• HOME
 • »
 • NEWS
 • »
 • kerala
 • »
 • Women’s Day | വനിതാ യാത്രാ വാരം; വനിതകൾക്ക് മാത്രമായുള്ള വിനോദയാത്രാ പദ്ധതികളുമായി KSRTC

Women’s Day | വനിതാ യാത്രാ വാരം; വനിതകൾക്ക് മാത്രമായുള്ള വിനോദയാത്രാ പദ്ധതികളുമായി KSRTC

സംസ്ഥാനത്തുടനീളം 100 വനിതകൾ മാത്രമുള്ള ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: വനിതാ ദിനത്തോട് (Women's Day) അനുബന്ധിച്ച് ഇന്ന് മുതൽ 13 വരെ കെഎസ്ആർടിസി (KSRTC) ബജറ്റ് ടൂർസ് വനിതാ യാത്രാ വാരമായി ആഘോഷിക്കും. സംസ്ഥാനത്തുടനീളം വനിതകൾക്ക് മാത്രമായുള്ള വിനോദയാത്രകളാണ് പദ്ധതിയിലുള്ളത്. വനിതാ യാത്രാ വാരത്തിന്റെ ആദ്യ ട്രിപ്പ് നവകേരള മിഷൻ കോ-ഓർഡിനേറ്റർ ടി എൻ സീമ രാവിലെ ഫ്ലാഗ് ഓഫ് ചെയ്തു.

  മൺറോതുരുത്ത്, സാബ്രാണിക്കോടി, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങളിലേക്ക് നിംസ് മെഡിസിറ്റി വനിതാ ജീവനക്കാർക്കുള്ള ട്രിപ്പാണ് ഇതിൽ ആദ്യത്തേത്. കോട്ടയം നവജീവൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട്ടിലെ വനിതാ അന്തേവാസികൾക്കായി വാഗമണ്ണിലേക്ക് സ്നേഹ സാന്ത്വന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 100 വനിതകൾ മാത്രമുള്ള ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി വണ്ടർലായുമായി സഹകരിച്ച് 20 ട്രിപ്പുകൾ നടത്തും.

  താമരശ്ശേരി യൂണിറ്റിൽ നിന്ന് മാത്രം 16 വനിതാ വിനോദയാത്രകളാണ് നടത്തുന്നത്. തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് തീരദേശ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് നാല് ദിവസം നീണ്ടുനിൽക്കുന്ന തിരുവനന്തപുരം - കോഴിക്കോട് യാത്ര നടത്തും. വനിതകൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും വിനോദയാത്രകൾ നടത്താമെന്ന സന്ദേശമാണ് വനിതാ യാത്രാവാരത്തിലൂടെ കെഎസ്ആർടിസി ബജറ്റ് ടൂർസ് മുന്നോട്ടുവെക്കുന്നത്.

  Women's Day | വനിതാ ദിനം: കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, നഗരത്തിൽ സൗജന്യ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം

  ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും അന്താരാഷ്ട്ര വനിത ദിനമായ (International Women's Day) മാര്‍ച്ച് 8, ചൊവ്വാഴ്ച കൊച്ചി മെട്രോയില്‍ (Kochi Metro) തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതു സ്റ്റേഷനുകളില്‍ നിന്ന് ഏതു സ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളാണ് സഘടിപ്പിച്ചിരിക്കുന്നു.

  Also read- Women’s Day 2022: സ്ത്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ച് ദക്ഷിണേന്ത്യൻ സിനിമകൾ

  ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ രാവിലെ 10.30 ന് മെന്‍സ്ട്രുവല്‍ കപ്പ് ബോധവല്‍ക്കരണ പരിപാടിയും സൗജന്യ വിതരണവും ഉണ്ടാകും. എച്ച്.എല്‍.എല്‍., ഐ.ഒ.സി.എല്‍., കൊച്ചി മെട്രോ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യ വിതരണം ഇടപ്പള്ളി, എം.ജി. റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളില്‍ ഉണ്ടാകും.

  ഉച്ചയ്ക്ക് ശേഷം 2.30 ന് പത്തടിപ്പാലത്തുനിന്ന് ജെ.എല്‍.എന്‍. സ്റ്റേഷനിലേക്ക് 'ബ്രേക്ക് ദി ബയാസ്' വിമെന്‍ സൈക്ലത്തോണ്‍ നടക്കും. വൈകിട്ട് 4.30 ന് കലൂര്‍ സ്റ്റേഷനില്‍ ഫ്‌ളാഷ് മോബും ഫാഷന്‍ ഷോയും, മൂന്ന് മണി മുതല്‍ ആലുവ സ്റ്റേഷനില്‍ സംഗീത വിരുന്നും മോഹിനിയാട്ടവും, നാല് മണി മുതല്‍ ഇടപ്പള്ളി സ്റ്റേഷനിലും 5.30 മുതല്‍ ആലുവ സ്റ്റേഷനിലും കളരിപ്പയറ്റ്, 4.30 ന് ഏറ്റവും കൂടുതല്‍ മെട്രോ യാത്ര നടത്തിയ വനിതയ്ക്കുള്ള സമ്മാനവിതരണം എന്നിവയുണ്ടാകും.

  അഞ്ച് മണിക്ക് കടവന്ത്ര സ്റ്റേഷനില്‍ എസ്.ബി.ഒ.എ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന തെരുവ് നാടകവും നൃത്താവതരണവും നടക്കും. 5.30 ന് ജോസ് ജംഗ്ഷനില്‍ കൊച്ചി മെട്രോയുടെ ആഭിമുഖ്യത്തില്‍ വനിതാദിന സാംസ്‌കാരിക പരിപാടി, ക്യൂട്ട് ബേബി ഗേള്‍ മല്‍സരം, മ്യൂസിക്കല്‍ ചെയര്‍ മല്‍സരം, സെന്റ് തെരേസാസ് കോളെജ് വിദ്യാര്‍ത്ഥിനികളുടെ മ്യൂസിക് ബാന്‍ഡ്, രാവിലെ 10.30ന് കെഎംആര്‍എല്‍ വനിത ജീവനക്കാര്‍ക്കായി ആയുര്‍വേദ ചികില്‍സാവിധികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് എന്നിവയും പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  Published by:Naveen
  First published: