• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ബസുകൾ കുട്ടികൾ അപമാനിക്കപ്പെടുന്ന പ്രധാന ഇടം; എത്ര മോശമായാണ് പെരുമാറുന്നത്'; ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

'ബസുകൾ കുട്ടികൾ അപമാനിക്കപ്പെടുന്ന പ്രധാന ഇടം; എത്ര മോശമായാണ് പെരുമാറുന്നത്'; ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

''നാം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ, സമൂഹത്തിലേക്ക് നാം തുറന്ന് വിടുന്ന നമ്മുടെ കുട്ടികൾ ഏതേതിടങ്ങളിൽ വെച്ചൊക്കെ അപമാനിക്കപ്പെടുന്നുണ്ടെന്ന്‌ . സംശയിക്കേണ്ട, അതിൽ പ്രധാനപ്പെട്ട ഒരിടം കേരളത്തിലെ ബസ്സാണ്. ദൈവമേ, എത്ര മോശമായിട്ടാണ് പല കണ്ടക്ടർമാരും കിളികളും അവരോട് പെരുമാറുന്നത്! ''

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കുട്ടികൾ പൊതമധ്യത്തിൽ അപമാനിക്കപ്പെടുന്ന പ്രധാന ഇടം ബസുകളാണെന്ന് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. എത്ര മോശമായിട്ടാണ് പല കണ്ടക്ടർമാരും കിളികളും അവരോട് പെരുമാറുന്നതെന്നും ഈ സമയം ഒരു യാത്രക്കാരനും ഇതിൽ ഇടപെടുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. ബസ് യാത്രക്കിടെ കണ്ട അനുഭവം തുറന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിഷയം ഫേസ്ബുക്കിൽ കുറിച്ചത്. കുട്ടികൾക്ക് മുതിർന്ന സമൂഹം നല്കുന്ന മാനസികമായ മുറിവുകൾ നാളെ അവർ മുതിരുമ്പോൾ നമുക്ക് തിരിച്ച് തരുമെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു എഴുത്തുകാരൻ.

  കുറിപ്പിന്റെ പൂർണരൂപം

  ഇന്ന് കാലത്ത് ബസിൽ ഒരു സംഭവമുണ്ടായി. വീട്ടിൽ നിന്ന് നമ്പീശൻ പടിയെത്തി സ്റ്റോപ്പിൽ നിന്ന് കുന്ദംകുളത്തേക്കുള്ള ബസിൽ കയറി. സീറ്റുകൾ മിക്കവയും കാലിയായിരുന്നു. എന്നിട്ടും ഞാനിരുന്നതിന്റെ മുന്നിലെ സീറ്റിനടുത്ത് ഒരു ചെറിയ കുട്ടി തന്റെ കനത്ത സ്കൂൾ ബാഗുമായി കമ്പിത്തൂണിൽ അള്ളിപ്പിടിച്ച് ഉലഞ്ഞാടി യാത്ര ചെയ്യുന്നു. മെലിഞ്ഞ് ദുർബലനായ ഒരു കുട്ടി.

