നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മകൾക്ക് ഭിന്നശേഷി ഐഡി കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ പതിച്ച്‌ കിട്ടിയത് 'ഭ്രാന്ത്' എന്ന്: അനുഭവം തുറന്നുപറഞ്ഞ് ജോര്‍ജ് പുല്ലാട്ട്

  മകൾക്ക് ഭിന്നശേഷി ഐഡി കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ പതിച്ച്‌ കിട്ടിയത് 'ഭ്രാന്ത്' എന്ന്: അനുഭവം തുറന്നുപറഞ്ഞ് ജോര്‍ജ് പുല്ലാട്ട്

  ‘സര്‍ക്കാര്‍ അറിയാത്ത നൊമ്പരങ്ങള്‍’ എന്ന തലക്കെട്ടിൽ ജോർജ് പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഭിന്നശേഷിക്കാരായ കുട്ടികളുള്ള പല മാതാപിതാക്കളുടെയും ആധിയാണ്.

  • Share this:
   തിരുവനന്തപുരം: ഭിന്നശേഷികാരിയായ മകൾക്ക് ഐ ഡി കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ പതിച്ച്‌ കിട്ടിയത് കുട്ടിക്ക് 'ഭ്രാന്ത്' എന്ന്. ലഭിച്ച കാർഡിൽ തലതിരിഞ്ഞ വർഷങ്ങളാണ് വാലിഡിറ്റിയായി ചേർത്തിരിക്കുന്നത്. കാർഡിലാകട്ടെ ഒപ്പും പേരുമില്ല. കസ്റ്റംസ് സൂപ്രണ്ടും അധ്യാപകനും എഴുത്തുകാരനുമായ ജോര്‍ജ് പുല്ലാട്ട് ആണ് തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞത്. ‘സര്‍ക്കാര്‍ അറിയാത്ത നൊമ്പരങ്ങള്‍’ എന്ന തലക്കെട്ടിൽ ജോർജ് പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഭിന്നശേഷിക്കാരായ കുട്ടികളുള്ള പല മാതാപിതാക്കളുടെയും ആധിയാണ്.

   കുറിപ്പിന്റെ പൂർണരൂപം

   സർക്കാർ അറിയാത്ത നൊമ്പരങ്ങൾ

   ജോർജ് പുല്ലാട്ട്

   "ഇപ്പോൾ നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?"
   'ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ മോൾ മരിച്ചു കണ്ടാൽ മതി "
   "അതെന്തുകൊണ്ട്?
   " ഞാനില്ലാത്ത ഒരു ഭൂമിയിൽ എന്റെ കുഞ്ഞ് കഷ്ടപ്പെടുന്നത് എനിക്ക് ഓർക്കാൻ വയ്യ സാർ ".
   ഒരു അഭിമുഖത്തിൽ കേരളത്തിലെ ഒരു വീട്ടമ്മ പറഞ്ഞ ഉത്തരമാണിത്. ഒത്തിരി ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ഒരു പെൺകുട്ടിയുടെ അമ്മ. ഇതു പറഞ്ഞിട്ട് അവർ പൊട്ടിക്കരഞ്ഞു.
   സമൂഹത്തിൽ ഒരുകൂട്ടം ആളുകളെ മന്ദബുദ്ധികളെന്നും വികലാംഗരെന്നുമൊക്കെയാണ് കുറച്ചുകാലം മുൻപ് വരെ വിളിച്ചിരുന്നത്. അതു കുറച്ചെങ്കിലും പരസ്യമായ പ്രയോഗമായിരുന്നു. എന്നാൽ സ്വകാര്യമായി വിളിക്കാൻ ആളുകൾ ഉപയോഗിച്ചിരുന്ന മറ്റു കുറേ വാക്കുകൾ ഇവിടെ എഴുതാൻ എന്റെ മനസ് സമ്മതിക്കുന്നില്ല. നിങ്ങളുടെ നാവിൽ മനസ്സിൽ അതു വന്നു കാണും .

   സമൂഹത്തിന്റെ മുഖ്യധാരയിൽ പെടാൻ യോഗ്യതയില്ലാത്തവർ എന്നപോലെ അവഗണിക്കപ്പെട്ടിരുന്ന നിസ്സഹായരുടെ, പാവങ്ങളുടെ ഒരു വലിയ ഗണം. സ്വന്തം കുടുബത്തിൽ പോലും തിരസ്കൃതർ ആകുന്നവരുമുണ്ട്.
   എന്നാൽ സമീപകാലത്ത്, ആഗോള തലത്തിൽത്തന്നെ കുറച്ചു ഭേദപ്പെട്ട വാക്കുകൾ ഉപയോഗത്തിൽ വന്നു. അതു മലയാളത്തിലും വന്നു. 'ഭിന്ന ശേഷിക്കാർ'.
   Disabled എന്നതിന് പകരം differently abled എന്നായി. അങ്ങനെയുള്ളവർക്കായി സർക്കാർ തലത്തിൽ കുറച്ചൊക്കെ പദ്ധതികളും ഇളവുകളും ആനുകൂല്യങ്ങളും വന്നു. സ്കോളർഷിപ്പ്, ചികിത്സാ സഹായം തുടങ്ങി കുറച്ചൊക്കെ നടക്കുന്നുമുണ്ട് എന്ന് അംഗീകരിച്ചുകൊണ്ട് തന്നെ എന്റെ രണ്ട് അനുഭവങ്ങൾ സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിലെത്തുമെന്ന പ്രതീക്ഷയോടെ ഇവിടെ കുറിക്കുകയാണ്.

   26 വർഷം മുൻപ് ദൈവം ഞങ്ങൾക്കൊരു സമ്മാനം തന്നു. നാലാമതൊരു കുട്ടി. അവൾക്ക് ജ്യോതികയെന്നു പേരിട്ടു . അവൾ ഞങ്ങളുടെ മറ്റ് മൂന്നു മക്കളെപ്പോലെയല്ല എന്ന് അവൾക്ക് ഒരു വയസാകും മുൻപേ ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു . പിന്നെ പരിശോധനകളും ചികിത്സകളുമായി . അതിനായി കൊച്ചിയിലും ബാംഗ്ലൂരിലും ഡൽഹിയിലും കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥലങ്ങളിലൊക്കെ ഞങ്ങൾ ജ്യോതികയെ കൊണ്ടുപോയി. പരിശോധനയിൽ( ബൗദ്ധികശേഷി ) IQ 50 എന്നു കണ്ടു.
   അഞ്ചു വയസോടെ ഒരു വ്യക്തിയുടെ തലച്ചോറിന്റെ വളർച്ച പൂർണ്ണമാകുമെന്നും അപൂർവം ചിലപ്പോൾ 18 വയസ് വരെ മാറ്റം കണ്ടേക്കാമെന്നും ഡോക്ടർമാർ പറഞ്ഞും വായിച്ചും മറ്റും ഞങ്ങൾ മനസിലാക്കി.

   ഇപ്പോൾ അവൾക്ക് 26 വയസിനുള്ള ശാരീരിക വളർച്ചയുണ്ട്. ശരീരം കൊണ്ട് അവൾ ഒരു യുവതിയാണ്, മനസുകൊണ്ട് ഒരു കുഞ്ഞാണ്. അഞ്ചു വയസ്സിന്റെ ബുദ്ധിയും പക്വതയുമേയുള്ളു. അങ്ങനെയൊരു പരിമിതി അവൾക്കുണ്ടെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും തോന്നില്ല. അവളുമായി രണ്ടു മിനിറ്റ് ഇടപെടുമ്പോൾ മനസ്സിലാവുകയും ചെയ്യും.

   ഇങ്ങനെയുള്ള വ്യക്തികൾക്ക് സർക്കാർ ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ, അതു ലഭ്യമാക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. അതവളുടെ അവകാശമാണ്.
   കൊച്ചി കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന ഒരു ക്യാമ്പിലാണ് ആദ്യമായി അവൾക്കു വേണ്ടി അത്തരം ഒരു ഐഡന്റിറ്റി കാർഡ് ഉണ്ടാക്കാൻ പോയത് . അതൊരു വലിയ ചടങ്ങായിരുന്നു. ജ്യോതികയേക്കാൾ ബുദ്ധിമുട്ടനുഭവിക്കുന്ന അനേകം കുഞ്ഞുങ്ങളെയും അവരുടെ മാതാ പിതാക്കളെയും ഞങ്ങൾ അവിടെ കണ്ടു. അവരനുഭവിക്കുന്ന സങ്കടങ്ങൾ ഞങ്ങളുടേതിനേക്കാൾ ഒത്തിരി അധികമാണെന്ന് ഞങ്ങൾ വേദനയോടെ കണ്ടു. എങ്കിലും കാർഡ് ഉണ്ടാക്കാനുള്ള കടമ്പകൾ പൂർത്തിയാക്കണമല്ലോ. പലവട്ടം വരി നിന്ന് പലരുടെ പരിശോധനയ്ക്ക് ശേഷം കാർഡ് ഉണ്ടാക്കി കിട്ടി.

   അഞ്ചു വർഷത്തേക്കാ യിരുന്നു ആ കാർഡ്. valid for five years. അതു കഴിഞ്ഞപ്പോൾ രണ്ടാമതൊരു കാർഡ് ഉണ്ടാക്കാൻ ഫോർട്ട്‌ കൊച്ചിയിൽ വീണ്ടുമൊരു ക്യാമ്പ്. ചടങ്ങുകളൊക്കെ അതു തന്നെ. തീരെ വയ്യാത്തവരും അക്രമാസ ക്തരാകുന്നവരും എപ്പോഴും കരയുന്നവരുമൊക്കെയായി അനേകർ അവിടെയുണ്ട്. ചടങ്ങ് ഒന്നുതന്നെ. അന്നും കിട്ടി അഞ്ചു വർഷം വാലിഡിറ്റിയുള്ള കാർഡ്. പ്രായം കൂടി വരുന്ന മാതാപിതാക്കൾ ഇത്രയും ബുദ്ധിമുട്ടുകളനുഭവിക്കുന്ന മക്കളുമായി, ഓരോ അഞ്ചു വർഷത്തിലും ഇങ്ങനെ വീണ്ടും കഷ്ടപ്പെടണം എന്നാണ് സർക്കാർ നയം. ആയുഷ്കാലം മുഴുവൻ നിലനിൽക്കുമെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്ന ബൗദ്ധിക ശാരീരിക വെല്ലുവിളികൾ അനുഭവിക്കുന്നവർക്ക് കൊടുക്കുന്ന കാർഡ് എന്തിനാണ് അഞ്ചു വർഷത്തേയ്ക്ക് മാത്രം സാധുതയുള്ളതാക്കുന്നത്? അഞ്ചു വയസിനപ്പുറം ബുദ്ധി വളരില്ല, ഇല്ലാത്ത കൈ ഒരിക്കലും മുളയ്ക്കില്ല, എന്നൊക്കെ വൈദ്യശാസ്ത്രം പറയുമ്പോൾ, അയാൾക്ക് കൊടുക്കുന്ന കാർഡ് അഞ്ചു വർഷത്തേയ്ക്ക് മാത്രം പരിമിതപ്പെടുത്തുന്നത് , അതിനിടെ ആ തലച്ചോർ വളരുമെന്നും സാധാരണ നിലയിലോ അതിലും മികച്ചതോ ആയിത്തീരുമെന്നും സർക്കാർ വിചാരിക്കുന്നത് കൊണ്ടാകുമല്ലോ. അയാൾക്ക് ഇല്ലാത്ത കൈ പിന്നീട് മുളച്ചു വരുമെന്നും ആനുകൂല്യം കൊടുക്കുന്നത് നഷ്ടമാകുമെന്നും അധികൃതർ സംശയിക്കുന്നതു കൊണ്ടായിരിക്കുമല്ലോ.

