• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുട്ടികൾ നാലും പെൺമക്കളായതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചു; പരാതിയുമായി യുവതി

കുട്ടികൾ നാലും പെൺമക്കളായതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചു; പരാതിയുമായി യുവതി

മാനസികരോഗിയായി ചിത്രീകരിച്ച് വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് ഭര്‍ത്താവും വീട്ടുകാരും പലവിധത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നതായും പരാതിയിൽ യുവതി ആരോപിച്ചു.

  • Share this:
കോഴിക്കോട്: ജനിച്ച നാലും പെണ്‍കുട്ടികളായതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഉപേക്ഷിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി. കോഴിക്കോട് നടത്തിയ വനിതാ കമ്മീഷന്‍ മെഗാ അദാലത്തിലാണ് പരാതിയുമായി യുവതി എത്തിയത്. ഇവരുടെ നാലാമത്തെ കുട്ടിക്ക് രണ്ടുമാസം മാത്രമാണ് പ്രായം.

പതിനെട്ടാം വയസിലായിരുന്നു യുവതിയുടെ വിവാഹം.  മാതാവിന് അനുകൂലമായി സംസാരിച്ചതിന്റെ പേരിൽ മൂത്ത മകളെ ഭർത്താവ് ഉപദ്രവിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

also read:ശിശുദിനം ആഘോഷിക്കാൻ പിറന്ന ആശുപത്രിയിൽ 'പഞ്ചരത്നങ്ങൾ'

മാനസികരോഗിയായി ചിത്രീകരിച്ച് വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് ഭര്‍ത്താവും വീട്ടുകാരും പലവിധത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നതായും പരാതിയിൽ യുവതി ആരോപിച്ചു. അതേസമയം പരാതിക്കാരിയായ യുവതിക്ക് തുടര്‍ന്നും വീട്ടില്‍ താമസിക്കാനുള്ള സാഹചര്യം നടപ്പാക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു. സംഭവത്തിൽ ഭർത്യ വീട്ടുകാരെ വിളിച്ച് വരുത്തി വിശദീകരണം തേടാനും വനിതാ കമ്മീഷൻ തീരുമാനിച്ചു.

കാലഘട്ടത്തിനനുസരിച്ച് മനുഷ്യന്റെ മനോഭാവത്തിലും സമീപനത്തിലും മാറ്റം ഉണ്ടായാല്‍ മാത്രമേ ഇത്തരത്തിലുള്ള സാഹചര്യം മറികടക്കാനാകൂവെന്നും അതിനാവശ്യമായ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും കമ്മീഷന്‍ അംഗം എം.എസ് താര അഭിപ്രായപ്പെട്ടു.

also read:ശബരിമല: വിധിയിൽ വ്യക്തത വേണം; മല കയറാൻ യുവതികളെത്തിയാൽ എന്തു ചെയ്യുമെന്ന് പിന്നീട് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി

രണ്ട് ദിവസങ്ങളിലായി കോഴിക്കോട് നടത്തിയ വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 108 പരാതികള്ളാണ് തീര്‍പ്പാക്കിയത്. ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ ആദ്യ ദിനം 53 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 10 പരാതികള്‍ പരിഹരിച്ചു. 25 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 16 പരാതികളില്‍ ഇരുവിഭാഗങ്ങളും ഹാജരായില്ല. രണ്ടാം ദിനത്തില്‍ 55 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 11 പരാതികള്‍ പരിഹരിച്ചു. 22 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി, 22 പരാതികളില്‍ ഇരുവിഭാഗങ്ങളും ഹാജരായില്ല.

എല്ലാ അദാലത്തിലും പൊലീസിന്റെ ഭാഗത്തു നിന്ന് നീതി ലഭിക്കുന്നതില്‍ വീഴ്ച്ച സംഭവിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൽ ലഭിക്കാറുണ്ടെന്ന് കമ്മീഷൻ അംഗം എം.എസ് താര പറഞ്ഞു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് ഭീഷണിപ്പെടുത്തുന്നുവെന്ന പത്തൊമ്പതുകാരിയുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന പരാതി ഇത്തവണ ലഭിച്ചു. പൊലീസ് എഫ്.ഐ.ആര്‍ എടുത്ത് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാനായില്ല.

നിലവില്‍ കേരളത്തില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തുടര്‍ന്ന് അഞ്ച് പെണ്‍കുട്ടികള്‍ വ്യത്യസ്ത സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടിട്ടുള്ളതായി ഗൗരവ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ 48 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു.

മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടയില്‍ ചികിത്സാ പിഴവ് സംഭവിച്ചതു മൂലം യുവതിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ഒരു കിഡ്‌നി നീക്കം ചെയ്യേണ്ട അവസ്ഥയില്‍ എത്തിചേരുകയും ചെയ്തെന്ന മറ്റൊരു പരാതിയും ലഭിച്ചു. ചികിത്സാ പിഴവിലൂടെ കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായതെങ്കില്‍ അതിന് ഉത്തരവാദിത്തപ്പെട്ടവര്‍ പരിഹാരം കണ്ടെത്തണമെന്ന് കമ്മീഷന്‍ അംഗം എം.എസ് താര നിര്‍ദേശിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തിൽ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍, അംഗങ്ങളായ എം.എസ് താര, ഇ.എം രാധ, അഡ്വ റീന സുകുമാരന്‍, മിനി രജീഷ് തുടങ്ങിയവരാണ് പങ്കെടുത്തത്.
First published: