• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election | 'അരുൺ കുമാറിന് വേണ്ടി ചുവരെഴുതിയത് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ': എം സ്വരാജ്

Thrikkakara By-Election | 'അരുൺ കുമാറിന് വേണ്ടി ചുവരെഴുതിയത് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ': എം സ്വരാജ്

അരുൺ കുമാർ സ്ഥാനാർഥിയാണെന്ന തരത്തിൽ ചാനലുകൾ വാർത്ത നൽകിയപ്പോൾ അത് ഔദ്യോഗിക തീരുമാനമാണെന്ന് കരുതിയാണ് പ്രവർത്തകർ ചുവരെഴുത്ത് തുടങ്ങിയതെന്നും എം സ്വരാജ്

M-Swaraj

M-Swaraj

  • Share this:
    കൊച്ചി: മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ അരുൺകുമാറിന് വേണ്ടി ചുവരെഴുതിയതെന്ന് സിപിഎം (CPM) നേതാവ് എം. സ്വരാജ് (M Swaraj). തൃക്കാകരയിൽ ഇതുവരെ ഇടതുമുന്നണി സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് എം സ്വരാജ് വ്യക്തമാക്കി. യുഡിഎഫ് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് തർക്കമില്ലാത്തതുകൊണ്ടല്ലെന്നും, തമ്മിലടി ഒഴിവാക്കാനാണെന്നും സ്വരാജ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുമ്പോഴാണ് എം സ്വരാജ് ഇക്കാര്യം പറഞ്ഞത്.

    യുഡിഎഫ് സ്ഥാനാർഥിയ്ക്കെതിരെ എഐസിസി അംഗം ഉൾപ്പടെയുള്ളവർ വ്യത്യസ്ത രീതിയിൽ പ്രതികരിച്ചുകൊണ്ട് പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞുവെന്നും എം സ്വരാജ് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകളെല്ലാം പൂർത്തിയായെന്നും തൊട്ടടുത്ത സമയത്ത് തന്നെ ഔപചാരികമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും സ്വരാജ് അറിയിച്ചു. തെരഞ്ഞെടുപ്പിനെ നേരിടാൻ എല്ലാ രീതിയിലും സംഘടന സജ്ജമായിയെന്നും അദ്ദേഹം വ്യക്തമാക്കി.

    സ്ഥാനാർഥിയെ നിർണയിക്കുന്നതിനുള്ള സംഘടനാ ചർച്ചകളിലേക്ക് കടക്കുന്നതിന് മുമ്പാണ് ചാനലുകളിൽ ഇടത് സ്ഥാനാർഥിയെ സംബന്ധിച്ച വാർത്തകൾ വന്നത്. ചാനലുകൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതാണ് കണ്ടത്. ചാനലുകളെ ആരോ പറ്റിച്ചുവെന്നാണ് തോന്നുന്നത്. സൂചനയെന്നോ സാധ്യതയെന്നോ പറയുന്നതിന് പകരം ആധികാരികമായി തീരുമാനിച്ചുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചതെന്നും എം സ്വരാജ് പറഞ്ഞു. ഇക്കാര്യത്തിൽ കേരളത്തിലെ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു.

    Also Read- Thrikkakara By-Election | 'വ്യക്തി ബന്ധം നോക്കാതെ സിൽവർലെെൻ ഉൾപ്പെടെയുള്ള വികസനത്തിന് വോട്ട് ചെയ്യണ൦'; കെ വി തോമസ്

    സ്ഥാനാർഥി തീരുമാനം വന്നാലുടൻ പ്രവർത്തനങ്ങൾക്ക് തയ്യാറായി ഇരിക്കുകയായിരുന്നു ഇടതുമുന്നണി പ്രവർത്തകരെന്ന് സ്വരാജ് പറഞ്ഞു. അരുൺ കുമാർ സ്ഥാനാർഥിയാണെന്ന തരത്തിൽ ചാനലുകൾ വാർത്ത നൽകിയപ്പോൾ അത് ഔദ്യോഗിക തീരുമാനമാണെന്ന് കരുതിയാണ് പ്രവർത്തകർ ചുവരെഴുത്ത് തുടങ്ങിയതെന്നും എം സ്വരാജ് പറഞ്ഞു. എന്നാൽ തീരുമാനം എടുത്തിട്ടില്ലെന്ന് അറിഞ്ഞപ്പോൾ പ്രവർത്തകർ, ചുവരെഴുത്തും മറ്റും നിർത്തിവെക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ ശരിയായ വാർത്തകൾ ലഭ്യമാക്കുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലുമാണ് ശ്രദ്ധിക്കേണ്ടതെന്നും സ്വരാജ് പറഞ്ഞു.