   ജ്യോതികയ്ക്കായി ഉണ്ടാക്കി കിട്ടിയ "UNIQUE DISABILITY CARD" ആണ് ഇവിടെ കാണുന്നത്. സർക്കാരിന്റെ ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് 2018 ൽ ഒരു ക്യാമ്പിൽ പോയിട്ടാണ് അതിന്റെ ചടങ്ങുകൾ പൂർത്തിയാക്കിയത്. പിന്നീടാണ് അത്ഭുതങ്ങൾ സംഭവിക്കുന്നത് .
   2019 ഒടുവിൽ ഈ കാർഡ് അയച്ചു കിട്ടി. ഇതിലെ വിശേഷങ്ങൾ ഇങ്ങനെയൊക്കെയാണ്..GOVERNMENT OF INDIA തന്നിരിക്കുന്ന ഈ കാർഡ് നോക്കണേ.
   1.. 17/07/2019 ൽ തയ്യാറാക്കിയ കാർഡിന് 14/11/2016 വരെ വാലിഡിറ്റി ഉണ്ട്. അതേ 2019 മുതൽ 2016 വരെ സാധുത.!!!
   2..Diasbility Type..
   Mental illness.
   mental illness എന്നു വെച്ചാൽ മനോരോഗം എന്നാണല്ലോ. അഥവാ നാടൻ ഭാഷയിൽ "ഭ്രാന്ത് ".. എന്റെ മകളുടെ പ്രശ്നം മനോരോഗമാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ഒരു മനോരോഗിയല്ല.. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള, കേരള സർക്കാരിന്റെ കീഴിലുള്ള ഒരു ജില്ലാ മെഡിക്കൽ ഓഫീസറാണ്. ബൗദ്ധിക നിലവാരം കുറഞ്ഞിരുന്നാൽ അതിനെ " മനോരോഗം' എന്നാണോ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും രേഖകളിൽ അധികൃതർ അടയാളപ്പെടുത്തുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്.
   3. Jyothika George എന്ന് ഇംഗ്ലീഷിൽ എഴുതിയ പേര് മലയാളമായപ്പോൾ "ജ്യോതിക ജോര്&zwj:ജ് " എന്ന് വളരെ വിഷമിച്ച് അടിച്ചു കേറ്റിയിട്ടുണ്ട്.. ആ ജാഗ്രതയെ നമിക്കാതെ വയ്യ.
   4. ജനിച്ച വർഷം 1995 എന്നു കാണിച്ചിട്ടുണ്ട്. പക്ഷേ സാധാരണ തിരിച്ചറിയൽ രേഖകളിൽ ചേർക്കുന്നതു പോലെ ഇതിൽ ജനനതീയതി ഇല്ല. ഈ "മനോരോഗിക്ക് " ജനന തീയതി പ്രസക്തമല്ല എന്നു കരുതുന്നുണ്ടോ ആവോ!
   5. ' ISSUING AUTHORITY SIGN' എന്ന് അടിച്ചിരിക്കുന്നിടത്ത് ഒരു മുദ്രയുണ്ട്. ഒപ്പില്ല, പേരില്ല, മുദ്രയിലെ അക്ഷരങ്ങൾ വായിച്ചെടുക്കാൻ എളുപ്പമല്ല.

   ഈ കാർഡുമായി ഒരിടത്ത് ചെന്നാൽ ഇതു വ്യാജ കാർഡ് ആണെന്ന് ഇതു തന്നവർ പോലും ആക്ഷേപിക്കും. തരുന്ന ആളുടെ ഒപ്പും പേരുമില്ലാത്ത ഒരു രേഖ എങ്ങനെ ആധികാരികമാകും?
   ഭിന്നശേഷിക്കാർക്ക് ഇങ്ങനെയൊരു കാർഡ്‌ അയക്കുമ്പോൾ അതിലെ വിവരങ്ങൾ ഒന്ന് ഓടിച്ചു നോക്കുക പോലും ചെയ്യാതെ, ഒപ്പിടാതെ, ചുമ്മാ മുദ്ര കുത്തി വിടുന്ന വകുപ്പിനെയും നമ്മൾ ആരോഗ്യ ക്ഷേമ വകുപ്പ് എന്നൊക്കെ വിളിക്കണം.! ഇത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്ക് മനോരോഗമുണ്ടോ എന്ന് പരിശോധിക്കണം.
   6. ഇതിനോടൊപ്പം ഒരു കത്തുണ്ട്. അതിൽ ഇങ്ങനെയൊരു വാക്യമുണ്ട്.. YOUR UDID CARD (UNIQUE DISABILITY IDENTITY CARD എന്നർത്ഥം ) HAS BEEN SUCCESSFULLY GENERATED. "വിജയകരമായി സൃഷ്ടിച്ച "കാർഡിലെ ചില വിശേഷങ്ങളാണ് മുകളിൽ കുറിച്ചത്.
   തീർന്നില്ല.

   7. ഇതു തന്നിരിക്കുന്നത് ഏതെങ്കിലുമൊരു കള്ളക്കമ്പനിയല്ല. DEPARTMENT FOR EMPOWERMENT OF PERSONS WITH DISABILITIES, MINISTRY OF SOCIAL JUSTICE & EMPOWERMENT, GOVERNMENT OF INDIA ആണ്. ശാക്തീകരണം എന്നത് വലിയ സംഗതിയാണ്. പക്ഷേ അതിലൊരു ഒപ്പില്ല, ഫോൺ നമ്പറില്ല. സർക്കാരും വ്യാജ രേഖകൾ കൊടുത്തു തുടങ്ങിയിട്ടുണ്ടോ എന്നൊരാൾക്ക് സംശയം തോന്നിയാൽ കുറ്റപ്പെടുത്താൻ പറ്റുമോ?
   അയ്യോ കുറ്റം പറയരുത്. ഇമെയിൽ വിലാസമുണ്ട് കേട്ടോ . എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതിൽ ബന്ധപ്പെടാൻ നിർദേശിച്ചിട്ടുണ്ട്. അതൊരു നല്ല കാര്യമാണ് .

   ഇന്ത്യയിലെ നിരക്ഷരരും നിസ്സഹായരും ദാരിദ്രരുമായ ആളുകൾ വാർത്താവിനിമയത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇമെയിൽ ആണെന്ന്, സർക്കാരിനറിയാം.!! സന്തോഷം. എനിക്കറിയില്ലായിരുന്നു.   ഇനി എന്നോട് വരുന്ന ചോദ്യങ്ങൾ, വരാൻ പോകുന്ന നടപടികൾ,

   1. ഇതു കിട്ടിയപ്പോൾ നിങ്ങൾക്കുള്ള പരാതി ഇമെയിൽ വഴി അറിയിച്ചോ.?
   ഉത്തരം..അറിയിച്ചില്ല. അങ്ങനെ അറിയിച്ചാലുടനെ പരിഹാരം കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായില്ല. ഇമെയിൽ എന്താണെന്നു പോലും അറിയാത്ത കോടിക്കണക്കിനു ജനങ്ങളുടെ പ്രകടിപ്പിക്കാത്ത പ്രതിഷേധമായി അത് വേണ്ടെന്നു വെച്ചു. ഇത്രയും ചെറിയ കാര്യം പോലും വേണ്ടപോലെ ചെയ്യാത്തവരെ സമീപിച്ചിട്ട് കാര്യമില്ലെന്നും തോന്നി.
   2. തിരുത്തലിനു വേണ്ടി ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെട്ടോ?
   ഉത്തരം. എങ്ങനെ ബന്ധപ്പെടും ? കക്ഷി എവിടെയാണ്? അങ്ങേരുടെ ഫോൺ നമ്പർ എന്ത്? എവിടെയാണിരിപ്പ്? ഒന്നുമറിയില്ലല്ലോ. എങ്കിലും തപ്പിക്കിട്ടിയ ഫോൺ നമ്പറിൽ (0484 2360802.) ബന്ധപ്പെടാൻ പല വട്ടം ശ്രമിച്ചു. ഒരിക്കലും ആരെയും കിട്ടിയില്ല. പിന്നെ കോറോണയുടെ വരവോടെ ഇതിനായി ഓടിയുമില്ല.
   ഇനി ഒരു വിഷയം കൂടി..
   എന്റെ മകൾ ജെനിയുടെ ഒരു വയസുള്ള കുഞ്ഞിന് കുത്തിവെപ്പ് എടുക്കാൻ വേണ്ടി തുപ്പൂണിത്തുറ ഗവണ്മെന്റ് ആശുപത്രിയിൽ ഞാനും പോയി. ജെനിക്ക് പനിയുള്ള ദിവസം. ഓ പി ടിക്കറ്റ് എടുക്കണം. ക്യൂവിൽ കുറച്ചു പുറകിലായി കുഞ്ഞിനെയുമെടുത്തു ഞാൻ നിൽക്കുന്നു. "മുതിർന്ന പൗരന്മാർക്ക് ക്യു നിൽക്കേണ്ടതില്ല. ജില്ലാ കളക്ടർ "എന്ന ബോർഡ് അപ്പോഴാണ് ഞാൻ കണ്ടത്. ആ കിളിവാതിലിനു മുന്നിൽ ക്യുവില്ല . ഞാൻ അങ്ങോട്ട്‌ മാറി നിന്ന് കൗണ്ടറിലേക്ക് കയ്യും കണ്ണും നാക്കും നീട്ടി. അകത്തിരിക്കുന്നവർ എന്നെ നോക്കുന്നു പോലുമില്ല. പക്ഷേ ക്യുവിൽ ചിലർ പറഞ്ഞു, "എടേ ഇങ്ങോട്ട് നിൽക്ക്. ഞങ്ങളിവിടെ കുറേ നേരമായി നിൽക്കുന്നു." സീനിയർ സിറ്റിസൺ ബോർഡ് കാണിച്ച് ഞാൻ പറഞ്ഞു, "ഞാൻ ഈ കൂട്ടത്തിലാ "
   ഒരുത്തൻ പറഞ്ഞു, "തന്നെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ ' എന്നെക്കണ്ടിട്ട് വയസ്സനാണെന്ന് അയാൾക്ക് തോന്നിയാലേ എനിക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന ആ സൗകര്യം ഉപയോഗിക്കാൻ പറ്റുകയുള്ളു എന്ന്!അകത്തിരുന്നു പണിക്കൊപ്പം കൊഞ്ചിക്കുഴയുന്ന പെണ്ണിനോടും ചെക്കനോടുമായി ഞാൻപറഞ്ഞു "ഞാൻ സീനിയർ സിറ്റിസൺ ആണ്. എനിക്ക് ഓ പി ചീട്ട് വേണം " അവർ ക്യു നിൽക്കുന്നവരെ നോക്കി പറഞ്ഞു, "അവര് സമ്മതിക്കുകേല "
   കുഞ്ഞിനേയും പിടിച്ചു വളഞ്ഞു നിന്ന് ഞാൻ അവരോട് സംസാരിച്ചതൊന്നും അവർ കേട്ടതേയില്ല.
   കുറച്ചു മാറി നിന്ന് ഞാൻ ഗൂഗിളിൽ നിന്ന് എറണാകുളം ജില്ലാ കളക്ടറുടെ നമ്പർ എടുത്തു വിളിച്ചു.
   കാര്യങ്ങൾ മുഴുവൻ കേൾക്കും മുൻപ് അവർ ഫോൺ കട്ട് ചെയ്തു..
   പിന്നെ ആരോഗ്യമന്ത്രി ശൈലജയുടെ നമ്പർ തപ്പി, വിളിച്ചു (9447982200).

   ഒരു പുരുഷ സ്വരം,"നിങ്ങടെ പ്രശ്നം എന്താ? "
   എന്റെ പ്രശ്നം ഞാൻ മുഴുവൻ പറയും മുൻപ് അയാൾ പറഞ്ഞു, "നിങ്ങൾ അവിടെ മെഡിക്കൽ ഓഫീസർക്ക് പരാതി കൊട് '
   എനിക്ക് മന്ത്രിയോട് മിണ്ടണം എന്നു ഞാൻ പറഞ്ഞു.
   അതു നടക്കില്ല എന്നയാൾ .
   'നിങ്ങൾ എന്തിനാണ് മന്ത്രിയുടെ നമ്പർ പരസ്യപ്പെടുത്തിയിരിക്കുന്നത്", എന്നു ഞാൻ. ഫോൺ കട്ട് ആയി ..
   മെഡിക്കൽ ഓഫീസറെ കാണാൻ ഓടി. അയാൾ സ്ഥലത്തില്ല. ഒടുവിൽ ക്യു നിന്ന് ഒരു മണിക്കൂർ കഴിഞ്ഞു കുഞ്ഞിന് കുത്തു കിട്ടി.

   മനസിനാകെ കിട്ടിയ കുത്തുമായി ഞാൻ മടങ്ങി.
   ഇതുപോലെ അനുഭവിക്കുന്ന പതിനായിരങ്ങൾ കേരളത്തിലുണ്ട്. ഇക്കഴിഞ്ഞ ദിവസം തുപ്പണിത്തുറ ഗവണ്മെന്റ് ആശുപത്രിയിൽ ഇതേ. IQ സർട്ടിഫിക്കറ്റ് കൊടുക്കാൻ ഒരു ഡോക്ടർ ഇരുപത് പേരിൽനിന്ന് ആയിരം രൂപ വീതം ഈടാക്കിയത് വാർത്ത ആയല്ലോ. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആ രോഗ്യമന്ത്രിയുടെ ബന്ധുക്കൾ അവരെ സമീപിച്ചെന്നും അറിയുന്നു.
   ജ്യോതികയുടെ കാർഡ്‌ ശരിയാക്കി തരാൻ എന്നെ ആരായിരിക്കും സമീപിക്കുക,? ഇത്രയൊക്കെ ക്ഷേമം ഉറപ്പാക്കുന്നവർക്ക് ജില്ലാ മെഡിക്കൽ ഓഫീസർക്കും മറ്റും, എന്തു പുരസ്‌കാരമായിരിക്കും കിട്ടുക?
   2016 വരെ വാലിഡിറ്റിയുള്ള കാർഡ്‌ ഞാൻ മുറുകെ പിടിച്ചിട്ടുണ്ട്.
   ജോർജ് പുല്ലാട്ട്
   18.12.21
   Published by:Rajesh V
   First published:
   )}