HOME » NEWS » Kerala » WOMEN MASQUERADING AS LAWYER IN ALAPPUZHA CAUGHT IN A CASUAL TALK OF CLASSMATE SAR TV

'പോയ പേപ്പറൊക്കെ എഴുതിയെടുത്തോ?' ആലപ്പുഴയിലെ വ്യാജ അഭിഭാഷകയെ കുടുക്കിയത് സഹപാഠിയുടെ കുശലാന്വേഷണം

രണ്ടര വര്‍ഷം മുമ്പ് പഠന കാലത്തെ ഇന്റേണ്‍ഷിപ്പ് എന്ന് പറഞ്ഞാണ് ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകന്റെ കീഴിലേക്ക് സെസി എത്തുന്നത്.

News18 Malayalam | news18-malayalam
Updated: July 22, 2021, 6:45 PM IST
'പോയ പേപ്പറൊക്കെ എഴുതിയെടുത്തോ?' ആലപ്പുഴയിലെ വ്യാജ അഭിഭാഷകയെ കുടുക്കിയത് സഹപാഠിയുടെ കുശലാന്വേഷണം
സെസ്സി സേവ്യർ
  • Share this:
ആരെയും അസൂയപ്പെടുത്തുന്ന വളര്‍ച്ചയായിരുന്നു കുട്ടനാട് രാമങ്കരി സ്വദേശി സെസി സേവ്യറിന്റേത്. രണ്ടര വര്‍ഷം മുമ്പ് പഠന കാലത്തെ ഇന്റേണ്‍ഷിപ്പ് എന്ന് പറഞ്ഞാണ് ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകന്റെ കീഴിലേക്ക് സെസി എത്തുന്നത്. ആര്‍ക്കും ആകര്‍ഷണം തോന്നുന്ന പെരുമാറ്റവും സൗന്ദര്യവും. സെസി വളരെ പെട്ടെന്ന് തന്നെ ആലപ്പുഴ കോടതിയില്‍ ശ്രദ്ധാകേന്ദ്രമായി. പിന്നീട് നിയമപഠനം പൂര്‍ത്തിയാക്കിയെന്ന് അറിയിച്ചതോടെ മറ്റൊന്നും നോക്കാതെ അതേ അഭിഭാഷകന് കീഴില്‍ തന്നെ ജൂനിയറായി വീണ്ടും പ്രവേശനം നേടി.

കുട്ടനാട്ടിലെ ഇടത്തരം കുടുംബത്തില്‍ നിന്നും നിയമ പഠനത്തിനാണ് സെസി തിരുവനന്തപുരത്ത് എത്തുന്നത്. സൗഹൃദങ്ങളിളുടെ സമയം കൂടിയതോടെ പഠനം പാതിവഴിയിലായി. വേണ്ടത്ര ഹാജര്‍ പോലുമില്ലാതെ കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ നാട്ടിലേക്ക് മടങ്ങി. വീണ്ടും ബാംഗ്ലൂരിലേക്ക്. അവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കിയതായി എല്ലാവരെയും ധരിപ്പിച്ചു.ഇങ്ങനെ സെസി നിയമ ബിരുദം കരസ്ഥമാക്കിയെന്നായിരുന്നു വീട്ടുകാര്‍ പോലും കരുതിയിരുന്നത്. ഇന്റേണ്‍ഷിപ്പിനെന്ന് പറഞ്ഞ് ആലപ്പുഴയില്‍ എത്തുന്നതിന് മുമ്പ് ചങ്ങനാശ്ശേരി കോടതിയിലും സെസി പ്രാക്ടീസ് ചെയ്തിരുന്നു എന്നാണ് വിവരം.

ചങ്ങനാശ്ശേരിയിലെ പരിശീലന കാലത്താണ് യുവ അഭിഭാഷകനുമായി സെസിഅടുത്ത സൗഹൃദത്തിലാകുന്നത്. ഒരു ഘട്ടത്തില്‍ താന്‍ എല്‍ എല്‍ ബി പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സെസി ഇയാളോട് വെളിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഈ സൗഹൃദം അവസാനിപ്പിച്ചു. സെസി ആലപ്പുഴയിലേക്ക് എത്തി.

ഏറെ പ്രമുഖര്‍ സെസിയുടെ വാക്കുകളില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു. വര്‍ഷങ്ങളായി തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പല ജൂനിയര്‍മാരെക്കാളും മുതിര്‍ന്ന അഭിഭാഷകര്‍ക്ക് സെസി പെട്ടെന്ന് പ്രിയപ്പെട്ടവളായി. അതു കൊണ്ട് തന്നെ നിയമത്തിന്റെ തലനാരിഴ കീറി കേസുകള്‍ പരിശോധിച്ച് പഴുതുകള്‍ കണ്ടെത്തുന്ന പ്രമുഖര്‍ക്കൊന്നും ഈ ഇരുപത്തിനാലുകാരിയുടെ തട്ടിപ്പ് കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ സെസി വ്യാജയാണെന്ന വാര്‍ത്ത പലരും ഇപ്പോഴും ഒരു അന്ധാളിപ്പോടെയാണ് കേട്ടുനില്‍ക്കുന്നത്.

