജോർജ് മന്ത്രിസഭയിലേക്ക് എത്തുന്നത് യാദൃശ്ചികമായല്ല. വീണ ജോർജിന് മന്ത്രിപദവിയോ സ്പീക്കർ സ്ഥാനമോ സിപിഎം നൽകുമെന്ന സൂചനകൾ ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകയെന്ന നിലയിൽ ശ്രദ്ധേയയായിരുന്നു വീണ ജോർജ്. എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് വന്നയാളാണ് വീണ ജോർജും. ഇത്തവണ ആറൻമുളയിൽ ശിവദാസൻ നായരെയാണ് വീണ ജോർജ് തോൽപ്പിച്ചത്.
ജെ ചിഞ്ചുറാണി
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചടയമംഗലത്ത് സ്ഥാനാർഥിയായി എത്തിയ സിപിഐ ദേശീയ കൌൺസിൽ അംഗം കൂടിയായ ചിഞ്ചുറാണി മന്ത്രിസഭയിലേക്ക് എത്തുന്നതും നാടകീയമായി തന്നെ. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മഹിളാസംഘം സംസ്ഥാന പ്രസിഡന്‍റായും പ്രവർത്തിച്ചുവരികയാണ് ജെ ചിഞ്ചുറാണി. 64 വർഷത്തിനുശേഷമാണ് സിപിഐയിൽനിന്ന് ഒരു വനിതാ മന്ത്രി വരുന്നത്. അടുത്തിടെ അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആർ ഗൌരിയമ്മയാണ് സിപിഐയിൽനിന്ന് അവസാനമായി മന്ത്രിയായ വനിത. ഒന്നാം ഇഎംഎസ് സർക്കാരിലാണ് സിപിഐയുടെ പ്രതിനിധിയായി ഗൌരിയമ്മ മന്ത്രിയായത്.
Also Read- പിണറായി 2.0 | സിപിഎമ്മിൽ നിന്ന് 10 പുതുമുഖങ്ങൾ മാത്രം; കെ കെ ശൈലജയും പുറത്ത്
രണ്ടാം പിണറായി മന്ത്രിസഭ സംബന്ധിച്ച് ചിത്രം വ്യക്തമായതോടെ മന്ത്രിസഭയിൽ ഏറ്റവുമധികം പ്രാതിനിധ്യമുള്ളത് മൂന്നു ജില്ലകൾക്ക്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകൾക്ക് മൂന്നു മന്ത്രിമാരെ വീതമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം കാസർകോട്, വയനാട് ജില്ലകൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല.
ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഎമ്മും സിപിഐയും ഇന്ന് നേതൃയോഗം ചേർന്ന് അവരുടെ മന്ത്രിമാരെ നിശ്ചയിച്ചു. സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐയ്ക്ക് നാല് മന്ത്രിമാരുമാണുള്ളത്. എൻസിപി, ജനതാദൾ, കേരള കോൺഗ്രസ് എം തുടങ്ങിയ കക്ഷികളും ഏകഅംഗങ്ങളുള്ള ജനാധിപത്യ കേരള കോൺഗ്രസും ഐഎൻഎലും അവരുടെ മന്ത്രിമാരെ നിശ്ചയിച്ചു കഴിഞ്ഞു. ഇതോടെയാണ് രണ്ടാം പിണറായി മന്ത്രിസഭ സംബന്ധിച്ച ചിത്രം വ്യക്തമായത്.
തിരുവനന്തപുരം ജില്ലയിൽനിന്ന് വി ശിവൻകുട്ടി(സിപിഎം), ജി ആർ അനിൽ(സിപിഐ), ആന്‍റണി രാജു(ജനാധിപത്യ കേരള കോൺഗ്രസ്), തൃശൂർ ജില്ലയിൽനിന്ന് കെ രാധാകൃഷ്ണൻ(സിപിഎം), പ്രൊഫസർ ആർ ബിന്ദു(സിപിഎം), കെ രാജൻ(സിപിഐ) കോഴിക്കോട് ജില്ലയിൽനിന്ന് പി എ മുഹമ്മദ് റിയാസ്(സിപിഎം), എ കെ ശശീന്ദ്രൻ(എൻസിപി), അഹമ്മദ് ദേവർകോവിൽ(ഐഎൻഎൽ) എന്നിവരാണ് മന്ത്രിമാരാകുന്നത്. കൊല്ലം ജില്ലയിൽനിന്ന് കെ എൻ ബാലഗോപാൽ(സിപിഎം), ചിഞ്ചുറാണി(സിപിഐ) ആലപ്പുഴയിൽനിന്ന് സജി ചെറിയാൻ(സിപിഎം), പി പ്രസാദ്(സിപിഐ), പത്തനംതിട്ടയിൽനിന്ന് വീണാ ജോർജ്(സിപിഎം), കോട്ടയത്തുനിന്ന് വി എൻ വാസവൻ(സിപിഎം), ഇടുക്കിയിൽനിന്ന് റോഷി അഗസ്റ്റിൻ(കേരള കോൺഗ്രസ് എം) എന്നിവരും മന്ത്രിമാരാകും. എറണാകുളത്തുനിന്ന് പി രാജീവ്(സിപിഎം), പാലക്കാടുനിന്ന് കൃഷ്ണൻകുട്ടി(ജനതാദൾ) മലപ്പുറത്തുനിന്ന് വി അബ്ദുറഹ്മാൻ(സിപിഎം) എന്നിവരും മന്ത്രിമാരാകും. കണ്ണൂരിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന് പുറമെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദനും മന്ത്രിയാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Cpi, Cpm, J ChinjuRani, Pinarayi cabinet, Pinarayi vijayan, R Bindhu, Veena george