  ഇരുന്നാൽ കണ്ടക്ടർ ചീത്ത പറയുമെന്ന ഭയമായിരുന്നു അവന്റെ കണ്ണ് നിറയെ.. ഞാനവനെ തോണ്ടി വിളിച്ച് സീറ്റ് കാലിയാണല്ലോ, ഇരിക്കു മോനേ, എന്ന് രണ്ട് തവണപറഞ്ഞു നോക്കി. എന്നെയും സീറ്റിനെയും മാറി മാറി നോക്കിയല്ലാതെ ഇരുന്നില്ല. അവൻ കനത്ത അറിവുകൾ കുത്തിനിറച്ച പുസ്തകഭാരവും, മൂടി വെച്ച ആത്മനിന്ദാ ഭാവവുമായി അതേ നില്പ് തുടർന്നു.. കണ്ടക്ടർ ടിക്കറ്റെടുക്കാൻ എന്റെയരികിൽ വന്നപ്പോൾ അവനോട് ഒന്നും ചോദിച്ചില്ല. എനിക്കപ്പോൾ മനസ്സിലായി. ഏറെ നേരമായി ആ കുട്ടി ഈ നിലയിൽ നിൽക്കാൻ തുടങ്ങിയിട്ടെന്ന്. അവനെ അങ്ങനെ നിൽക്കുവാൻ വിട്ടിരിക്കാണ് അയാളെന്ന് എനിക്ക് മനസ്സിലായി. കണ്ടക്ടറുടെ സാന്നിധ്യത്തിൽ ഞാൻ അവനോട് ഒരല്പം ശബ്ദം കൂട്ടി ഇരിക്കാൻ പറഞ്ഞു. അപ്പോൾ എവിടെ നിന്നോ കൈവന്ന ധൈര്യത്തിൽ അവൻ പെട്ടെന്ന് ഇരുന്നു.

  യാത്രയിൽ ആലോചിച്ചത് മുഴുവൻ കുഞ്ഞുങ്ങളുടെ അവകാശങ്ങളെ എത്ര ക്രൂരമായിട്ടാണ് ഈ കാലത്തിലും മുതിർന്നവർ ചവിട്ടിയരക്കുന്നതെന്നാണ്. ദീർഘകാലമായി കുട്ടികൾ വീടിനകത്താണ്. കോവിഡ് ഭയം പതിയെ അകലുകയാണ്.സ്കൂൾ തുറന്ന് വരികയാണ്. നമ്മുടെ കുട്ടികൾ പൊതുസമൂഹത്തിലേക്കിറങ്ങിക്കഴിഞ്ഞു. നാം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ, സമൂഹത്തിലേക്ക് നാം തുറന്ന് വിടുന്ന നമ്മുടെ കുട്ടികൾ ഏതേതിടങ്ങളിൽ വെച്ചൊക്കെ അപമാനിക്കപ്പെടുന്നുണ്ടെന്ന്‌ . സംശയിക്കേണ്ട, അതിൽ പ്രധാനപ്പെട്ട ഒരിടം കേരളത്തിലെ ബസ്സാണ്. ദൈവമേ, എത്ര മോശമായിട്ടാണ് പല കണ്ടക്ടർമാരും കിളികളും അവരോട് പെരുമാറുന്നത്! ഒരു യാത്രക്കാരൻ പോലും ഇതിലിടപെടുന്നത് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. സ്ക്കൂൾ കാലത്ത് അവർ അനുഭവിച്ചതിന്റെ ഒരു തരം 'പ്രതികാര കൈമാറ്റമാ'ണോ, അതോ ഇതൊക്കെ സ്വാഭാവികമാണ് എന്നാണോ ഈ 'മുതിർന്ന'വർഗ്ഗം ആലോചിക്കുന്നത്?

  Also Read- Say No to Bribery| അറസ്റ്റിലായ PCB കോട്ടയം ജില്ലാ ഓഫീസറുടെ ഫ്ളാറ്റിൽ നോട്ടുകെട്ടുകളുടെ കൂമ്പാരം; മൂന്നു ജില്ലകളിൽ വീട്

