പാലക്കാട്: മലമ്പുഴയിൽ വോട്ടു ചെയ്യാൻ പോയ വോട്ടറുടെ തലയിൽ തേങ്ങ വീണ് പരിക്ക്. കഞ്ചിക്കോട് സ്വദേശി അഡ്വ. പ്രിൻസിന്റെ ഭാര്യ സിനിയ്ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ചുള്ളിമട എൽ പി സ്ക്കൂളിൽ വോട്ട് ചെയ്യാൻ പോയ സിനി, സ്ക്കൂട്ടർ പാർക്ക് ചെയ്ത് ഹെൽമറ്റ് ഊരി മാറ്റുമ്പോഴാണ് തേങ്ങ വീണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വോട്ടുചെയ്യാൻ എത്തിയ വയോധിക പോളിങ് സ്റ്റേഷനു മുന്നിലെ സ്ലാബില്‍ തട്ടി വീണ് മരിച്ചു. നട്ടാശ്ശേരി ചൂട്ടുവേലി കൊട്ടാരപ്പറമ്പില്‍ അന്നമ്മ ദേവസ്യയാണ് (73) മരിച്ചത്. രാവിലെ 10.30നാണ് പോളിങ് സ്റ്റേഷന് മുന്നിൽ അപകടം ഉണ്ടായത്.
കോട്ടയം നിയോജക മണ്ഡലത്തിലെ വോട്ടറായ അന്നമ്മ, നട്ടാശ്ശേരി സെന്റ് മര്‍സെലിനാസ് സ്കൂളിലെ ബൂത്തില്‍ വോട്ടുചെയ്യാന്‍ എത്തിയതായിരുന്നു. ബൂത്തിലേക്ക് വരുന്നതിനിടെ സ്കൂള്‍ കോമ്പൌണ്ടിലെ സ്ലാബില്‍ തട്ടി ഇവര്‍ മറിഞ്ഞുവീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്ലാബില്‍ തലയിടിച്ച് വീണ ഇവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്.
മക്കള്‍: ജോസ്മോന്, ആനി, സാലി, രാജമ്മ. മരുമക്കള്‍: അനു, ജയന്, ജേക്കബ്, സണ്ണി. സംസ്കാരം ബുധനാഴ്ച കോട്ടയം നല്ലയിടയന് പള്ളി സെമിത്തേരിയില്‍.
കടുത്തുരുത്തി കടപ്ലാമറ്റത്ത് മദ്യമെന്ന് കരുതി രാസവസ്തു കഴിച്ചയാള്‍ മരിച്ചു. കടപ്ലാമറ്റം സ്വദേശി രവീന്ദ്രന് ആണ് മരിച്ചത്. ഇതിനിടെ യൂത്ത് ഫ്രണ്ട് എം നേതാവ് വ്യാജമദ്യം വിതരണം ചെയ്തെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. എന്നാൽ വ്യാജമദ്യം വിതരണം ചെയ്തെന്ന ആരോപണം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സ്റ്റീഫന്‍ ജോര്‍ജ് നിഷേധിച്ചു. എല്‍.ഡി.എഫ് ജയം ഉറപ്പായതോടെയാണ് ആരോപണളുമായി യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നതെന്നും ഇടത് സ്ഥാനാർഥി ആരോപിച്ചു. സ്ഥലത്ത് എക്സൈസ് പരിശോധന നടത്തുകയാണ്.
'പൊലീസ് ഒത്താശയിൽ ബൂത്തുകള്‍ പിടിച്ചെടുത്തു'; തളിപ്പറമ്പില്‍ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്
തളിപ്പറമ്പില്‍ എല്‍.ഡി.എഫ് വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ്. പൊലീസ് ഒത്താശയിലാണ് കളളവോട്ട് നടക്കുന്നതെന്നും യുഡിഎഫ് സ്ഥാനാര്‍ഥി വി.പി അബ്ദുല്‍ റഷീദ് ആരോപിച്ചു. തളിപ്പറമ്പ് ആന്തൂറില്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ബൂത്ത് ഏജന്റിന് മര്‍ദനമേൽക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് അനുഭാവികളായ സ്ത്രീകൾക്കു നേരെയും കയ്യേറ്റശ്രമമുണ്ടായാതായി വി.പി അബ്ദുല്‍ റഷീദ് ആരോപിച്ചു.
Also Read ബംഗാളില്‍ പോളിംഗ് ഓഫീസര്‍ ഇവിഎമ്മുമായി തൃണമൂല്‍ നേതാവിന്റെ വീട്ടില്‍; ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്
നാദാപുരത്തും വ്യാപകമായി കള്ളവോട്ട് നടന്നെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പ്രവീൺ കുമാർ ആരോപിച്ചു. പത്താം നമ്പർ ബൂത്തിലെ 286-ാം ക്രമനമ്പറിലുള്ള ആയിഷയുടെ വോട്ടാണ് മറ്റൊരാൾ ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്. കള്ളവോട്ട് നടന്നെന്ന് കാണിച്ച് പ്രവീൺ കുമാർ ജില്ലാ കളക്ടർക്ക് പരാതി നൽകി.
നാദാപുരത്ത് ആറായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് നേരത്തെ യുഡിഎഫ് ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തല പുറത്തു വിട്ട ഇരട്ടവോട്ടർമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പേരുള്ളത് നാദാപുരം മണ്ഡലത്തിൽ നിന്നാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.