• HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാമതിൽ ഇന്ന്: ശൈലജ ആദ്യ കണ്ണി, ബൃന്ദ കാരാട്ട് അവസാന കണ്ണി

വനിതാമതിൽ ഇന്ന്: ശൈലജ ആദ്യ കണ്ണി, ബൃന്ദ കാരാട്ട് അവസാന കണ്ണി

  • Share this:
    തിരുവനന്തപുരം: നവോത്ഥാന സന്ദേശം ഉയർത്തി വനിതാ മതിൽ ഇന്ന് വൈകിട്ട് നാല് മണിക്ക്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റർ ദൂരത്തിൽ സംഘടിപ്പിക്കുന്ന മതിൽ സ്ത്രീശാക്തീകരണത്തിന്റെ വൻ മതിലായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    ആരോഗ്യ മന്ത്രി കെ കെ ശൈലജ കാസർകോട് മതിലിന്റെ ആദ്യ കണ്ണിയാകും. സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാകും. 620 കിലോമീറ്റർ ദൂരത്തിൽ 30 ലക്ഷത്തോളം സ്ത്രീകൾ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ദേശീയ പാതയുടെ പടിഞ്ഞാറ് വശത്താണ് മതിലിനായി സ്ത്രീകൾ അണി നിരക്കുക. വൈകിട്ട് 3.30 ന് ട്രയൽ. നാല് മണിക്ക് മതിൽ തീർക്കും. തുടർന്ന് പ്രതിജ്ഞ ചൊല്ലും.

    ശബരിമല യുവതി പ്രവേശനവിധിയെ തുടർന്ന് സർക്കാർ നടത്തിയ ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതിൽ പ്രഖ്യാപനം വന്നത്. സർക്കാരിന്റെയും ഇടതു മുന്നണിയുടെയും നേതൃത്വത്തിൽ നടക്കുന്ന വനിതാ മതിലിൽ എസ് എൻ ഡി പിയും കെ പി എം എസും അടക്കമുളള സമുദായ സംഘടനകളും മുഖ്യസംഘാടകരായുണ്ട്.

    ​എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ അവിവേകവും മുഷ്കും മൂടി വയ്ക്കാനുളള മൂടുപടമാണ് വനിതാ മതിൽ എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചത്. 'മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആർ എസ് എസ് വർഗ്ഗീയതയെ നേരിടേണ്ടത് മതേതര ശക്തികളുടെ കൂട്ടായ്മയിലൂടെയാണ്. അല്ലാതെ അതിലും കടുത്ത വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ചല്ല'- ചെന്നിത്തല പറഞ്ഞു.

    മത നിരപേക്ഷ ശക്തികളുടെ മതിലാണിതെന്നും എതിർപ്പ് ഉയർത്തുന്നത് യാഥാസ്ഥിതികരാണെന്നുമാണ് വിമർശനങ്ങൾക്കുള്ള സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. മനുഷ്യ ചങ്ങലയും മനുഷ്യമതിലും കേരളം മുമ്പ് കണ്ടിട്ടുണ്ടെങ്കിലും പൂർണമായും സ്ത്രീകൾ മാത്രം അണി നിരക്കുന്ന മതിൽ ഇത് ആദ്യമാണ്.

    First published: