നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാ പ്രാതിനിധ്യം: രാഹുൽ ഗാന്ധിയുടേത് വെറുംവാക്കാകുമോ?

  വനിതാ പ്രാതിനിധ്യം: രാഹുൽ ഗാന്ധിയുടേത് വെറുംവാക്കാകുമോ?

  കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച് ലോക്സഭയിലെത്തിയത് ഒരേ ഒരു വനിതമാത്രം

  ലോക്സഭ

  ലോക്സഭ

  • News18
  • Last Updated :
  • Share this:
   ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രഖ്യാപനത്തെ നിറഞ്ഞ കൈയടികളോടെയാണ് മറൈൻ ഡ്രൈവിൽ തടിച്ചുകൂടിയ കോൺഗ്രസ് ബൂത്ത് ഭാരവാഹികളായ വനിതകളും യുവാക്കളും സ്വീകരിച്ചത്. എന്നാൽ ഇത് നടപ്പാകുമോ എന്ന കാര്യത്തിൽ അവർക്കുപോലും സംശയമുണ്ട്. കാരണം മുൻകാല അനുഭവങ്ങൾ തന്നെ. തെരഞ്ഞെടുപ്പിന് മുൻപ് പല വനിതാനേതാക്കളുടെയും യുവാക്കളുടെയുമെല്ലാം പേരുകൾ ഉയർന്നുകേൾക്കുന്നത് പതിവാണെങ്കിലും അന്തിമ പട്ടികവരുമ്പോൾ പുറത്തിരിക്കാനായിരുന്നു അവരുടെയെല്ലാം വിധി. ഇനി ഏതെങ്കിലും വനിതകള്‍ ഇടംപിടിച്ചാൽ തന്നെ വിജയം ഉറപ്പില്ലാത്ത സീറ്റുകളായിരിക്കും അവർക്ക് ലഭിക്കുക.

    

   കഴിഞ്ഞ 70 വർഷത്തിനിടെ കോൺഗ്രസ് ടിക്കറ്റിൽ സംസ്ഥാനത്ത് നിന്ന് ലോക്സഭയിലെത്തിയത് ഒരേ ഒരു വനിതയാണ്. 1989ലും 91ലും പഴയ മുകുന്ദപുരത്ത് നിന്ന് ജയിച്ച സാവിത്രി ലക്ഷ്മണൻ മാത്രമാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച് ലോക്സഭാംഗമായത്. (1951ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽനിന്നും ആനി മസ്ക്രീ മത്സരിച്ച് ജയിച്ചത് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു. കേരളത്തിൽനിന്നുമുള്ള ആദ്യ വനിതാ ലോകസഭാംഗവും ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോക്സഭാ അംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്ക്രീൻ).

   യുഡിഎഫിലെ ഒട്ടുമിക്ക സിറ്റിങ് എംപിമാരും മത്സരിക്കാൻ തയാറെടുക്കുന്നതിനിടെയാണ് രാഹുലിന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആകെ മത്സരിച്ചത് 15 സീറ്റിലാണ്. ഇതിൽ രണ്ടിടത്ത് മാത്രമാണ് വനിതകൾ മത്സരിച്ചത്. യുഡിഎഫിന് വിജയസാധ്യത ഇല്ലാതിരുന്ന ആറ്റിങ്ങലിൽ ബിന്ദു കൃഷ്ണയും ആലത്തൂരിൽ കെ എ ഷീബയുമാണ് മത്സരിച്ചത്. 2009ലെ തെരഞ്ഞെടുപ്പിലാകട്ടെ സീറ്റ് കിട്ടിയത് ഷാഹിദ കമാലിന് മാത്രം. കാസർകോട് നിന്ന് മത്സരിച്ച അവർ പരാജയപ്പെടുകയും ചെയ്തു. അതിനു മുൻപുള്ള തെരഞ്ഞെടുപ്പുകളിലും വനിതാപ്രാതിനിധ്യം ഒന്നോ രണ്ടോ സീറ്റിൽ ഒതുങ്ങിനിന്നു. എല്ലാ തെരഞ്ഞെടുപ്പ് സമയത്തും വനിതകളും യുവാക്കളും പരാതികളും പരസ്യപ്രസ്താവനകളുമായി രംഗത്തെത്താറുണ്ട്. എന്നാൽ പിന്നീട് അവ കെട്ടടങ്ങാറാണ് പതിവ്.

   രാഹുലിന്റെ പ്രഖ്യാപനം വന്നതോടെ പത്മജ വേണുഗോപാൽ‌, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ അടക്കമുള്ള വനിതാ നേതാക്കൾക്ക് സീറ്റ് ലഭിക്കുമോ എന്ന ചർച്ചകൾ അണിയറയിൽ സജീവമാണ്. അന്തരിച്ച എം ഐ ഷാനവാസിന്റെ മകൾ‌ അമീന ഷാനവാസ് പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. കോണ്‍ഗ്രസ് സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി 20നുമുമ്പ് സമര്‍പ്പിക്കാനാണ് പിസിസി അധ്യക്ഷന്മാരോട് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ലോക്‌സഭാ മണ്ഡലത്തിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സമര്‍പ്പിക്കണമെന്നാണ് നിർദേശം. ഇപ്പോൾ നടക്കുന്ന ചർച്ചകൾക്കപ്പുറം അന്തിമ പട്ടികയിൽ വനിതകൾക്കും പുതുമുഖങ്ങൾക്കും എത്രമാത്രം പരിഗണന കിട്ടുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ ഉറ്റുനോക്കുന്നത്. കോൺഗ്രസിൽ അടിമുടി മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്ന രാഹുൽഗാന്ധി വെറുംവാക്ക് പറയുമോ എന്നറിയാൻ അന്തിമപട്ടിക വരുന്നതുവരെ കാത്തിരിക്കണം.

   First published:
   )}