  ഇത്തരം സന്ദർഭങ്ങളിൽ കുട്ടികളുടെ മനസ്സിൽ ഉണ്ടാകാനിടയുള്ള സാമൂഹ്യ മുറിവുകളെപ്പറ്റി നാം ലവലേശം ചിന്തിക്കാറില്ല എന്നാണെന്റെ അനുഭവം. ഈ കുട്ടികളിൽ നമ്മുടെ മക്കളും പെടുമെന്ന ചിന്ത പോലും നമുക്കില്ല! സ്കൂൾ കുട്ടികളെ മാത്രം ബസ്സിലിരുത്തി പോകാവുന്ന സാഹചര്യം തീർച്ചയായും ബസ്സുടമകൾക്ക് ഉണ്ടാകില്ല. ഈ യാഥാർത്ഥ്യം കാണാതെയല്ല ഇത് പറയുന്നത്. കുട്ടികളുടെ അവകാശങ്ങളെ അപമാനിക്കാതെ തന്നെ ഇതിന് പരിഹാരം തേടേണ്ടതില്ലേ?. . അവരുടെ ആത്മാഭിമാനത്തെയോ അവകാശബോധത്തെയോ പരിക്കേല്പിക്കാതെ അവന്റെ ഉത്തരവാദിത്തത്തിലേക്ക് അതിനെ സന്നിവേശിപ്പിക്കപ്പെടേണ്ടതില്ലേ?

  കുട്ടികൾക്ക് മുതിർന്ന സമൂഹം നല്കുന്ന മാനസികമായ മുറിവുകൾ നാളെ അവർ മുതിരുമ്പോൾ നമുക്ക് തിരിച്ച് തരും. ഇക്കാര്യത്തിൽ ആർക്കും ഒരുസംശയവും വേണ്ട. അത് ഏത് തരം തിന്മയിലൂടെയായിരിക്കുമെന്നത് മാത്രം പ്രവചനാതീതമാണ്. ഇതൊക്കെ ആലോചിക്കാനുള്ള ബാധ്യത നമുക്കുണ്ട്. കാരണം, കുട്ടികളും കൂടി ചേർന്നതാണ് സമൂഹം. അവരാണ് വരും കാല യാഥാത്ഥ്യവും.

  പരിഷ്കൃത സമൂഹമെന്നാൽ കുറേ മുന്തിയ വാഹനങ്ങളും കെട്ടിടങ്ങളും കുളിച്ചുടുത്ത വിലപിടിപ്പുള്ള ഉടുപുടവകളും കുറേ ബി എ എം എ സർട്ടിഫിക്കറ്റുകളും മാത്രമല്ല. കുട്ടികൾ അനുഭവിക്കുന്ന മോശമായ സാമൂഹ്യ സാഹചര്യങ്ങൾ തുറന്നു പറയാനും അറിയാനും മാസത്തിൽ ഒരു പിരിയഡെങ്കിലും സ്കൂളുകളിൽ വേണം. അവരിൽ ഒരേ സമയം സാമൂഹ്യ പരമായ വിശ്വാസവും ഉത്തരവാദിത്തവും ഉണ്ടാവാൻ ഇത് സഹായിക്കും. കുറേ കാണാപാഠം പഠിച്ച് പരീക്ഷയ്‌ക്കെഴുതാനുള്ള ഒന്നല്ല സാമൂഹ്യപാഠം ക്ലാസുകൾ. കൺനിറയെ കണ്ട് എന്തൊക്കെയാണതെന്ന് എന്ത് കൊണ്ടാണതെന്ന് പഠിക്കാനും കുട്ടികളോടൊപ്പം വിശകലനം ചെയ്യാനും പരിഹാരമുണ്ടാക്കാനുമുള്ള വേദി കൂടിയാണത്. ഇപ്പോൾ അത് അങ്ങനെയല്ലെന്നുണ്ടെങ്കിൽ അങ്ങനെയാക്കി പരിവർത്തിപ്പിച്ചെടുക്കേണ്ടത്. വിശിഷ്യാ, നമ്മുടെ പൊതു വിദ്യാലയങ്ങൾ വളരെ നന്നായി പ്രവർത്തിക്കുന്ന ഈ കാലത്ത് അതെളുപ്പമാണെന്നാണ് ഇതെഴുതുന്ന ആളിന്റെ വിശ്വാസം. വീണ് പോകുന്നവരെ എഴുന്നേല്പിക്കുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം
  -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
  Published by:Rajesh V
  First published: