ശബരിമലയിൽ ഈ മണ്ഡല കാലത്ത് ഇനി യുവതീ പ്രവേശനം അനുവദിക്കേണ്ട എന്ന നിലപാടിൽ പൊലീസും ദേവസ്വംബോർഡും. സംഘർഷമുണ്ടാക്കി യുവതികളെ കയറ്റേണ്ട എന്ന നിലപാടിലേക്ക് സർക്കാരും എത്തിയതോടെ ഇനി യുവതികൾക്ക് മല കയറാൻ അനുമതി കിട്ടാനിടയില്ല. യുവതികൾ എത്തരുതെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അഭ്യർത്ഥിച്ചു.
ഏറ്റവും തിരക്കേറിയ മണ്ഡല മകരവിളക്ക് ദിനങ്ങളാണ് വരുന്നത്. ഈ സമയത്ത് സംഘർഷമുണ്ടായാൽ വലിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ആക്ടിവിസ്റ്റുകളായ യുവതികൾക്ക് സുരക്ഷ ഒരുക്കാൻ ആകില്ലെന്ന നിലപാട് പൊലീസ് സ്വീകരിച്ചു കഴിഞ്ഞു. ഇക്കാര്യം അറിയിച്ച് സന്നിധാനത്തെ ഉദ്യോഗസ്ഥർ ഡിജിപിക്ക് റിപ്പോർട്ട് നൽകി. പ്രശസ്തിക്ക് വേണ്ടിയാണ് പലരും ശബരിമലയിലേക്ക് എത്തുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള യുവതികളും എത്തുന്നു. ഇത്തരക്കാരെ പമ്പയിലെത്തും മുൻപുതന്നെ തിരിച്ചയക്കണമെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ നിർദേശിച്ചു. പൊലീസിന്റെ ഈ നിലപാടിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവരുടെ പിന്തുണയുണ്ട്.
ഈ മണ്ഡലകാലത് ഇനി യുവതികൾ എത്തരുതെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ എ. പത്മകുമാർ അഭ്യർത്ഥിച്ചു. സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സർക്കാരും പൊലീസും ദേവസ്വംബോർഡും ഒരുപോലെ പിൻവാങ്ങിയതോടെ ഈ മണ്ഡലകാലത്ത് ശബരിമലയിൽ യുവതി പ്രവേശന വഴികൾ അടയുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.