കൊച്ചി: രാഹുല്‍ ഗാന്ധി (Rahul Gandhi) അടക്കമുള്ള നേതാക്കളെ കോണ്‍ഗ്രസ് (congress) വേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി.പദ്മനാഭന് (T. Padmanabhan).കൊച്ചിയില്‍ ഡി.സി.സി ഒരുക്കിയ ലൈബ്രറിയുള്പ്പെടുന്ന സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കോണ്‍ഗ്രസ് മുക്തഭാരതെമന്ന ആശയവുമായി മുന്നോട്ടുപോവുകയാണ് കോണ്‍ഗ്രസിതര രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ അവര്‍ക്കൊന്നും കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനാവില്ല.അത് ചെയ്യാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രമാണ്. കോണ്‍ഗ്രസുകാര്‍ തന്നെയാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നത്. അട്ടയേപ്പോലെ ചിലര്‍ അധികാരത്തില്‍ പിടിച്ചിരിക്കുന്നു. അവര്‍ പാര്‍ട്ടിയെ നശിപ്പിയ്ക്കുകയാണ്.
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇനി അതിന്റെ ഒരു കുറവേ കോണ്‍ഗ്രസിനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന രാഹുല്‍ ഗാന്ധിയെയും ടി.പദ്മനാഭന് വിമര്‍ശിച്ചു.
അമേഠിയിലെ വിജയത്തിനുശേഷം രാഹുല്‍ ഗാന്ധിയെ പിന്നെ കണ്ടത് അഞ്ചുവര്‍ഷത്തിനുശേഷം വയനാട്ടിലാണ്. എന്നാല്‍ തോല്‍വിയ്ക്ക് ശേഷം സ്മൃതി ഇറാനി അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ ചിലവഴിച്ച് വിജയം നേടി. തനിയ്ക്ക് സ്മൃതി ഇറാനിയെ ഇഷ്ടമാണ്. 94 ാം വയസിലും താന്‍ കോണ്‍ഗ്രസുകാരനാണ് മരിക്കുമ്പോള്‍ മൂവര്‍ണ്ണക്കൊടി പൊതിച്ച് പൊതുശ്മശാനത്തില്‍ സംസ്കരിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read-
എറണാകുളം ഡിസിസി ഓഫീസിൽ ഇഎംഎസും നരേന്ദ്രമോദിയും; കോൺഗ്രസ് ഓഫീസിലെ പുസ്തകശാല
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ടി.പദ്മനാഭന്റെ വിമര്‍ശനങ്ങളെ തുറന്ന മനസോടെ സ്വീകരിയ്ക്കുന്നതായി ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വ്യക്തമാക്കി. വിമര്‍ശനങ്ങളോട് പാര്‍ട്ടിയ്ക്ക് വിരോധമില്ല. എന്നാല്‍ പാര്‍ട്ടി ചട്ടക്കൂടില്‍ ഒതുങ്ങി നിന്നാവണം വിമര്‍ശനം. ഗാന്ധിജിയിടെയും നെഹ്റുവിന്റയുമടക്കം ഓര്‍മ്മകള്‍ പോലും ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിയ്ക്കുന്നതെന്നും അദ്ദഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് യോഗത്തില്‍ അധ്യക്ഷനായി.
കേരളത്തില്‍ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുജനത്തിന് കൂടി ഉപയോഗിയ്ക്കാവുന്ന രീതിയില്‍ ലൈബ്രറി സജ്ജമാക്കിയിരിയ്ക്കുന്നത്. 25,000 പുസ്തങ്ങളുമായാണ് എറണാകുളം ഡിസിസി ഓഫീസിലെ പോള്‍ പി മാണി മെമ്മോറിയല്‍ ലൈബ്രറി. സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തില്‍ ഇനി തുറന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകും.
Also Read-
തിരുത്തൽവാദി നേതാക്കൾ നേതൃമാറ്റം ആവശ്യപ്പെടും; കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്
ഗാന്ധിയെയും നെഹ്റുവിനെയും ഇന്ദിരയെക്കുറിച്ചും മാത്രമല്ല ഇഎംഎസിനെക്കുറിച്ചും എകെജിയെക്കുറിച്ചും നരേന്ദ്ര മോദിയെക്കുറിച്ച് വരെ അറിയാം. രാഷ്ട്രീയത്തിപ്പുറം കഥകളും നോവലുകളും ജീവചരിത്രവും നിരൂപണങ്ങളുമെല്ലാമുണ്ട്. 25,000 പുസ്തകങ്ങളാണ് നിലവിലുള്ളത്. ഒരു വര്‍ഷത്തിനകം 50,000 പുസ്കങ്ങളാണ് ലക്ഷ്യം. ഒരു ഡിജിറ്റല്‍ ലൈബ്രറിയും വൈകാതെ തുടങ്ങും.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ലൈബ്രറിയുടെയും പഠന ഗവേഷണ കേന്ദ്രത്തിന്റെയും ആശയം മുന്നോട്ട് വെച്ചത്. പൊതുപരിപാടിയില്‍ പൂച്ചെണ്ടുകള്‍ക്ക് പകരം പുസ്തകങ്ങള്‍ നല്‍കണമെന്ന് ഷിയാസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. നാലായിരത്തോളം പുസ്തങ്ങളാണ് മുഹമ്മദ് ഷിയാസിന് മാത്രം ലഭിച്ചത്.
ജില്ലയിലെ കോണ്‍ഗ്രസിന്റെയും പോഷക സംഘടകളിലെ പ്രവര്‍ത്തകരും ഒപ്പം നിന്നു. സാഹിത്യ- സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും പ്രസാധകരുടെ പിന്തുണയുമുണ്ടായി. അങ്ങനെയാണ് വളരെ വേഗത്തില്‍ 250000 പുസ്തകങ്ങളിലേയ്ക്ക് എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.