അട്ടപ്പാടിയിൽ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു. ചിറ്റൂർ മൂച്ചിക്കടവ് സ്വദേശി മല്ലമ്മയെയാണ് വീടിന് മുന്നിൽ കാട്ടാന ചവിട്ടിക്കൊന്നത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. മല്ലമ്മ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ ഇവരുടെ വീടിന് സമീപം കാട്ടാന ഇറങ്ങിയിരുന്നു. രക്ഷപ്പെടാനായി വീട്ടിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിയ്ക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ മല്ലമ്മ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അഗളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറേ നാളുകളായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. അട്ടപ്പാടിയിലെ വിവിധ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഷോളയൂർ, പുതൂർ മേഖലകളിലാണ് കാട്ടാനകൾ ഏറെയും ഇറങ്ങുന്നത്. ജനവാസ കേന്ദ്രങ്ങളിൽ നിന്നും കാട്ടാനകളെ തുരത്താൻ വനം വകുപ്പിൻ്റെ പ്രത്യേക സംഘം അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ ഒരു സ്ഥലത്ത് നിന്നും കാട്ടാനയെ തുരത്തിക്കഴിഞ്ഞാൽ മറ്റൊരു സ്ഥലത്തിലൂടെ ഇറങ്ങുന്നത് പ്രതിസന്ധി സൃഷ്ടിയ്ക്കുന്നുണ്ട്. കാട്ടാന ശല്യം തടയാൻ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി സമരങ്ങൾ നടത്തിയിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.