Also read: വ്യാജ അഭിഭാഷക കേസ്: നാടകീയ രംഗങ്ങൾക്ക് വേദിയായി ആലപ്പുഴ കോടതി

ഇതിനിടെ അഭിഭാഷകരുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കെല്ലാം സെസി മുന്നില്‍ തന്നെ നിന്നു. അങ്ങനെ വളരെപ്പെട്ടെന്ന് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വരെ സെസിയ്ക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് പിന്തുണയോടെയായിരുന്നു മത്സരം. ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഇടതു സംഘടനയില്‍ സി പി ഐയും സി പി എമ്മും തമ്മിലെ ഭിന്നിപ്പും സെസിക്ക് അനുകൂലമായി. സി പി ഐയെ പരാജയപ്പെടുത്തണമെന്ന സിപിഎമ്മിലെ ചിലരുടെ രഹസ്യമായ ആഗ്രഹം കൂടി പ്രവര്‍ത്തിച്ചതോടെ സെസി ഏറ്റവും കൂടുതല്‍ വോട്ടു നേടി അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോവിഡ് കാലത്ത് അഭിഭാഷകര്‍ സംഭരിച്ച സഹായ നിധിയുടെ ചുമതലയും സെസിക്കായിരുന്നു. സെസിയുടെ അക്കൗണ്ട് മുഖാന്തരമാണ് പണമിടപാടുകള്‍ നടന്നത്. ഓഫീസ് രേഖകള്‍, അംഗത്വവുമായി ബന്ധപ്പെട്ട ഫയലുകളുടെ സൂക്ഷിപ്പ് എന്നിങ്ങനെ ചുമതലകളുള്ള അസോസിയേഷന്റെ ലൈബ്രേറിയനായി സെസി ചുമതലയേറ്റു.

അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തൊഴില്‍രംഗത്തും സെസി ഉയര്‍ന്നു. പല കേസുകളിലും കോടതി നിയമിച്ച കമ്മീഷന്‍ അംഗമായി സെസി പങ്കെടുത്തു. അങ്ങനെ കോടതിയെപ്പോലും കബളിപ്പിച്ചു. ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ കേസുകളിലടക്കം കക്ഷികള്‍ക്കായി ഹാജരായി.

അങ്ങനെ ആലപ്പുഴയിലെ മിന്നും താരമായി പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് സെസിയുടെ സഹപാഠികളായ ചില അഭിഭാഷകര്‍ കോടതിയില്‍ എത്തുന്നത്. 'നീ പേപ്പറു മുഴുവന്‍ എഴുതിയെടുത്തോ?' എന്ന ഇതില്‍ ഒരാളുടെ കുശലാന്വേഷണം സെസിയുടെ ജാഗരൂകരായ ചില സഹപ്രവര്‍ത്തകരുടെ ചെവിയിലെത്തി. സെസിയുടെ കാര്യത്തില്‍ ഇടത് സംഘടനകള്‍ക്കുള്ളില്‍ തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുതിയ വാര്‍ത്ത എരിതീയില്‍ എണ്ണ പോലെയായി.

രഹസ്യമായി പറഞ്ഞ് നടന്ന കാര്യങ്ങള്‍ ശരിയാണോ എന്നറിയാന്‍ പലരും സെസിയുടെ ചങ്ങനാശ്ശേരിയിലെ സുഹൃത്തിനെ സമീപിച്ചു. ഒന്നും പറയാന്‍ ആദ്യം തയ്യാറായില്ലെങ്കിലും പിന്നീട് സെസി പഠനം പൂര്‍ത്തീകരിച്ചിട്ടില്ലെന്ന കാര്യം ഇയാള്‍ ആലപ്പുഴയിലെ അഭിഭാഷകരോട് വെളിപ്പെടുത്തി. ഇതോടെ വാര്‍ത്ത കോടതിയില്‍ കാട്ടുതീ പോലെ പടര്‍ന്നു. തുടര്‍ന്ന് അസോസിയേഷനിലുള്ള വിവിധ വിഭാഗങ്ങള്‍ തമ്മില്‍ കുറ്റപ്പെടുത്തലായി. ഒടുവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനായി ഇരുപത്തിനാല് മണിക്കൂര്‍ സമയം സെസിക്ക് അനുവദിച്ചു. എന്നാല്‍ അവര്‍ക്ക് അതിന് സാധിച്ചില്ല

തുടര്‍ന്ന് സെസിയുടെ സീനിയറായ പ്രമുഖ അഭിഭാഷകന്‍ ഇക്കാര്യം സെസിയുടെ വീട്ടുകാരെ അറിയിച്ചു. സഹോദരനെ ഓഫിസില്‍ വിളിച്ചു വരുത്തി. കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ സഹോദരന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു 'അപ്പോള്‍ സെസി അഭിഭാഷകയല്ലേ സര്‍? '

അതായത് താന്‍ നിയമബിരുദം നേടിയിട്ടില്ല എന്ന വസ്തുത സ്വന്തം വീട്ടുകാര്‍ പോലും അറിയാതെ ഇത്രയും കാലം മറച്ചു വെക്കാന്‍ കഴിവുള്ള വ്യക്തിയായിരുന്നു സെസി.
Published by: Sarath Mohanan
First published: July 22, 2021, 5:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories