തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി അപവാദ പ്രചാരണം നടത്തുന്നു; മുഖ്യമന്ത്രിക്ക് വനിതാ മാധ്യമപ്രവർത്തകരുടെ പരാതി

സദാചാര ഗുണ്ടായിസത്തിന് ഇരയായ മാധ്യമപ്രവർത്തകക്കെതിരെ അപവാദ പ്രചാരണം തുടരുകയാണെന്ന് പരാതിയിൽ പറയുന്നു

News18 Malayalam | news18-malayalam
Updated: December 5, 2019, 9:46 AM IST
തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി അപവാദ പ്രചാരണം നടത്തുന്നു; മുഖ്യമന്ത്രിക്ക് വനിതാ മാധ്യമപ്രവർത്തകരുടെ പരാതി
News18
  • Share this:
തിരുവനന്തപുരം: സഹപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചുകയറി സദാചാര ഗുണ്ടായിസം നടത്തിയെന്ന ആരോപണം നേരിടുന്ന തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ മുഖ്യമന്ത്രിക്ക് വനിതാ മാധ്യമ പ്രവർത്തകർ പരാതി നൽകി. സദാചാര ഗുണ്ടായിസത്തിന് ഇരയായ മാധ്യമപ്രവർത്തകക്കെതിരെ രാധാകൃഷ്ണൻ അപവാദ പ്രചരണം നടത്തുന്നുവെന്ന് കാട്ടി വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ് വർക്ക് ഓഫ് വിമൺ ഇൻ മീഡിയ ആണ് പരാതി നൽകിയത്.

പരാതിയുടെ പൂർണരൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി,

ഞങ്ങൾ വനിതാ മാധ്യമ പ്രവർത്തകർ, ഞങ്ങളുടെ സുഹൃത്തിനു നേരിട്ട, അനുഭവത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല.

ഒരു മാധ്യമ പ്രവർത്തക, സ്വന്തം കുഞ്ഞുങ്ങളുടെ ( ഏഴും എട്ടും വയസു മാത്രം പ്രായമുള്ള ) മുന്നിൽ രാത്രി സമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം അങ്ങും അറിഞ്ഞിരിക്കുമല്ലോ.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ ഈ സംഭവത്തിലൂടെ വെളിവാക്കിയ ക്രിമിനൽ സ്വഭാവം ഞങ്ങൾ ഓരോരുത്തരിലും അരക്ഷിത ബോധം ഉളവാക്കുന്നു.

എന്നാൽ അതിനേക്കാൾ നടുക്കം ഉണ്ടാക്കുന്നതാണ് ഞങ്ങളുടെ സുഹൃത്തിനെ മാനസികമായി പൂർണമായും തകർക്കുന്ന തരത്തിലുള്ള അയാളുടെ അപവാദ പ്രചാരണങ്ങൾ. എഫ് ഐ ആർ എടുത്ത ജാമ്യമില്ലാ കേസ് നില നിൽക്കുമ്പോൾ തന്നെ രാധാകൃഷ്ണൻ ഞങ്ങളുടെ സുഹൃത്തിനെയും അവരെ പിന്തുണയ്ക്കുന്നവരെയും അങ്ങേയറ്റം അപഹസിച്ച് നിന്ദ്യമായ കഥകൾ ഇറക്കിയിട്ടുണ്ട് (അയാൾ അയച്ച മെയിൽ പരിശോധിച്ചാൽ ഇതു മനസ്സിലാകും ).
രാധാകൃഷ്ണന്റെയും സത്യം അറിയാൻ ശ്രമിക്കാതെ അയാളെ പിന്തുണയ്ക്കുന്നവരുടെയും വാദങ്ങൾ കാണുമ്പോൾ പ്രതികരിക്കുന്ന സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചു ഞങ്ങൾ വീണ്ടും ബോധവതികൾ ആകുകയാണ്.

ഏതു മേഖലയിലെയും അനീതി തുറന്നു കാട്ടി തൊഴിൽ എടുക്കുന്നവരാണ് ഞങ്ങൾ. ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്.

ഈ കേസ് ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂർവവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യർത്ഥിക്കുന്നു.

NWMI

Network of Women in Media, India

സംഭവത്തിൽ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വനിതാ മാധ്യമ പ്രവര്‍ത്തകർ നല്‍കിയ പരാതിയെ തുടര്‍ന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു.  പ്രസ് ക്ലബ് സെക്രട്ടറിയെ കൂടാതെ പേട്ട സ്വദേശികളായ അശ്വിന്‍, അഡ്വ. രാധികാ ദേവി, ഹരി, അനീഷ് എന്നിവരെ പ്രതികളാക്കിയാണ് പേട്ട പൊലീസ് കേസെടുത്തത്. ഐ.പി.സി 143, 147, 149, 323, 342, 354, 451 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിഷയം ചർച്ച ചെയ്യാൻ പ്രസ് ക്ലബ് മാനേജിംഗ് കമ്മിറ്റി യോഗം ഇന്നു ചേരും. യുവതിയുടെ സഹപ്രവര്‍ത്തകന്‍ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്താണ് രാധാകൃഷ്ണനും സംഘവും ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുമായി കഴിയുന്ന മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തത്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പ്രസ് ക്ലബ് സെക്രട്ടറിയും സംഘവുമെത്തിയത്.

ശനിയാഴ്ച രാത്രി പത്തു മണിയോടെ യുവതിയുടെ വീട്ടില്‍ വന്ന് മടങ്ങിയ സുഹൃത്തിനെ രാധാകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം ചോദ്യം ചെയ്യുകയും വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. വീട്ടിലേക്ക് ഇവര്‍ അതിക്രമിച്ച് കയറിയെന്നും പരാതിയില്‍ പറയുന്നു.

Also Read- സദാചാര ഗുണ്ടായിസം: 5 പേർക്കെതിരെ കേസ്; പ്രസ് ക്ലബ് സെക്രട്ടറിയെ KUWJ സസ്പെൻഡ് ചെയ്തു
First published: December 5, 2019, 9:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading