നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭര്‍തൃവീട്ടുകാരില്‍ നിന്ന് മകനെ വിട്ടുകിട്ടണം; പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതി പ്രതിഷേധിച്ചത് 15 മണിക്കൂര്‍

  ഭര്‍തൃവീട്ടുകാരില്‍ നിന്ന് മകനെ വിട്ടുകിട്ടണം; പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതി പ്രതിഷേധിച്ചത് 15 മണിക്കൂര്‍

  അര്‍ധരാത്രിയോടെ കുട്ടിയെ സ്റ്റേഷനിലെത്തിച്ച്‌ അമ്മയ്ക്ക് കൈമാറി.

  mannar police station

  mannar police station

  • Share this:
   ആലപ്പുഴ: ഭർതൃവീട്ടുകാരോടൊപ്പം കഴിയുന്ന നാലുവയസുകാരനായ മകനെ വിട്ടുകിട്ടാൻ നടപടി സ്വീകരിക്കണമെന്ന പരാതിയിൽ പരിഹാരമുണ്ടാകാത്തതിനാൽ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി യുവതി. പ്രതിഷേധം 15 മണിക്കൂറോളം നീണ്ടതോടെ പൊലീസ് കീഴടങ്ങി. അര്‍ധരാത്രിയോടെ കുട്ടിയെ സ്റ്റേഷനിലെത്തിച്ച്‌ അമ്മയ്ക്ക് കൈമാറി. ശനിയാഴ്ച മാന്നാര്‍ പൊലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

   ബുധനൂര്‍ തയ്യൂര്‍ ആനന്ദ ഭവനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന സ്നേഹ (26)യാണ് മകന്‍ 4 വയസുള്ള അശ്വിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ബുധനൂര്‍ മനോജ് ഭവനിൽ സുനിലുമായി 2014 ല്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയും ഭര്‍തൃ വീട്ടുകാരുടെ മോശം പെരുമാറ്റംമൂലം ഭര്‍ത്താവുമായി വാടകയ്ക്ക് മാറി താമസിക്കുകയായിരുന്നെന്നും സ്നേഹ പറയുന്നു.

   ആദ്യത്തെ കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ മരിച്ചു. രണ്ടാമത്തെ മകനായ അശ്വിന്റെ പേരിടല്‍ ചടങ്ങിനുശേഷം ഭര്‍ത്താവ് സുനില്‍ വിദേശത്തേക്ക് പോയി. 2020 ജൂലൈയില്‍ താന്‍ ക്വറന്റൈനിലായിരിക്കുമ്പോൾ കുഞ്ഞിനെ ഭര്‍തൃ വീട്ടുകാര്‍ കൊണ്ടുപോയി. അതിന് ശേഷം കുഞ്ഞിനെ തിരികെ നല്‍കാനോ കാണാനോ അനുവദിക്കാതെ മാറ്റിനിര്‍ത്തിയതായും യുവതി പറയുന്നു.

   Also Read- SSLC Plus Two Exam Schedule| എസ്​എസ്​എൽസി, പ്ലസ് ​ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

   2020 സെപ്റ്റംബറില്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടിയില്ലാതായപ്പോള്‍ കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഇരുകൂട്ടരെയും മാന്നാര്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റേഷനില്‍ വിളിപ്പിച്ചു.

   ഭര്‍ത്താവ് നാട്ടിലെത്തുമ്പോൾ ഒത്തുതീര്‍പ്പുണ്ടാക്കാമെന്നറിയിച്ച്‌ പറഞ്ഞുവിടാന്‍ ശ്രമിച്ചതായി യുവതി പറയുന്നു. കൂടാതെ സ്റ്റേഷനിലുണ്ടായിരുന്ന മകനെ, വനിതാ പൊലീസ് അടക്കമുള്ളവര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്‌ തന്റെയടുക്കല്‍ നിന്ന് നീക്കിയതായും സ്നേഹ പറയുന്നു. പൊലീസ് ബലമായി സ്റ്റേഷനില്‍ നിന്ന് പുറത്താക്കുകയും അസഭ്യം പറയുകയും ചെയ്തതായും സ്നേഹ ആരോപിക്കുന്നു. തുടര്‍ന്നായിരുന്നു സ്നേഹയുടെ പ്രതിഷേധം.

   രാത്രി പതിനൊന്നോടെ മാന്നാര്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സ്നേഹയെയുംകൂട്ടി ഭര്‍തൃ വീട്ടിലെത്തിയ പൊലീസ് മകനെ സ്റ്റേഷനിലെത്തിച്ച്‌ വ്യവസ്ഥകളോടെ യുവതിക്ക് കൈമാറുകയായിരുന്നു. പൊലീസ് വാഹനത്തില്‍ ഭര്‍തൃ വീട്ടിലേക്ക് പോകുന്ന വഴിയും തനിക്കു നേരെ അസഭ്യവര്‍ഷമുണ്ടായതായും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.

   കുഞ്ഞിനെ വിട്ടുകൊടുക്കരുതെന്ന് കുട്ടിയുടെ പിതാവ് സുനില്‍ വിദേശത്തു നിന്ന് ഫോണില്‍ വിളിച്ചറിയിച്ചിരുന്നതായി ഇന്‍സ്പെക്ടര്‍ ജി സുരേഷ്‌കുമാര്‍ പറഞ്ഞു. പിന്നീട് ഒരാഴ്ചത്തേക്കു വിട്ടുകൊടുക്കാന്‍ പറഞ്ഞതിനാലാണ് രാത്രിയോടെ കുട്ടിയെ വിട്ടുകൊടുത്തത്. യുവതിയുടെ അടുത്ത് മകന്‍ സുരക്ഷിതനല്ലെന്ന് സുനില്‍ പറഞ്ഞതായാണ് പൊലീസിന്റെ വാദം.
   Published by:Rajesh V
   First published: