തൃശ്ശൂർ: വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോമരത്തിനെതിരെ പരാതിയുമായി സഹോദരന്‍. തൃശ്ശൂർ അന്തിക്കാട് മണലൂരിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മ ആത്മഹത്യ ചെയ്തത്. ഒരു ക്ഷേത്രച്ചടങ്ങിനിടെ കോമരം തുള്ളി യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കല്‍പ്പിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കാട്ടിയാണ് കോമരത്തിനെതിരെ ഇവരുടെ സഹോദരൻ പൊലീസിൽ പരാതി നല്‍കിയിരിക്കുന്നത്.
നൂറോളം ആളുകള്‍ പങ്കെടുത്ത ക്ഷേത്രച്ചടങ്ങിൽ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കല്‍പ്പിച്ച കോമരം, ദേവിക്ക് മുൻപില്‍ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരനായ യുവാവ് തന്നെയായിരുന്നു കോമരം തുള്ളിയത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നാണ് പരാതി. ഒരു സുഹൃത്തിന്‍റെ സ്വാധീനത്തിലാണ് കോമരം ഇങ്ങനെ പറഞ്ഞതെന്നും അയാൾക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്‌പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നാട്ടുകാരുടെ മൊഴി ശേഖരിച്ച് തുടങ്ങി. ശാസ്ത്ര സാഹിത്യപരിഷത് പ്രവർത്തകരും കഴിഞ്ഞ ദിവസം യുവതിയുടെ വീട് സന്ദർശിച്ചിരുന്നു. കോമരം തുള്ളിയ യുവാവിനെതിരെ നടപടി വേണമെന്ന് ഇവരും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.