    തൃക്കാക്കരയിൽ അരുൺകുമാറിനായി എഴുതിയ ചുവരെഴുത്ത് CPM നീക്കം ചെയ്തു

    തൃക്കാക്കരയിൽ (Thrikkakara) സിപിഎം (CPM) ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുൺ കുമാർ ഇടത് മുന്നണി (LDF) സ്ഥാനാർത്ഥിയാകും എന്നാണ് നേരത്തെ പുറത്തുവന്ന വാർത്ത. സിഐടിയു ജില്ലാ കമ്മിറ്റിയംഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ് കെ എസ് അരുൺ കുമാര്‍. ഡി വൈ എഫ് ഐയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയായ അരുൺ കുമാർ ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധിയായി ജനങ്ങൾക്ക് സുപരിചിതനാണ്.

    സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപെ കെ എസ് അരുൺ കുമാറിനായി ചുവരെഴുത്തും മണ്ഡലത്തിൽ ആരംഭിച്ചിത് ചർച്ചയായി കഴിഞ്ഞു. തൃക്കാക്കര മണ്ഡലത്തിൻ്റെ ഭാഗമായ ആലിൻ ചൂവട്ടിലാണ് ചുവരെഴുത് പൂർത്തിയാക്കിയത്. പിന്നീട് എഴുതിയ ചുവരുകളുടെ ചിത്രങ്ങങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്ന്  പീന്നിട് സിപിഎം തന്നെ വെള്ള പെയിൻ്റടിച്ച് അരുൺ കുമാറിൻ്റെ പേര് നീക്കം ചെയ്തു.

    പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുൻപ് ചുവരെഴുതിയതിനെ കുറിച്ച് സി പി എം കീഴ് ഘടകത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

    തൃക്കാക്കര മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിടയിലാണ് ചുവരെഴുത്ത് തുടങ്ങിയത്. സ്ഥാനാർഥിയാരെന്ന് തീരുമാനമായില്ലെന്നാണ് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മന്ത്രി പി രാജീവും പറയുന്നത്. തങ്ങളുടെ പാർട്ടിയുടെ ഘടനയെ കുറിച്ച് നിങ്ങൾക്ക് അറിയില്ലെന്നും, മാധ്യമങ്ങളിൽ വരുന്ന വാർത്ത ശരിയല്ലെന്നുമായി ഇ പി ജയരാജൻ്റെ പ്രതീകരണം കെ എസ് അരുൺ കുമാർ ആണ് സ്ഥാനാർഥിയെന്ന മാധ്യമ വാർത്തകളോട് നേതാക്കൾ ഇങ്ങനെ പ്രതികരിക്കുമ്പോഴാണ് മണ്ഡലത്തിൽ അരുൺ കുമാറിനായി ചുവരെഴുത്ത് ആരംഭിച്ചത്.

    അനിശ്ചതത്വത്തെ തുടർന്ന് നിലവിൽ ചുവരെഴുത്ത് നിർത്തിവച്ചിരിക്കുകയാണ്. സ്ഥാനാർഥിയുടെ പേരും പാർട്ടി ചിഹ്നവും ഒപ്പം 'ഉറപ്പാണ് നൂറ്, ഉറപ്പാണ് തൃക്കാക്കര' എന്നും ചുവരെഴുത്തുകളിൽ കാണാം. സാധാരണഗതിയിൽ സി പി എമ്മിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് ചുവരുകൾ വെള്ളയടിച്ച് പാർട്ടി ചിഹ്നം വരയ്ക്കാറുണ്ടെങ്കിലും സ്ഥാനാർഥിയുടെ പേര് ചുവരെഴുത്തിൽ പ്രത്യക്ഷപ്പെടാറില്ല.
    Published by:Anuraj GR
    First published: