നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന ആ തീരം' കേരളത്തില്‍ എവിടെയാണെന്ന് അറിയുമോ? ശ്രദ്ധേയമായ കുറിപ്പ്

  'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന ആ തീരം' കേരളത്തില്‍ എവിടെയാണെന്ന് അറിയുമോ? ശ്രദ്ധേയമായ കുറിപ്പ്

  തിരക്കഥാകൃത്തും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ രാമാനന്ദ് ആ പാട്ടിനെ കുറിച്ചും അതിന്റെ പിറവിയെ കുറിച്ചും ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. വയലാര്‍ വര്‍ണിച്ച ആ തീരം ഏതാണെന്ന് എഴുതിയിരിക്കുകയാണ് രാമാനന്ദ്.

  വയലാർ രാമവർമ, ഒഎൻവി കുറുപ്പ്

  വയലാർ രാമവർമ, ഒഎൻവി കുറുപ്പ്

  • Share this:
   കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസ് മരിച്ച ദിവസം മലയാളികളുടെ ചുണ്ടിലൂടെ ഏറ്റവുമധികം ഒഴുകിയ പാട്ട് 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം.."ആയിരിക്കും. പി ടി ആഗ്രഹിച്ചതു പോലെ ആ പാട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു കേരളം അദ്ദേഹത്തിന് അന്ത്യയാത്ര ഒരുക്കിയത്. എന്നാല്‍ ഇപ്പോള്‍ തിരക്കഥാകൃത്തും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ രാമാനന്ദ് ആ പാട്ടിനെ കുറിച്ചും അതിന്റെ പിറവിയെ കുറിച്ചും ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. വയലാര്‍ വര്‍ണിച്ച ആ തീരം ഏതാണെന്ന് എഴുതിയിരിക്കുകയാണ് രാമാനന്ദ്.

   കുറിപ്പിന്റെ പൂർണ രൂപം

   ''തിരുവന്തപുരത്തു കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ പഠിക്കുന്ന സമയത്ത് അവിടുത്തെ ചരിത്രാദ്ധ്യാപകനായ ഫിലിപ്പ് സര്‍ പങ്കുവെച്ച ഒരു കഥയുണ്ട്.... ഒരു നാള്‍ സന്ധ്യ മയങ്ങി രാത്രിയാവുന്ന നേരത്തു കോവളം കൊട്ടാരത്തില്‍ ചില പ്രഗത്ഭര്‍ ഒത്തുകൂടിയിരുന്നു, ആരൊക്കെയോ ഉണ്ട്. അതില്‍ രണ്ടു പേരുകള്‍ എനിക്ക് മാത്രമല്ല സമസ്‌ത മലയാളത്തിനും പ്രിയപ്പെട്ട രണ്ടു പേരുകള്‍ ആണ്. രണ്ട് അനശ്വര കവികള്‍.

   മലയാള സാഹിത്യത്തെ കൈപിടിച്ച്‌ ചലച്ചിത്ര ഗാനശാഖയിലേക്കാനയിച്ച്‌ ഉയര്‍ന്ന ശൃംഖത്തില്‍ പ്രതിഷ്‌ഠിച്ച വയലാറും, ഒ എന്‍ വിയും. രാത്രിയുടെ മനോഹാരിതയും കടലിരമ്ബവും പൂര്‍ണ നിലാവും ഒപ്പം രണ്ടു ഗന്ധര്‍വന്മാരുടെ സാന്നിദ്ധ്യവും കൊണ്ട് എത്ര ധന്യമായിരുന്നിരിക്കും അവിടെ കൂടിയിരുന്നവര്‍ക്കാ രാത്രി.. ആ മനോഹരനിമിഷങ്ങള്‍ക്കു മാറ്റു കൂട്ടുവാന്‍ അവിടെ കൂടിയിരുന്നവര്‍ ആഗ്രഹിച്ചതില്‍ എന്ത് തെറ്റ്? അവരിലാരോ പറഞ്ഞു ഒ എന്‍ വി ഒരു കവിതയെഴുതി പാടണം...

   കവി തന്റെ സ്വകാര്യമായ സുഖമുള്ള ക്രിയാത്മക നോവനുഭവിച്ചു ജന്മം കൊടുക്കുന്ന കാവ്യപൈതലിനെ ആദ്യം കാണാന്‍ ഉള്ള ഒരു തരം വെമ്പല്‍ ആയിരുന്നിരിക്കും അവരെ കൊണ്ടങ്ങിനെ ചോദിപ്പിച്ചത്. എന്നാല്‍ ഒ എന്‍ വി നമ്രമായ ശിരസോടെ പറഞ്ഞു വയലാറുള്ളപ്പോള്‍ ഞാന്‍ എഴുതുകയോ....

   കല്‌പനയുടെ അതീത ലോകങ്ങള്‍ ഉപാസിക്കുന്ന കവികള്‍ക്ക് മുന്നില്‍ എഴുതാനുള്ള ചോദനയും സാമഗ്രിയും പ്രകൃതി തന്നെ എന്ന സത്യത്തെ പ്രകാശിപ്പിച്ചു കൊണ്ട് ചന്ദ്രബിംബം ഉദിച്ചു നിന്ന മാനത്തു ഒരു വെള്ളിടി വെട്ടി... ആ വിദ്യുത് പ്രവാഹം നേരെ സഞ്ചരിച്ചത് കാവ്യദേവതയുടെ കേളിനിലമായ വയലാറിന്റെ ഹൃദയത്തിലേക്കാണ്..

   ആ അനശ്വരകവി ചന്ദ്രപ്രഭ വീണു കിടക്കുന്ന കോവളം കടല്‍ത്തീരം നോക്കി കൊണ്ട് പാടി ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം.... വിണ്ണിലെ വെള്ളിടി ഇന്ദ്രധനുസിന്റെ പീലികൊഴിയലായി..... ഈ വരികളത്രയും എഴുതിയെടുത്തത് ഒ എന്‍ വി ആണെന്നു ഫിലിപ്പ് സര്‍ പറഞ്ഞത് ഓര്‍ക്കുന്നു...

   കവി പാടി കവി എഴുതിയെടുത്ത ഇങ്ങനെയുള്ള ഈ മനോഹര തീരത്തു ആരാണ് ഇനിയൊരു ജന്മം ആഗ്രഹിക്കാത്തത്? ആര്‍ക്കാണിവിടെ ജീവിച്ചു കൊതി തീര്‍ന്നത്? സമയമാകുന്ന രഥം ഉരുണ്ടുവന്നീ ഭൂമിയിലും മികച്ച ഏതു സ്വര്‍ഗത്തിലേക്കാണ് നമ്മെ കൊണ്ട്പോകുന്നത്? "
   Published by:Rajesh V
   First published: