വിദ്യാഭ്യാസം എട്ടാംക്ലാസ് മാത്രം കൈമുതലായുള്ള ഇന്നസെന്റ് സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു? ഒന്നാമത്തെ ഉത്തരം രാഷ്ട്രീയക്കാരൻ എന്നായിരിക്കും. ചുവന്നകൊടിക്ക് കീഴിൽ സിനിമാ നടനെന്ന ലേബലിൽ മാത്രം നടന്നു കയറിയ വ്യക്തിത്വം ആയിരുന്നില്ല ഇന്നസെന്‍റിന്‍റേത്. മരണം വരെ കമ്മ്യൂണിസ്റ്റായിരിക്കുമെന്ന് തുറന്നു പറഞ്ഞിട്ടുണ്ട് ഇന്നസെന്റ് എന്ന രാഷ്ട്രീയക്കാരൻ.
അപ്പന്റെ പാത പിന്തുടർന്ന ഇന്നസെന്റ് തനിക്കും അങ്ങനെ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ നേരിട്ട് പാർട്ടി ഭാരവാഹിയാകണമെന്ന ആഗ്രഹം നടക്കാതെ വന്നപ്പോൾ ആർ.എസ്.പിയിൽ ചേർന്ന കഥ ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. 1970 ൽ ആർ.എസ്.പി തൃശൂർ ജില്ലാ പ്രസിഡന്റായി. അതിനിടെയാണ് സിനിമയിലേക്ക് ഇന്നസെന്‍റ് ചുവടുമാറിയത്. അന്നത്തെ മുന്നണി സംവിധാനം കണക്കിലെടുത്താൽ സജീവരാഷ്ട്രീയത്തിൽ തുടർന്നിരുന്നെങ്കിൽ ഇന്നസെന്‍റ് ഒരുപക്ഷേ നിയമസഭയിലേക്കും മന്ത്രിസഭയിലേക്കുമൊക്കെ എത്താനുള്ള സാധ്യത ഏറെയായിരുന്നു. 1979ൽ ഇരിങ്ങലക്കുട മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ആർ.എസ്.പിയിൽ നിന്ന് പിന്നീട് ഇന്നസെന്റിനെ പുറത്താക്കുകയായിരുന്നു.
ഇടത് പക്ഷത്തിനൊപ്പം സഹയാത്രികനായി തുടർന്ന ഇന്നസെന്‍റിന്‍റെ പേര് പല തെരഞ്ഞെടുപ്പുകളിലും ഉയർന്നു കേട്ടിരുന്നു. ഇരിഞ്ഞാലക്കുടയിലെ പഴയ നഗരസഭാ കൌൺസലറിൽ ഇടതുപക്ഷം പലവട്ടം നിയമസഭ സ്ഥാനാർഥിയെയും ലോക് സഭ സ്ഥാനാർഥിയെയും കണ്ടിരുന്നു. എന്നാൽ സിനിമയിലുളള താരത്തിന്റെ തിരക്ക് കാരണം മാറി നിന്നു. 2006 ൽ നിയമസഭയിലേക്ക് പരിഗണിച്ചെങ്കിലും മത്സരിച്ചില്ല.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഇന്നസെന്‍റിനെ മത്സര രംഗത്തിറക്കാൻ പലപ്പോഴും ശ്രമിച്ചതെന്നും ഒടുവിൽ സമ്മതിപ്പിച്ചതെന്നും അറിയണം. അങ്ങനെ 2014 ൽ ചാലക്കുടിയിലെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുകയായിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി ചാലക്കുടിയിൽ നിന്ന് മത്സരിച്ചു. കന്നിയങ്കത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി സി ചാക്കോയെ പരാജയപ്പെടുത്തി പാർലമെന്റിലെത്തി.
Also Read- ആ നിറചിരി മാഞ്ഞു; അനശ്വരനായ ഇന്നസെന്‍റ്
പിന്നീട് 2019 ൽ ചാലക്കുടിയിൽ നിന്ന് രണ്ടാമങ്കത്തിനിറങ്ങിയെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. ബെന്നി ബെഹനാനോടായിരുന്നു ഇന്നസെന്റിന്റെ തോൽവി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.